കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാനതകളില്ലാത്ത സ്ത്രീശക്തിയായി കുടുംബശ്രീ; അംഗങ്ങളുടെ എണ്ണം ഒരു കോടിയായി ഉയരും

Google Oneindia Malayalam News

കോഴിക്കോട്: അഗതിരഹിത കേരളമെന്ന മഹത്തായ സ്വപ്നം സാക്ഷാത്ക്കരിക്കരിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയതായും ജൂലൈയില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമെന്നും തദ്ദേശ മന്ത്രി ഡോ.കെടി ജലീല്‍. കുടുംബശ്രീയുടെ 20-ാം വാര്‍ഷികാഘോഷം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


'അഗതി രഹിത കേരളം' പദ്ധതി നടപ്പാകുന്നതോടെ ഭക്ഷണം കിട്ടാത്തതോ ഉടുക്കാന്‍ വസ്ത്രം ഇല്ലാത്തതോ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ഇല്ലാത്തതോ പ്രാഥമിക മരുന്ന് ലഭ്യമല്ലാത്തതോ ആയ ഒരു കുടുംബവും കേരളത്തില്‍ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കുള്ള സര്‍വ്വെ ഇതിനകം പൂര്‍ത്തിയാക്കി. ചെലവിന്റെ 40 ശതമാനം കുടുംബശ്രീ മുഖേന സര്‍ക്കാര്‍ വഹിക്കും. 60 ശതമാനം ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളും നഗരസഭകളും വഹിക്കണം. കുടുംബശ്രീക്കു കീഴില്‍ 200 ബഡ്‌സ് സ്‌കൂളുകള്‍ ഈ വര്‍ഷം തുടങ്ങുമെന്നും യോഗ്യരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇവിടത്തെ ജോലികളില്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.

kudumbasree

സമാനതകളില്ലാത്ത സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി വളര്‍ന്ന കുടുംബശ്രീക്ക് ഇന്ന് 1064 സി.ഡി.എസുകളിലായി 43 ലക്ഷം അംഗങ്ങളുണ്ട്. പുതിയ തലമുറയിലെ വിദ്യാസമ്പയായ ഒരു വനിതയെ കൂടി ഓരോ കുടുംബത്തില്‍ നിന്നും ഈ വര്‍ഷം അംഗങ്ങളായി ഉള്‍പ്പെടുത്തും. ഇതോടെ ഒരു കോടിയോളം സ്ത്രീ പ്രാതിനിധ്യമുള്ള മഹാ പ്രസ്ഥാനമായി കുടുംബശ്രീ മാറുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീക്കു ബദല്‍ കുടുംബശ്രീ മാത്രമാണ്. സര്‍ക്കാര്‍ മികച്ച പരിഗണനയാണ് സ്ത്രീ ശാക്തീകരണത്തിന് നല്‍കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ 20 പദ്ധതികള്‍ക്കായി 20 കോടി വകയിരുത്തി. അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കുന്ന 2018-19 ല്‍ 5000 പുതിയ സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങാന്‍ പദ്ധതിയാവിഷ്‌ക്കരിച്ചതായും മന്ത്രി വിശദീകരിച്ചു.

രാജ്യത്തെ 16 സംസ്ഥാനങ്ങളിലേക്കും അഞ്ച് വിദേശ രാജ്യങ്ങളിലേക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. കാര്‍ഷിക- തീരദേശ- ആദിവാസി മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയും പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സ്ത്രീ സമൂഹത്തെ ഉദ്ധരിച്ചും കുടുംബശ്രീയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും കുടുംബശ്രീയുടെ കഥ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.


ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മികച്ച സി.ഡി.എസുകളെ ആദരിച്ചു. കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍, എം.എല്‍.എമാരായ ഇ.കെ വിജയന്‍, പുരുഷന്‍ കടലുണ്ടി, മുന്‍ എം.പി ഡോ. ടി.എന്‍ സീമ, മുക്കം നഗരസഭ ചെയര്‍മാന്‍ കുഞ്ഞന്‍, കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ഗവേണിങ് ബോഡി അംഗം എ.കെ രമ്യ, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത, പ്രോഗ്രാം ഓഫിസര്‍മാര്‍, സി.ഡി.എസ് ചെയര്‍പെഴ്‌സമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


രണ്ട് ദിവസം നീളുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ അയ്യായിരത്തോളം സ്ത്രീകളാണ് പങ്കെടുത്തത്. 2.66 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 43 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 1064 സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍മാരാണ് സമ്മേളനത്തിലെ സ്ഥിരം പ്രതിനിധികള്‍.

English summary
kudumbasree unit- members strength will increase to one crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X