ദിലീപ് കേസില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്‍... അള്‍ട്ടിമേറ്റ്‌ലി...
കൊച്ചി: മലയാള സിനിമാ ലോകത്തെ രണ്ടായി തിരംതിരിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പല താരങ്ങളും വിഷയത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടില്ല. അവള്‍ക്കൊപ്പം എന്നാണ് ചില താരങ്ങള്‍ പ്രതികരിക്കുന്നത്. അവനൊപ്പം കാമ്പയിനും നടന്നിരുന്നു. കോടതിയിലിരിക്കുന്ന കേസല്ലേ, പ്രതികരിക്കുന്നില്ല എന്ന മറുപടി നല്‍കിയ താരങ്ങളും നിരവധിയാണ്.
Recommended Video
സിനിമാ രംഗത്തുള്ളവര്‍ പ്രതികളും വാദികളും സാക്ഷികളുമായ കേസായതിനാല്‍ താരങ്ങളുടെ പ്രതികരണം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. നടന്‍ കുഞ്ചാക്കോ ബോബന്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം ചര്‍ച്ചയാകുകയാണിപ്പോള്‍. നേരത്തെ ദിലീപിനെതിരെ കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കി എന്ന വാര്‍ത്തകള്‍ വന്നിരുന്നു...

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ന്നാ താന്‍ കേസ് കൊട്. ആഗസ്റ്റ് 11ന് തിയേറ്ററില്‍ റിലീസ് ആകുകയാണ് ചിത്രം. ഇതിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബന്‍ ചുവടുവയ്ക്കുന്ന വീഡിയോ വൈറലായിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. 2017ല്‍ പോലീസിന് മുമ്പാകെ നല്‍കിയ മൊഴി തന്നെയാണ് കുഞ്ചാക്കോ ബോബന്‍ കോടതിയിലും ആവര്‍ത്തിച്ചത്. പല താരങ്ങളും കോടതിയില്‍ മൊഴി മാറ്റി എന്ന വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്‍ മൊഴിയില്‍ ഉറച്ചുനിന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയ പ്രതികരണം ഇങ്ങനെ- ''നടിക്കൊപ്പം എന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. സത്യം ആരുടെ ഭാഗത്തായാലും അള്‍ട്ടിമേറ്റ്‌ലി സത്യം വിജയിക്കുമെന്ന് വിശ്വസിക്കുന്നു. എനിക്കറിയാവുന്നതും മനസിലാക്കിയതും അതേ പോലെയാണ് പറഞ്ഞിട്ടുള്ളത്. സത്യം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി കാത്തിരിക്കുന്നു''.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു മഞ്ജുവാര്യര്‍. വിവാഹ മോചനത്തിന് ശേഷമാണ് അവര്‍ വീണ്ടും സിനിമയിലെത്തിയത്. ശേഷമുള്ള ആദ്യ ചിത്രം കുഞ്ചാക്കോ ബോബന്‍ നായകനായ ഹൗ ഓള്‍ഡ് ആര്‍ യു ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മൊഴിയില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പിന്‍മാറണം എന്ന തരത്തില്‍ ദിലീപ് വിളിച്ചു സംസാരിച്ചുവെന്ന് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍. പരോക്ഷമായിട്ടാണ് ദിലീപ് ആവശ്യപ്പെട്ടതത്രെ. വിസ്താരത്തിന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും കുഞ്ചാക്കോ ബോബന് പല കാരണങ്ങളാലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. ശേഷമാണ് താരം കോടതിയില്‍ ഹാജരായി മൊഴി നല്‍കുകയത്.

അടുത്തിടെ ഒട്ടേറെ താരങ്ങള്‍ ദിലീപിന് അനുകൂലമായി പ്രതികരിച്ചിരുന്നു. ദിലീപുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്നാണ് നടി ശാലു മേനോന്‍ പ്രതികരിച്ചത്. പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്നൊക്കെ പറയുന്നുണ്ട്. ഞാന്‍ മനസിലാക്കിയിടത്തോളം ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല. ബാക്കി കോടതിയില്‍ ഇരിക്കുകയല്ലേ എന്നും ശാലു മേനോന്‍ പറയുന്നു.

ദിലീപ് ഇങ്ങനെ ഒരു ക്രൂരത ചെയ്യില്ലെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് നടി പ്രവീണ പ്രതികരിച്ചത്. നടന്‍ ശങ്കറും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. നടി ഗീത വിജയന്റെ പ്രതികരണവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. ദിലീപും ആക്രമിക്കപ്പെട്ട നടിയുമൊക്കെ വലിയ ഗ്യാങായിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ. സംശയമാണെന്നും ഗീത വിജയന്‍ പറഞ്ഞു. അതേസമയം, ദിലീപിനെ കേസില്‍ കുടുക്കിയതിന് പിന്നില്‍ മലയാള സിനിമയിലെ ഒരു വിഭാഗമാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications