കണ്ടെയ്‌നറിലെത്തിയ കള്ളനോട്ട് സിപിഎമ്മിനു തലവേദനയാകുമോ?ഐസക്കിന്റെ വെല്ലുവിളി കുമ്മനം ഏറ്റെടുത്തു
സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയവര്‍ തന്നെ കള്ളനോട്ട് ആരോപണവും തെളിയിക്കട്ടെ എന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞിരുന്നത്.
തിരുവനന്തപുരം: കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടു കണ്ടെയ്‌നറുകളിലായി കൊച്ചിയില്‍ കള്ളനോട്ട് എത്തിയെന്ന ആരോപണത്തില്‍ തോമസ് ഐസക്ക് നടത്തിയ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയിലാണ് കുമ്മനം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഫയലുകള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊച്ചിയില്‍ രണ്ടു കണ്ടെയ്‌നറുകളിലായി കള്ളനോട്ടുകള്‍ വന്നതായും പിന്നീട് അത് അപ്രത്യക്ഷമായെന്നും ഇന്റലിജന്‍സ് എ ഡി ജി പി ആയിരുന്ന ജേക്കബ് പുന്നൂസ് റിപ്പോര്‍ട്ട് നല്‍കിയതായി വി എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ സുരേഷ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബി ജെ പി ആവശ്യപ്പെട്ടത്.
എന്നാല്‍ ധനമന്ത്രി തോമസ് ഐസക്ക് കുമ്മനത്തെ വെല്ലുവിളിക്കുകയും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നവര്‍ തന്നെ ഈ ആരോപണവും തെളിയിക്കട്ടെയെന്നും പറഞ്ഞിരുന്നു. തോമസ് ഐസക്കിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കുന്നതായും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായുമാണ് കുമ്മനം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications