കുണ്ടറ ആലീസ് വധക്കേസില്‍ വഴിത്തിരിവ്; വധശിക്ഷക്ക് വിധിച്ച ഗിരീഷിനെ ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: പ്രമാദമായ കുണ്ടറ ആലീസ് വധക്കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ച ഗിരീഷ് കുമാറിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പത്ത് വര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ഗിരീഷ് കുമാര്‍ കുറ്റവിമുക്തനാക്കപ്പെടുന്നത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, വിഎം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
തെളിവുകളുടെ അഭാവത്തിലാണ് ഗിരീഷിനെ കോടതി കുറ്റവിമുക്തനാക്കുന്നത്. ഗിരീഷ് കുമാറിനെ മോചിപ്പിച്ചത് കൊണ്ട് മാത്രം നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റ കളങ്കവും അയാള്‍ അനുഭവിച്ച മനുഷ്യാവകാശ ലംഘനവും മാറില്ലെന്നും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മൂന്നു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും വൈകുന്നതിന് അനുസരിച്ച് വര്‍ഷം 9 ശതമാനം പലിശ കൂടി നല്‍കണമെന്നും കോടതി വിധിച്ചു.

ഗിരീഷാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാനുള്ളതൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല എന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. പ്രതിയുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്ന ശാസ്ത്രീയമായ തെളിവുകളും ഹാജരാക്കിയിട്ടില്ല എന്നും കൊലപാതകത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിയില്‍ നിന്ന് വിരലടയാളം പോലും ലഭിച്ചിട്ടില്ല എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറാണ് പ്രതി എന്ന നിഗമനത്തിലേക്ക് എത്തിയത് എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അടിസ്ഥാനമില്ലാത്ത സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു എന്നും തെളിവുകള്‍ പൊലീസ് തന്നെ തയറാക്കിയതാണ് എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തിന് വിശ്വാസ്യത കൂടുതല്‍ എന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ കേസ് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴികളിലും പൊരുത്തക്കേടുകളുണ്ട്. ആദ്യം ഗിരീഷാണ് പ്രതിയെന്നും, പിന്നീട് സംശയിക്കപ്പെടുന്ന ആളെന്നുമാണ് പറഞ്ഞിട്ടുള്ളത് എന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയല്ലാതെ പ്രതിയെ കുറ്റകൃത്യത്തിലേക്ക് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല കോടതി നിരീക്ഷിച്ചു.
കൃത്യം നടക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ജയില്‍ മോചിതനായ ആളെന്നതും സ്ഥിരം കുറ്റവാളിയാണ് എന്നതുമാണ് ഗിരീഷിന്റെ പങ്കാളിത്തമുണ്ട് എന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം ഹൈക്കോടതി പറഞ്ഞു. സ്ഥിരം കുറ്റവാളികളേയും ജയിലില്‍നിന്ന് ഇറങ്ങിയവരേയും സംശയിക്കുന്നത് സ്വാഭാവികമാണ് എന്നും എന്നാല്‍ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കൂടി ഹാജരാക്കാന്‍ കഴിയണമെന്നും കോടതി പറഞ്ഞു.
2013 ജൂണ്‍ 11 നാണ് കേസിനാസ്പദമായ സംഭവം. കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ (57) വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവര്‍ന്നു എന്നുമാണ് കേസ്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ സഹതടവുകാരില്‍ നിന്നാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെ കുറിച്ചും ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും കുറിച്ചും ഗിരീഷ് അറിയുന്നത് എന്നാണ് പൊലീസ് ഭാഷ്യം.
ഗിരീഷ് ജയിലില്‍ നിന്നിറങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ആലീസ് കൊല്ലപ്പെടുന്നത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ഗിരീഷിനെ 2018 ല്‍ ആണ് വധശിക്ഷക്ക് വിധിക്കുന്നത്. എന്നാല്‍ വളരെ മോശപ്പെട്ട അന്വേഷണത്തിലൂടെ പ്രതിയെ തെറ്റായി കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാണ് ഹൈക്കോടതി നിഗമനം. ഈ കേസുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ചുമത്തപ്പെട്ട ഒരു കേസും നിലനില്‍ക്കില്ല എന്നും ഗിരീഷിനെ സ്വതന്ത്രനാക്കാനും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications