ഇതെന്താ പാന്പ് മഴയോ? വേനല്‍ച്ചൂടില്‍ കുമളിയ്ക്ക് ശാപമായി പാന്പുകള്‍
കുമളി: കേരളത്തിലെ വേനല്‍ച്ചൂട് കൂടിയതോടെ ആളുകള്‍ക്ക് മാത്രമല്ല പാമ്പുകള്‍ക്കും നാട് വിടേണ്ട അവസ്ഥയാണ്. ചൂട് കൂടിയതോടെ പാമ്പുകള്‍ കാട് വിട്ട് തണുപ്പുതേടി വീടുകളിലും പുരയിടങ്ങളിലും എത്തുകയാണ്. കുമളി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നാട് കാണാന്‍ എത്തുന്ന പാമ്പുകളുടെ എണ്ണം കൂടുകയാണ്.
ഇതോടെ പാമ്പുകളുടെ തോഴനായ അബീഷിനും തിരക്കാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പ്രദേശത്ത് നിന്ന് അന്‍പതില്‍ അധികം പാമ്പുകളെയാണ് അബീഷ് പിടികൂടിയത്. വീടുകളില്‍ നിന്നും പുരയിടങ്ങളില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. പിടിയ്ക്കുന്ന പാമ്പുകളെ പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ കൊണ്ടുവിടും. അണക്കരയില്‍ ലയന്‍സ് ക്‌ളബ്ബിന് കെട്ടിടം നിര്‍മ്മിയ്ക്കാന്‍ മണ്ണുമാറ്റുന്നതിനിടെ നാല് മൂര്‍ഖന്‍ പാമ്പുകളും 19 മുട്ടകളും കിട്ടി. പാമ്പുകള്‍ ഏഴടി നീളമുള്ളവയായിരുന്നു.

മുട്ടകളില്‍ നാലെണ്ണം വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്ത് ചാടിയ നിലയിലായിരുന്നു. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റോഡരികിലെ വീട്ടില്‍ നിന്നും രണ്ട് മൂര്‍ഖന്‍ പാമ്പുകളെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. വാളാര്‍ഡിയില്‍ നിന്ന് തൊട്ടുപിന്നാലെ മറ്റൊന്നിനെക്കൂടി പിടികൂടി കാട്ടിലെത്തിച്ചു. രാജവെമ്പാല, മൂര്‍ഖന്‍ തുടങ്ങി വിഷമുള്ള പാമ്പുകളാണ് ഇപ്പോള്‍ കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്നവയില്‍ അധികവും.
വേനല്‍കൂടു തോറും പ്രദേശത്തെ പാമ്പ് ഭീഷണിയും കൂടുമെന്ന് ഉറപ്പ്. ചുരുക്കത്തില്‍ വേനല്‍ച്ചൂടിനെ മാത്രമല്ല പാമ്പിനെയും ഭയന്ന് ജീവിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.












Click it and Unblock the Notifications