കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സത്യസന്ധത പാലിച്ചില്ലെങ്കിൽ നരകം ഉറപ്പ്, കല്ലായാലും ശരി, മണ്ണായാലും ശരി', മുസ്ലീം ലീഗിനെതിരെ ജലീൽ

Google Oneindia Malayalam News

കോഴിക്കോട്: മട്ടന്നൂരിലെ ജുമാമസ്ജിദ് നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തില്‍ മുസ്ലീം ലീഗിനെതിരെ പ്രതികരിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. സമുദായത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേല്‍പ്പിക്കുന്നതാണ് സംഭവമെന്ന് കെടി ജലീല്‍ കുറ്റപ്പെടുത്തി. കോടികള്‍ തട്ടിയെന്ന കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായ അബ്ദുറഹ്‌മാന്‍ കല്ലായി അടക്കമുളളവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സര്‍ക്കാര്‍ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍; അനൂപിന് ഈ അവസ്ഥ വരില്ലായിരുന്നു; 25 കോടി നല്‍കണോസര്‍ക്കാര്‍ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍; അനൂപിന് ഈ അവസ്ഥ വരില്ലായിരുന്നു; 25 കോടി നല്‍കണോ

കെടി ജലീലിന്റെ കുറിപ്പ്|: ' കൊട്ടക്കണക്കല്ല ഇനംതിരിച്ച കണക്കാണ് വേണ്ടത്.
സാമ്പത്തിക ക്രയവിക്രയങ്ങളിൽ സത്യസന്ധത അതിൻ്റെ പൂർണ്ണാർത്ഥത്തിൽ പാലിക്കാൻ വിശ്വാസപരമായി ബാദ്ധ്യതപ്പെട്ടവരാണ് മുസ്ലിം സമുദായം. അല്ലാത്ത പക്ഷം എത്ര വലിയ ആചാരാനുഷ്ഠാനക്കാരനാണെങ്കിലും നരകം ഉറപ്പെന്നാണ് പ്രവാചകൻ ഉൽബോധിപ്പിച്ചത്. ഓരോ തലമുറ പിന്നിടുമ്പോഴും സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത കുറഞ്ഞവരായി സമൂഹം മാറുന്നുണ്ടോ എന്ന സന്ദേഹം വർധിപ്പിക്കുന്ന വാർത്തകളാണ് സമീപ കാലത്ത് പുറത്ത് വരുന്നത്. പിരിക്കുന്ന ഓരോ പൈസക്കും പടച്ചവനോട് മറുപടി പറയാൻ ബാദ്ധ്യസ്ഥരായവരിൽ നിന്ന് അതീവ കുറ്റകരമായ അനാസ്ഥ പ്രകടമാകുന്നത് ഭൂഷണമല്ല. സമുദായത്തിൻ്റെ വിശ്വാസ്യതക്ക് തന്നെ ഇത് കളങ്കമേൽപ്പിക്കും.

kt jaleel

പള്ളി ഉൾപ്പടെ മതസ്ഥാപനങ്ങളുടെ നേതൃനിരയിലെ പ്രമുഖരിൽ അധികവും രാഷ്ട്രീയ പാർട്ടികളുടെ മുൻപന്തിയിലുള്ളവരാണ്. ഭീമമായ സംഖ്യയാണ് സമുദായ സ്നേഹികൾ മതസ്ഥാപനങ്ങൾക്ക് സംഭാവന ചെയ്യുന്നത്. അതൊക്കെ കൃത്യതയോടെ ചെലവിടാൻ ചുമതലപ്പെട്ടവർ അക്കാര്യത്തിൽ അതീവ ലാഘവത്വം കാണിക്കുന്നത് നൂറ്റാണ്ടുകൾ പാപമോചനത്തിനർത്തിച്ചാലും പൊറുക്കപ്പെടാത്ത കുറ്റമാണ്. ബാങ്കിൽ പണം നിക്ഷേപിക്കുന്നത് നിഷിദ്ധമാണെന്ന 'ന്യായം' പറഞ്ഞ് പള്ളികളുടേതുൾപ്പടെ വലിയ തുക സ്വന്തം കയ്യിൽ സൂക്ഷിക്കുകയും സ്വന്തം ബിസിനസ്സിലേക്ക് വിനിയോഗിക്കുകയും ചെയ്യുന്ന പ്രവണത മുസ്ലിം സമുദായത്തിൽ വർധിച്ചു വരുന്നത് ഒരു നേരനുഭവമാണ്. മത സ്ഥാപനങ്ങളുടെ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കും രാഷ്ട്രീയ കാര്യങ്ങൾക്കും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതും നാട്ടിൽ ദിനേന നാം കാണുന്നുണ്ട്.

വിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവംവിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവം

ഒരു തൊഴിലോ വരുമാന മാർഗ്ഗങ്ങളോ ഇല്ലാത്തവർ പോലും ഏതെങ്കിലും ഒരു മതസ്ഥാപനത്തിൻ്റെ തലപ്പത്ത് വന്നാൽ ആർഭാഡ ജീവിതം നയിക്കുന്നത് ഇന്നൊരു പതിവു കാഴ്ചയാണ്. പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കഥകളും അറസ്റ്റുമൊക്കെ ഇതോടൊപ്പം ചേർത്ത് വായിക്കാനേ സമുദായ സ്നേഹികൾക്കാവൂ. ഇതിനർത്ഥം എല്ലാവരും അങ്ങിനെയാണെന്നല്ല. അതീവ സൂക്ഷ്മതയും ദൈവ ഭയവും പുലർത്തി സ്ഥാപനങ്ങൾ നടത്തുന്നവർ ധാരാളമുണ്ട്. അത്തരക്കാരായ യഥാർത്ഥ ഭക്തരുടെ കൈകളിലാണ് സമുദായ സ്ഥാപനങ്ങൾ എത്തിപ്പെടേണ്ടത്. അല്ലാതെ അഴിമതിക്കാരുടെയും "തനി"കച്ചവടക്കാരുടെയും കൈകളിലല്ല. ഒരാൾ വിശ്വാസിയാണോ എന്നറിയാൻ പത്തുരൂപ അയാൾക്ക് കടം കൊടുത്ത് നോക്കിയാൽ മതിയെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം എത്ര അർത്ഥവത്താണ്.

മുസ്ലിം സമുദായത്തിലെ വിവേകികളും സൂക്ഷ്മാലുക്കളും കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ പള്ളികളിലും മദ്രസ്സകളിലും അനാഥാലയങ്ങളിലും മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വർഷാവർഷം കണക്കുകൾ "കൊട്ടക്കണക്കിൽ" അവതരിപ്പിക്കുന്നതിന് പകരം ഇനം തിരിച്ച് അവതരിപ്പിക്കാൻ ജാഗ്രത കാണിച്ചാൽ നന്നാകും. അത് സമൂഹ മാധ്യമങ്ങൾ വഴിയോ അച്ചടിച്ചോ പ്രസിദ്ധപ്പെടുത്തിയാൽ ഒരളവോളം 'മുക്കിനക്കൽ' തടയാനാകും. തിരൂരങ്ങാടി യത്തീംഖാന ഓരോ വർഷവും സ്ഥാപനത്തിന് ലഭിക്കുന്ന സംഭാവന, നൽകിയവരുടെ പേരും സംഖ്യയും സഹിതം ബുക്കായി പ്രസിദ്ധീകരിച്ച് ബന്ധപ്പെട്ടവർക്കെല്ലാം തപാലിൽ അയക്കുന്ന പതിവുണ്ട്. അതിൽ തന്നെ ചെലവുകൾ വക തിരിച്ച് രേഖപ്പെടുത്താനും ഭാരവാഹികൾ ശ്രദ്ധിക്കും. സമാന രീതി എല്ലാ മതസ്ഥാപനങ്ങൾക്കും സ്വീകരിക്കാവുന്നതാണ്. താൻ നൽകിയ സംഭാവന ബന്ധപ്പെട്ട സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് ഓരോരുത്തർക്കും ബോദ്ധ്യപ്പെടാൻ ഇതുപകരിക്കും. കൂടുതൽ സംഖ്യ സംഭാവന ചെയ്യാൻ ഭാവിയിൽ അവർക്ക് പ്രചോദനവുമാകും.

മതരംഗത്തു മാത്രമല്ല പൊതുപ്രവർത്തന രംഗത്തും സാമ്പത്തിക ഇടപാടുകളിലെ സത്യസന്ധത അത്യന്താപേക്ഷിതമാണ്. റസീറ്റ് കൊടുക്കാതെ പണം പിരിക്കുന്ന രീതി ഏത് മേഖലയിലാണെങ്കിലും പ്രോൽസാഹിപ്പിക്കപ്പെട്ടുകൂട. "പിരിവ്"തൊഴിലാക്കിയ വിരുതൻമാരെ സമൂഹം തിരിച്ചറിയണം. അവരുടെ കയ്യിൽ അഞ്ചുപൈസ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. "ഒറ്റക്ക്"പിരിവിന് വരുന്ന "സൂത്രക്കാരെ" പണം ഏൽപ്പിക്കാതിരിക്കാനും നോക്കണം. സാമ്പത്തിക കാര്യങ്ങളിൽ സുതാര്യനല്ലാത്ത ഒരാൾ മത-രാഷ്ട്രീയ -പൊതുപ്രവർത്തന-സേവന രംഗങ്ങളിൽ പ്രവർത്തിക്കാൻ യോഗ്യനല്ല. അത് കല്ലായാലും ശരി, മണ്ണായാലും ശരി.

English summary
KT Jalil said that the Mattannur Juma Masjid incident tarnishes the credibility of the community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X