'ഭാര്യ ഇരിക്കുന്ന കസേര മറ്റൊരു അധ്യാപികക്ക് കിട്ടേണ്ടത്'; തനിക്ക് പങ്കില്ലെന്ന് കെടി ജലീല്‍
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ ആയിരുന്നു കഴിഞ്ഞ ദിവസം കെടി ജലീല്‍ എംഎല്‍എയുടെ പ്രതികരണങ്ങള്‍. അധികാര ദുര്‍വിനിയോഗം നടത്തിയില്ല എന്ന് കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഖുര്‍ആന്‍ പിടിച്ചു സത്യമിടുകയും ചെയ്തു. മക്കളുടെ വിവാഹത്തിന് ചെലവായ തുക ഭാര്യയില്‍ നിന്ന് കടം വാങ്ങിയതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കാര്‍ഡ് പങ്കുവച്ച് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിദ്ദിഖ് പന്താവൂര്‍ ഉന്നയിച്ച ആരോപണം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുയാണ്. കെടി ജലീലിന്റെ ഭാര്യ വിപി ഫാത്തിമകുട്ടി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിലായത് മറ്റൊരു അധ്യാപികയുടെ അവസരം നഷ്ടപ്പെടുത്തിയാണ് എന്നായിരുന്നു സിദ്ദിഖിന്റെ ആരോപണം.

വളാഞ്ചേരിയിലെ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പലാണ് കെടി ജലീലിന്റെ ഭാര്യ. ഈ പദവി ലഭിച്ചതില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് കെടി ജലീല്‍ കോണ്‍ഗ്രസ് നേതാവിന് മറുപടിയായി ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ്-ലീഗ് അനുഭാവികളായ സ്‌കൂള്‍ കമ്മിറ്റി അംഗങ്ങളോട് ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ജലീല്‍ പ്രതികരിച്ചു.
ഇതോടെ സിദ്ദിഖ് പന്താവൂര്‍ വീണ്ടും രംഗത്തുവന്നു. ഭാര്യയുടെ നിയമന കാര്യം രേഖകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. രേഖകള്‍ പുറത്തുവരുമ്പോള്‍ മനസിലാകും ആരായിരുന്നു ആ പദവിയുടെ യഥാര്‍ഥ അവകാശി എന്നും സിദ്ദിഖ് പ്രതികരിച്ചു. ഇതോടെ പുതിയ വിഷയം ചര്‍ച്ചയാകുകയാണ്. രണ്ടുപേരുടെയും പ്രതികരണത്തിന്റെ പൂര്‍ണ രൂപങ്ങള്‍ വായിക്കാം.
സിദ്ദിഖ് പന്താവൂര്‍ ആദ്യം കുറിച്ചത്: ''താന്‍ മന്ത്രിയായിരിക്കെ താങ്കളുടെ ഭാര്യക്ക് മറ്റൊരു അധ്യാപികയുടെ നിയമാനുസൃതം ലഭിക്കേണ്ട അവസരം നിഷേധിച്ച് സ്‌കൂള്‍ മാനേജ്മന്റ് നല്‍കിയ ഔദാര്യമായിരുന്നു ഇന്നും അങ്ങയുടെ ഭാര്യ വി പി ഫാത്തിമകുട്ടി ഇരിക്കുന്ന കസേര... ഇനി അത് അങ്ങിനെ അല്ലെങ്കില്‍ വേദ ഗ്രന്ഥം തൊട്ട് സത്യം പറയാനാകുമോ ജലീല്‍ സര്‍''
കെടി ജലീലിന്റെ മറുപടി പോസ്റ്റ്: ''വിശുദ്ധ ഖുര്‍ആന്‍ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നു: ''എന്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പലാക്കിയതില്‍ എനിക്കൊരു പങ്കുമില്ല. ഈ ഭൂമി ലോകത്ത് ഒരാളോടും ഞാന്‍ അതിനായി ശുപാര്‍ശ നടത്തിയിട്ടില്ല. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ ഭാര്യയുടെ നിയമനം അംഗീകരിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ സ്വാധീനിച്ചിട്ടില്ല'. കോണ്‍ഗ്രസ്-ലീഗ് അനുഭാവികളായ സ്‌കൂള്‍ കമ്മിറ്റിയിലെ അംഗങ്ങളായ മാന്യ വ്യക്തികളോട് ചോദിച്ചാല്‍ നിജസ്ഥിതി മനസ്സിലാക്കാം.''
സിദ്ദിഖ് പിന്നീട് നടത്തിയ പ്രതികരണം: ''പറയുന്നത് സത്യമാണെങ്കില്‍ വിശുദ്ധ ഗ്രന്ഥം തൊട്ട് ആയിരം വട്ടം സത്യം ചെയ്യേണ്ട ഒരു വട്ടം മതി.... അങ്ങേയുടെ കുട്ടികളിക്കുള്ളതല്ല വിശുദ്ധ ഗ്രന്ഥം എന്ന് കൂടി സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു.. ഇനി ഭാര്യയുടെ നിയമന കാര്യം രേഖകളുടേയും നിയമങ്ങളുടേയും അടിസ്ഥാനത്തില്‍ നമുക്ക് സംസാരിക്കാം... അപ്പോള്‍ മനസ്സിലാകും ആ പദവിയുടെ യഥാര്‍ത്ഥ അവകാശി ആരായിരുന്നു എന്ന്.. Wait and See''












Click it and Unblock the Notifications