
ഉന്നതരുടെ സ്വാധീനത്തില്‍ അഭയകേസ് പ്രതികള്‍ക്ക് പരോള്‍; മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി, മഹത്തരമെന്ന് ജലീല്‍
തിരുവനന്തപുരം: അഭയ കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിക്കും അനുവദിച്ച പരോള്‍ റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കെ ടി ജലീല്‍. ചില ഉന്നതരുടെ സ്വാധീനത്താലാണ് ഇവര്‍ക്ക് പരോള്‍ ലഭിച്ചതെന്നും എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരോള്‍ റദ്ദ് ചെയ്യുകയായിരുന്നെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കന്യാസ്ത്രീയെ കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ അത്യന്തം ഹീനമായ കേസിലാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷ വിധിച്ചത്. കേസ് തേച്ചുമായ്ച്ച് കളയാന്‍ വന്‍ ഗൂഢാലോചനകളാണ് ഉദ്യോഗസ്ഥ തലത്തില്‍ മൂന്ന് പതിറ്റാണ്ടിനിടയില്‍ നടന്നത്. അതിനെയെല്ലാം അതിജീവിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍ നടത്തിയ ചരിത്രത്തിലെ തുല്ല്യതയില്ലാത്ത നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വന്‍ സ്വാധീനമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം...

അഭയ കേസിലെ ഒന്നാം പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കം എല്‍ഡിഎഫ് സര്‍ക്കാര്‍ തടഞ്ഞത് മഹത്തരം. 70 വയസ്സ് കഴിഞ്ഞ തടവുകാരെ ശിക്ഷാ കാലാവധിയില്‍ ഇളവ് നല്കി വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്ത 67 തടവുകാരില്‍ അഭയ കേസിലെ ഒന്നാം പ്രതിയും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഉറ്റ ബന്ധുവുമായ ഫാദര്‍ തോമസ് കോട്ടൂരിനെ ഉള്‍പ്പെടുത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം എല്ലാ അര്‍ത്ഥത്തിലും സ്വാഗതാര്‍ഹമാണ്.

ഇരട്ട ജീവപര്യന്തം (14 വര്‍ഷം) ശിക്ഷക്ക് വിധേയനായ ഫാദര്‍ കോട്ടൂര്‍ കേവലം ഒന്നര വര്‍ഷം മാത്രമാണ് ജയിലില്‍ കിടന്നത്. 'ചിലരുടെ' സ്വാധീനത്തില്‍ നേരത്തെ ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പരോള്‍ അനുവദിച്ചിരുന്നെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടയുടനെ പരോള്‍ റദ്ദ് ചെയ്ത് ഇരുവരെയും ജയിലിലേക്കയക്കുകയാണ് ഉണ്ടായത്.

ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള അവിഹിത ബന്ധം കാണാനിടയായ അഭയ എന്ന പാവം കന്യാസ്ത്രീയെ കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ അത്യന്തം ഹീനമായ കേസിലാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷ വിധിച്ചത്. കേസ് തേച്ചുമായ്ച്ച് കളയാന്‍ വന്‍ ഗൂഢാലോചനകളാണ് ഉദ്യോഗസ്ഥ തലത്തില്‍ മൂന്ന് പതിറ്റാണ്ടിനിടയില്‍ നടന്നത്. അതിനെയെല്ലാം അതിജീവിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍ നടത്തിയ ചരിത്രത്തിലെ തുല്ല്യതയില്ലാത്ത നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വന്‍ സ്വാധീനമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

സ്ത്രീകളെ കൊലപ്പെടുത്തി കോടതി ശിക്ഷിച്ച കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ ഒരു കാരണവശാലും ശിക്ഷാ ഇളവ് നല്‍കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിപ്ലവകരമായ തീരുമാനം എത്രമാത്രം സ്ത്രീപക്ഷത്ത് നില്ക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷ ഗവണ്മെന്റ് എന്ന് സുവ്യക്തമാക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച ഈ വാര്‍ത്ത പരമാവധി പ്രചരിപ്പിക്കപ്പെടണം. തന്റെ ഭാര്യാ സഹോദരീ ഭര്‍ത്താന്റെ സ്വന്തം ജേഷ്ഠനായ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനെ രക്ഷിക്കാന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് നടത്തിയ ഇടപെടലുകള്‍ നേരത്തെ വിവാദമായതാണ്.

അഭയ കേസിന്റെ A മുതല്‍ Z വരെ വിശകലനം ചെയ്യുന്ന ജോമോന്റെ ആത്മകഥ പല പകല്‍ മാന്യന്മാരുടെയും മുഖമൂടി വലിച്ച് ചീന്തും. ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകമാണ് 'ദൈവത്തിന്റെ സ്വന്തം വക്കീല്‍'. അഭയ കേസ് തുമ്പില്ലാതാക്കാന്‍ ഉദ്യോഗസ്ഥരും ചില സാമൂഹ്യ ദ്രോഹികളും നടത്തിയ ഞെട്ടിക്കുന്ന അട്ടിമറി ശ്രമങ്ങള്‍ മറയില്ലാതെ ജോമോന് തുറന്ന് പറയുന്നു. സത്യം പുറത്ത് കൊണ്ടുവരുന്നതില്‍ സൂര്യതേജസ്സായി നിലകൊണ്ട മറ്റു ചില ഉദ്യോഗസ്ഥരുടെ നന്മയാര്ന്ന മുഖവും 'ദൈവത്തിന്റെ സ്വന്തം വക്കീല്‍' ജനസമക്ഷം അവതരിപ്പിക്കുന്നു. നിയമ വിദ്യാര്‍ത്ഥികളുടെ 'വേദപുസ്തകം' എന്ന് ഈ ഗ്രന്ഥത്തെ നിസ്സംശയം വിശേഷിപ്പിക്കാം.
ദിലീപിനോട് ചാനലിന് പക, കാരണമുണ്ട്, തന്നെയും ചോദ്യം ചെയ്തു, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്