കുണ്ടറ ദുരൂഹ മരണം; പോലീസിന്റെത് ഒത്തുകളി? റിപ്പോര്‍ട്ട് തള്ളി, അന്വേഷണം ക്രൈംബ്രാഞ്ചിന്
കുണ്ടറയില്‍ പീഡനത്തിന് ഇരയായ ശേഷം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ പോക്‌സോ നിമയ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൊല്ലം: ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത കുണ്ടറയിലെ 14കാരന്റെ മരണം കാര്യമായി പോലീസ് അന്വേഷിച്ചില്ലെന്ന് ആക്ഷേപം. മരണം സംബന്ധിച്ച് പരിശോധിച്ച് കൊട്ടാക്കര ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസില്‍ വിക്ടര്‍ പിടിയിലാവുകയും പ്രതിക്ക് 2010 ല്‍ നടന്ന 14കാരന്റെ ദുരൂഹ മരണത്തില്‍ ബന്ധമുണ്ടെന്ന് ആരോപണം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ കേസ് പോലീസ് വീണ്ടും പൊടിതട്ടിയെടുത്തത്. വീണ്ടും അന്വേഷിക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമായിരുന്നു.

മരിച്ച 14കാരന്റെ സഹോദരിയെ പീഡിപ്പിക്കുമെന്ന് വിക്ടര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി മരിച്ചതിന് ശേഷവും വിക്ടര്‍ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കുടുംബം പിന്നീട് സഹികെട്ട് ഇവിടെ നിന്ന് മാറിപ്പോവുകയായിരുന്നു.

കുട്ടിയുടെ മരണം ആദ്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇപ്പോള്‍ കൊട്ടാരക്കര ഡിവൈഎസ്പി. അന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഇദ്ദേഹമാണ്. സംഭവത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.

പഴയ റിപ്പോര്‍ട്ടിന് സമാനമായ കാര്യങ്ങള്‍ തന്നെയാണ് ചുരുങ്ങിയ വാചകത്തില്‍ അദ്ദേഹം ഇപ്പോഴും പറയുന്നത്. ഈ റിപ്പോര്‍ട്ടില്‍ വിശദാംശങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം റൂറല്‍ എസ്പി തള്ളിയത്. ഉടന്‍ തന്നെ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിവൈഎസ്പിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

2010ല്‍ കുട്ടി മരിച്ചതിന് ശേഷം അമ്മയും സോഹദരിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യയാണെന്നും ദുരൂഹതയില്ലെന്നും ചൂണ്ടിക്കാട്ടി അന്ന് വിശദമായ അന്വേഷണം നടത്താതെ പോലീസ് കേസ് ഒതുക്കി. ഇപ്പോള്‍ കുട്ടിയുടെ മരണത്തില്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇനി ക്രൈംബ്രാഞ്ച് ആയിരിക്കും കേസ് അന്വേഷിക്കുക.

അതേസമയം, കുണ്ടറയില്‍ പീഡനത്തിന് ഇരയായ ശേഷം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ പോക്‌സോ നിമയ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മുത്തശ്ശന്‍ പീഡിപ്പിക്കുന്ന കാര്യം അറിഞ്ഞിട്ടും രഹസ്യമാക്കി വച്ചുവെന്നാണ് ആരോപണം.












Click it and Unblock the Notifications