പിണറായി അതീവ കൗശലക്കാരന്‍: എതിരാളികളെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് കൊലക്കത്തി ഒളിപ്പിച്ചിട്ട്
Recommended Video

തിരുവനന്തപുരം: വികസന സംവാദത്തിനു തയ്യാറാണെന്നും എന്നാല്‍ അതില്‍നിന്ന് ബിജെപി ഒളിച്ചോടുകയാണെന്നും പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലിട്ട തുറന്ന കത്തിലാണ് കുമ്മനം പിണറായിക്ക് മറുപടി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും ആരോപണങ്ങളുടെ കെട്ടഴിച്ചുവിട്ട്ിരിക്കുകയാണ് കുമ്മനം.
രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട പിണറായി വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ഥ ശൂന്യമാണെന്നാണ് കുമ്മനെ പറയുന്നത്. ബിജെപി നടത്തിയ ജനരക്ഷാ യാത്ര പിണറായിയുടെയും സിപിഎമ്മിന്റെയും സമനില തെറ്റിച്ചതായി കുമ്മനം പറയുന്നു. വികസന സംവാദത്തില്‍ നിന്ന് ബിജെപി ഒളിച്ചോടുന്നുവെന്ന പിണറായിയുടെ വാദം തെറ്റാണെന്നും കുമ്മനം.

അസത്യങ്ങളും അര്‍ധ സത്യങ്ങളും
പിണറായി ബിജെപിക്കെതിരെ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നത് അസത്യങ്ങളും അര്‍ധ സത്യങ്ങളുമാണെന്നാണ് കുമ്മനം പറയുന്നത്. ബിജെപി നടത്തിയ ജനരക്ഷാ യാത്ര പിണറായിയുടെയും പാര്‍ട്ടിയിടെയും സമനില തെറ്റിച്ചുവെന്നും കുമ്മനം.

ആ അവകാശ വാദം തെറ്റ്
വികസന സംവാദത്തില്‍ നിന്ന് ബിജെപി ഒളിച്ചോടുന്നുവെന്ന പിണറായിയുടെ അവകാശ വാദം തെറ്റാണെന്ന് കുമ്മനം പറയുന്നു. ഒരു സംസാദത്തിന് ആദ്യം വേണ്ടത് സമാധാനപൂര്‍ണമായ അന്തരീക്ഷമാണെന്ന് അറിയില്ലേയെന്നും കുമ്മനം ചോദിക്കുന്നു.

കൊലക്കത്തി പുറകില്‍ ഒളിപ്പിച്ച്
രാഷ്്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഭരണാധികാരിയായ പിണറായി വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ഥശൂന്യമാണെന്നും കുമ്മനം. കൊലക്കത്തി പുറകില്‍ ഒളിപ്പിച്ച് വച്ച് എതിരാളികളെ സന്ധി സംഭാഷണത്തിനും സംവാദത്തിനും ക്ഷണി്ക്കുന്നതിന് അതീവ കൗശലക്കാരനു മാത്രമേ കഴിയുകയുള്ളൂവെന്നും കുമ്മനം.

മലയാളികളുടെ ദൗര്‍ഭാഗ്യം
ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ഇവിടെ വരേണ്ടി വന്ന സാഹചര്യം എന്തുകൊണ്ടാണെന്ന് ഇപ്പോഴും പിണറായി ചിന്തിക്കാത്തത് മലയാളികളുടെ ദൗര്‍ഭാഗ്യമാണെന്നും കുമ്മനം പറയുന്നു.

എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കും
പിണറായിയുടെയും സിപിഎമ്മിന്റെയും കിരാത മുഖത്തെപ്പറ്റിയും ഇവിടത്തെ രാഷ്്ട്രീയ സാഹചര്യങ്ങളെയും പറ്റി സംസാരിക്കുന്നത് കേരളത്തിനെതിരായ വിമര്‍ശനമാകുന്നതെങ്ങനെയെന്നറിയില്ലെന്ന് കുമ്മനം. കേരളം കൈവരിച്ച പുരോഗതിക്കെല്ലാം അവകാശി താങ്കളും താങ്കളുടെ പാര്‍ട്ടിയുമാണെന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കുമെന്നും കുമ്മനം.

നഷ്ടമാക്കിയതല്ലാതെ ഒന്നും നേടിയില്ല
സമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പ്രയത്‌നം കൊണ്ടാണ് പരോഗതിയും ഉയര്‍ന്ന സാമൂഹ്യ നിലവാരവും കൈവരിച്ചതെന്ന് കുമ്മനം പറയുന്നു. അവര്‍ ഉഴുതുമറിച്ച മണ്ണില്‍ നിന്ന് കൊയ്‌തെടുക്കാന്‍ പിണറായിയുടെ പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നും എന്നാല്‍ അവിടെ നിന്ന് ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ ആയിട്ടില്ലെന്നും കുമ്മനം പറയുന്നു.കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമാക്കിയതല്ലാതെ ഒന്നും നേടിത്തരാന്‍ കേരളം ഭരിച്ച പാര്‍ട്ടികള്‍ക്ക് ആയില്ലെന്ന് കുമ്മനം കുറ്റപ്പെടുത്തുന്നു.

ഇതാണോ കേരള വികസനം
1956 മുതല്‍ മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തെ ഏത് മേഖലയിലാണ് മുന്നോട്ടു കൊണ്ട്‌പോയതെന്ന് കുമ്മനം ചോദിക്കുന്നു. അധ്വാന ശീലരായിരുന്ന ജനങ്ങള്‍ കടല്‍കടന്ന് എല്ലുമറിയെ പണിയെടുത്ത് അയക്കുന്ന വിദേശ നാണ്യത്തിന്റെ പിന്‍ബലത്തില്‍ ഗീര്‍വാണം അടിക്കുന്നതാണോ കേരള വികസനം എന്ന് കുമ്മനം ചോദിക്കുന്നുണ്ട്.

ഇതാണോ ഭരണ മികവ്
ആകെയുള്ള വരുമാന മാര്‍ഗമായ മദ്യം വിറ്റും ലോട്ടറി വിറ്റും കിട്ടുന്ന പണം കടംവീട്ടാന്‍പോലും തികയാറുണ്ടോയെന്ന് ധനകാര്യമന്ത്രിയോട് ചോദിക്കണമെന്ന് കുമ്മനം പറയുന്നു. ഉ്പ്പു മുതല്‍ കര്‍പ്പൂരം വരെ തമിഴന്റെയും തെലുങ്കന്റെയും ഔദാര്യത്തിനായി കാക്കേണ്ട മലയാളിയെ സൃഷ്ടിച്ചതാണ് രണ്ടു പാര്‍ട്ടികളുടെയും ഇത്രയും കാലത്തെ ഭരണ മികവെന്ന് കുമ്മനം. ഗല്‍ഫ് പണം ഉള്ളതു കൊണ്ട് മലയാളി പട്ടിണി കിടക്കുന്നില്ലെന്നും കുമ്മനം.

കെട്ടുകെട്ടിച്ചവര്‍ നിങ്ങള്‍
നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ കേരളത്തെ മാതൃകയാക്കാന്‍ ശ്രമം തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് കുമ്മനം പറഞ്ഞു. ഉള്ളതെല്ലാം വിറ്റുപെറുക്കി സംരംഭം തുടങ്ങാന്‍ വരുന്നവനെ ബൂര്‍ഷ്വയെന്ന് മുദ്രകുത്തി നോക്കുകൂലി വാങ്ങിയും അനവാശ്യ സമരം നടത്തിയും കെട്ടുകെട്ടിച്ചത് പിണറായിയുടെ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് കുമ്മനം.

മനോഭാവം മാറണം
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകാൻ പാർട്ടിയുടെ മനോഭാവം മാറിയാൽ മാത്രം മതിയാകും. നീതി ആയോഗ് പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച് വ്യവസായ സംരംഭങ്ങൾക്ക് അനുമതി ലഭിക്കുന്ന കാര്യത്തിൽ രാജ്യത്ത് ഏറ്റവും പിന്നിലാണ് കേരളം. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യവസായ അനുമതി 9 ദിവസം കൊണ്ട് കിട്ടുമ്പോൾ പിണറായി ഭരിക്കുന്ന കേരളത്തിൽ അതിനെടുക്കുന്ന സമയം 214 ദിവസമാണെന്ന് കുമ്മനം പറയുന്നു

ഈ നാണക്കേട് സമ്മാനിച്ചതും
ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിദേശങ്ങളിൽ പോലും അറിയപ്പെടുന്ന നമ്മുടെ കേരളത്തെ വിനോദ സഞ്ചാരികൾ കൈയ്യൊഴിഞ്ഞ വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നത് അറിഞ്‍ഞിരുന്നുവോയെന്ന് കുമ്മനം ചോദിക്കുന്നു. ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ വരവിന്‍റെ കാര്യത്തിൽ കേരളം വളരെ പിന്നിലാണെന്നും വിദേശ ടൂറിസ്റ്റുകളുടെ വരവിന്‍റെ കാര്യത്തിൽ കേരളം ഏഴാമതാണെന്നും കുമ്മനം പറയുന്നു. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ ആദ്യ പത്തിൽ പോലും കേരളമില്ല. മലയാളിക്ക് ഈ നാണക്കേട് സമ്മാനിച്ചതും നിങ്ങളൊക്കെ തന്നെയാണ്. അല്ലാതെ ബിജെപി നേതാക്കളല്ലെന്നും കുമ്മനം പറയുന്നു.

കേരള മോഡല്‍ എവിടെ എത്തി നില്‍ക്കുന്നു
കൊട്ടിഘോഷിച്ച കേരളാ മോഡൽ ആരോഗ്യ മേഖല ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന് പരിശോധിക്കുന്നതും നന്നായിരിക്കുമെന്ന് കുമ്മനം. അഞ്ചാംപനി മരണത്തിൽ ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനം കേരളത്തിനാണെന്നും ഡെങ്കിപ്പനി ബാധയുടെ കാര്യത്തിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനം കേരളത്തിന് വാങ്ങിക്കൊടുക്കാൻ നിങ്ങളുടെയൊക്കെ ഭരണത്തിനായിട്ടുണ്ടെന്നും കുമ്മനം പറയുന്നു.

യോഗിയുടെ യുപി ഇല്ല
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ഡെങ്കിപ്പനി മരണം കേരളത്തിലാണ് ഏറ്റവും കൂടുതൽ. കഴിഞ്ഞ സീസണിൽ മാത്രം ആയിരത്തോളം പനി മരണം കേരളത്തിൽ ഉണ്ടായതും അങ്ങ് മറക്കാനിടയില്ല. ഇക്കാര്യത്തിലെങ്ങും യോഗി ആദിത്യനാഥിന്‍റെ ഉത്തർപ്രദേശ് ഇല്ലെന്നും പിണറായിയെ ഓര്‍മിപ്പിക്കുന്നതായി കുമ്മനം പറയുന്നു.

മലയാളിക്കല്ലാതെ മറ്റാര്‍ക്ക്
ഭക്ഷണം, മികച്ച വിദ്യാഭ്യാസം, തൊഴിൽ, സംരഭകത്വം തുടങ്ങി എല്ലാത്തിനും അന്യസംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളേയും ആശ്രയിക്കേണ്ടി വരുന്ന ഗതികേട് മലയാളിക്കല്ലാതെ രാജ്യത്തെ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടോയെന്ന് കുമ്മനം ചോദിക്കുന്നു.

മാറിമാറി ഭരിച്ച്
തൊഴിലില്ലായ്മ, ഭക്ഷ്യോത്പന്ന ദൗർലഭ്യം, പാർപ്പിട ലഭ്യത, മാലിന്യ പ്രശ്നം, ശുദ്ധജല ലഭ്യത, പട്ടിണി മരണം സംഭവിക്കുന്ന ആദിവാസി മേഖല, പരിസ്ഥിതി നശീകരണം ഇങ്ങനെ പറയാൻ തുടങ്ങിയാൽ കേരളം പിന്നോട്ട് പോയ മേഖലകൾ നിരധിയുണ്ട്. ശരിയാണ് കേരളം പലതിലും മുൻപന്തിയിലായിരുന്നു. എന്നാൽ ഇടത്-വലത് മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തെ പിന്നോട്ടടിച്ചിട്ടേ ഉള്ളൂവെന്ന് കുമ്മനം.

കട്ടുമുടിച്ചവര്‍
ഗതകാല പ്രൗഢി അയവിറക്കി ജീവിക്കലല്ല ഒരു നല്ല ഭരണാധികാരിയുടെ ലക്ഷ്യം. മികച്ച അടിത്തറ കിട്ടിയിട്ടും അത് മുതലാക്കാതെ നാടിനെ കട്ടുമുടിച്ചവരെന്നാകും താങ്കൾ ഉൾപ്പടെയുള്ള ഭരണാധികാരികളെ വരും തലമുറ വിലയിരുത്താൻ പോകുന്നതെന്ന് കുമ്മനം പറയുന്നു. ഇതൊക്കെ കേരളത്തിന്‍റെ പച്ചയായ യാഥാർത്ഥ്യം മാത്രമാണെന്നും ഇത് വിളിച്ചു പറയുന്നവരല്ല കേരളത്തിന്‍റെ ശത്രുക്കളെന്നും കുമ്മനം. അതിന് കാരണക്കാരായവരാണ് ശത്രുക്കളെന്നും കുമ്മനം വ്യക്തമാക്കുന്നു. മലയാളികളെ ഇത്ര നാളും വഞ്ചിച്ച് നേതാക്കൾ ചമഞ്ഞു നടക്കുന്ന പിണറായിയെ പോലുള്ളവരാണ് കേരളത്തിന്‍റെ യഥാര്‍ഥ ശത്രുക്കളെന്നും കുമ്മനം.

പിണറായി അപമാനം
സ്വന്തം ഭരണത്തിൻ കീഴിൽ എല്ലാവർക്കും സുരക്ഷ ഒരുക്കാനാകാത്ത ഒരു മുഖ്യമന്ത്രി മലയാളിക്ക് അപമാനം തന്നെയാണെന്ന് കുമ്മനം പറയുന്നു. ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരുടെ ജീവനെപ്പറ്റി ആ പാർട്ടിയുടെ നേതാക്കൾ ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികം മാത്രമാണെന്നും കുമ്മനം പറയുന്നു. പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാൻ ജനാധിപത്യപരമായ ഏതൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കാമോ അതെല്ലാം ബിജെപി ഇനിയും സ്വീകരിക്കുമെന്നും അതിൽ പരിഭവിക്കുകയല്ല വേണ്ടതെന്നും സ്വന്തം കടമ നിർവഹിക്കുകയാണ് ചെയ്യേണ്ടതെന്നും കുമ്മനം.

കണ്ണുചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞത്
ബിജെപി നേതാക്കൾ ആരുടേയോ കണ്ണു ചൂഴ്ന്നെടുക്കുമെന്നും തലവെട്ടുമെന്നും പറഞ്ഞതായി താങ്കൾ പ്രസ്താവിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡേ എന്താണ് പറഞ്ഞതെന്ന് അങ്ങേക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നുവെന്ന് കുമ്മനം . ബിജെപി പ്രവർത്തകരെ കൊല്ലുന്ന പ്രവർത്തി തുടർന്നാൽ കണ്ണ് ചൂഴ്ന്നെടുക്കേണ്ടി വരുമെന്നാണ് അവർ പറഞ്ഞതെന്നാണ് കുമ്മനം പറയുന്നത്. ആ സാഹചര്യം കേരളത്തിൽ ഉണ്ടോയെന്ന് പറയേണ്ടത് താങ്കളാണെന്നും കുമ്മനം.

കണ്ണ് ചൂഴ്ന്നെടുത്തത് സിപിഎം
രാഷ്ട്രീയ ഭിന്നതയുടെ പേരിൽ കേരളത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിയുടെ കണ്ണ് ചൂഴ്ന്നെടുത്ത പ്രസ്ഥാനം സിപിഎം ആണെന്ന് കുമ്മനം പറയുന്നു. ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിലെ എബിവിപി നേതാവായിരുന്ന സനൂപ് എന്ന ചെറുപ്പക്കാരനെ ഒറ്റക്കണ്ണനാക്കിയത് എസ്എഫ്ഐ എന്ന ഭീകര സംഘടനയാണ്. കല്ലെറിഞ്ഞും ചുട്ടും കൊത്തിനുറുക്കിയുമൊക്കെ എതിരാളികളെ കൊന്നു തള്ളിയ പാരമ്പര്യമുള്ള പിണറായിയും സിപിഎമ്മും ഇപ്പോൾ സമാധാനത്തേപ്പറ്റി സംസാരിക്കുന്നു എന്നത് തന്നെ യാത്രയുടെ വിജയമാണെന്നാണ് കുമ്മനം അവകാശപ്പെടുന്നത്.

സമാധാന ശ്രമങ്ങള്‍ക്ക് ശേഷവും കൊല
സമാധാന ശ്രമങ്ങളെപ്പറ്റി പിണറായി വാചാലനാകുന്നതിനെ കുമ്മനം പരിഹസിക്കുന്നു. സമാധാന ശ്രമങ്ങൾ തുടങ്ങിയതിന് ശേഷം മാത്രം 5 ബിജെപി പ്രവർത്തകരെയാണ് സിപിഎമ്മു നിഷ്ഠൂരമായി കൊലപ്പെടുത്തിയതെന്ന് കുമ്മനം. അതേപ്പറ്റി പിണറായിക്ക് എന്താണ് പറയാനുള്ളതെന്നും കുമ്മനം ചോദിക്കുന്നു.

പിണറായിയുടെ മഹത്വം കൊണ്ടല്ല
ജനരക്ഷാ യാത്ര സമാധാനപരമായി തീർന്നത് താങ്കളുടെ എന്തോ മഹത്വം കൊണ്ടാണെന്ന് കരുതരുതെന്ന് കുമ്മനം. ബിജെപി പ്രവർത്തകരുടെ ത്യാഗവും വിട്ടുവീഴ്ചാ മനോഭാവവും മാത്രമാണ് ജനരക്ഷായാത്ര സമാധാനപരമായി അവസാനിക്കാൻ കാരണമെന്നാണ് കുമ്മനം പറയുന്നത്. ജനരക്ഷായാത്രയ്ക്കായി സ്ഥാപിച്ച പ്രചരണ ബോർഡുകൾ വ്യാപകമായി കേരളത്തിൽ നശിപ്പിക്കപ്പെട്ട കാര്യം പൊലീസ് അറിയിച്ചിരുന്നോയെന്ന് കുമ്മനം ചോദിക്കുന്നു. ഇക്കാര്യത്തെപ്പറ്റി ഡിജിപിയോട് നേരിട്ട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും കുമ്മനം.

തികഞ്ഞ അവജ്ഞ
ജനരക്ഷാ യാത്രയ്ക്കിടെ വിവിധ ഇടങ്ങളില്‍ സിപിഎം നടത്തിയ അക്രമങ്ങളെ കുറിച്ച് കുമ്മനം വിവരിക്കുന്നു. ഇങ്ങനെയൊക്കെയായിട്ടും സിപിഎമ്മിന്‍റെ സഹിഷ്ണുതയെ കുറിച്ച് പറയുന്നത് അവജ്ഞയോടെ മാത്രമേ വായിക്കാനാവൂ എന്നും കുമ്മനം.

എല്ലാത്തിനു പിന്നിലും ബിജെപി
കേന്ദ്രഫണ്ടും നികുതി വിഹിതവും കേന്ദ്ര സർക്കാരിന്‍റെ ഔദാര്യമല്ലെന്ന് സമ്മതിക്കുന്നു. പക്ഷേ അത് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഉയർന്ന തോതിൽ കിട്ടുന്നത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിന്‍റെ ഫലം തന്നെയാണ്. അതു കൊണ്ടാണല്ലോ വികസന കാര്യത്തിൽ നേരത്തെ 8 മന്ത്രിമാർ ഉണ്ടായിരുന്ന സമയത്ത് കിട്ടിയതിനേക്കാൾ പരിഗണന ഇപ്പോൾ കേരളത്തിന് കിട്ടുന്നുണ്ടെന്ന് താങ്കള്‍ക്കും സഹമന്ത്രിമാര്‍ക്കും പറയേണ്ടി വന്നത്. വികസന കാര്യത്തെപ്പറ്റി സംവാദത്തിന് ബിജെപി എപ്പോഴും തയ്യാറാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു-കുമ്മനം പോസ്റ്റ് അവസാനിപ്പിക്കുന്നു.












Click it and Unblock the Notifications