ഇ അഹമ്മദിന്റെ പിന്‍ഗാമി കുഞ്ഞാലിക്കുട്ടി...? പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും..
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് പികെ കുഞ്ഞാലിക്കുട്ടിയെന്ന് സൂചന
കോഴിക്കോട്: ഇ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് മുസ്ലിം ലീഗിലുണ്ടായ വിടവ് നികത്തുക താനായിരിക്കുമെന്ന കൃത്യമായ സൂചന നല്‍കി പികെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവെ വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തില്‍ താന്‍ അനിവാര്യനാണെന്ന് കരുതുന്നില്ലെന്നും മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയില്‍ ലീഗ് നേതാവ് പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയമാണ് കണ്ണുവെയ്ക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയായാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്.

ഇ അഹമ്മദിന്റെ മരണത്തോടെ മലപ്പുറം ലോകസഭാമണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണം എന്നത് സംബന്ധിച്ച് മുസ്ലിം ലീഗില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടായിരുന്നു.

മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ കൂടിയായ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി ലീഗ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പരിഗണനാ ലിസ്റ്റിലുണ്ട്.

ഇ അഹമ്മദിന്റെ സ്ഥാനത്ത് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ മുസ്ലിം ലീഗില്‍ നടന്ന ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുണ്ട് എന്നാണ് വിവരം. ഈ മാസം 25ന് നടക്കുന്ന ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.

കുഞ്ഞാലിക്കുട്ടി മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവണമെന്നും ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെ നയിക്കണമെന്നും ലീഗിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. . എന്നാല്‍ പാര്‍ലമെന്‍റിന് ഇനി രണ്ട് വര്‍ഷ കാലാവധിയേ ഉള്ളു. അതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന അഭിപ്രായവും ഒരു പക്ഷം ഉയര്‍ത്തുന്നുണ്ട്.

കുഞ്ഞാലിക്കുട്ടി നിലവില്‍ വേങ്ങര നിയമസഭാമണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത മത്സരിക്കുകയാണ് എങ്കില്‍ വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായും വരും. അങ്ങനെയെങ്കില്‍ വേങ്ങരയില്‍ സാധ്യത അബ്ദുറഹ്മാന്‍ രണ്ടത്താണിക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലപ്പുറത്തെ മിക്ക സീറ്റുകളുടേയും അവസ്ഥ എന്ന പോലെ ലീഗിന് ഉറച്ച സീറ്റാണ് മലപ്പുറം ലോകസഭാ മണ്ഡലവും. കഴിഞ്ഞ തവണ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഇ അഹമ്മദ് കാര്യമായി പ്രചരണത്തിന് ഇറങ്ങാഞ്ഞിട്ട് പോലും പാട്ടുംപാടി ജയിച്ച മണ്ഡലം. ഇവിടെ ലീഗ് ആരെ ഇറക്കിയാലും പുഷ്പം പോലെ ജയിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications