വിഎസിന്റെ കാലത്തെത്തിയ കള്ളനോട്ടെവിടെ, പിന്നില്‍ മുന്നണികളുടെ ഒത്തുകളിയോ, കുമ്മനം പറയുന്നതെന്ത്?
വിഎസിന്റെ കാലത്തെത്തിയ കള്ളനോട്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് കുമ്മനം.
തിരുവനന്തപുരം : വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ രണ്ടു കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചിയിലെത്തിയെന്ന അന്ന് വിഎസിന്റെ പഴ്‌സനല്‍ അസിസ്റ്റായിരുന്ന എ. സുരേഷ് വെളിപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. സംഭവത്തില്‍ എന്ത് നടപടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കുമ്മനം.
സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് കുമ്മനം പറയുന്നു. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സുരേഷ് ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നത്. ഈ കണ്ടെയ്‌നറുകള്‍ അപ്രത്യക്ഷമായതായും സുരേഷ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നുവെന്ന് കുമ്മനം.

എത്ര ലാഘവത്തോടെയാണ് ഇരുമുന്നണികളും ഭരിച്ചിരുന്നതെന്നറിയാന്‍ ഈ ഒരൊറ്റ സംഭവം മതിയെന്നും കുമ്മനം പറയുന്നു. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ സംഭവത്തെ കുറിച്ച് അറിഞ്ഞിട്ട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മിണ്ടാതിരുന്നത് രാജ്യദ്രോഹകുറ്റമാണെന്നും കുമ്മനം പറയുന്നു.
ആ പണത്തിന്റെ പങ്ക് നേതാക്കള്‍ക്കും കിട്ടിയിട്ടുണ്ടാകുമെന്നും അതുകൊണ്ടാണ് അനങ്ങാപ്പാറ നയം സ്വീകരിച്ചതെന്നു കുമ്മനം. ആ പണം സഹകരണ സംഘങ്ങള്‍ വഴി വെളുപ്പിച്ചിട്ടുണ്ടാകണമെന്നും അതുകൊണ്ടാണ് സഹകരണ മേഖലയിലെ കള്ളപ്പണത്തെ പറ്റി പറയുമ്പോള്‍ സിപിഎമ്മിന് വിറളി പിടിക്കുന്നതെന്നും കുമ്മനം പറയുന്നു.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വിഎസ് അച്യുതാനന്ദനും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും കുമ്മനം ആവശ്യപ്പെടുന്നു. അന്ന് കേന്ദ്രം ഭരിച്ചവരും ഇതില്‍ കൂട്ടുകച്ചവടക്കാരായിരുന്നുവെന്ന് കുമ്മനം ആരോപിച്ചു. ഇരു മുന്നണികളും ഇക്കാര്യത്തില്‍ ഒത്തുകളിച്ചുവെന്നും അതുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രത്തിനെതിരെ സുധീരനും കോടിയേരിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്നതെന്നും കുമ്മനം പറയുന്നു.












Click it and Unblock the Notifications