അധികാരത്തെ ചിരിച്ച് തോല്പിക്കലാണ് അഭികാമ്യമെന്ന് നോവലിസ്റ്റ് സി രാധാകൃഷ്ണന്‍
പാലക്കാട്: അധികാരത്തെ ചിരിച്ച് തോല്പിക്കലാണ് അഭികാമ്യമെന്ന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍. കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ രണ്ടുദിവസമായി നടന്നുവന്ന കുഞ്ചന്‍ ദിനാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവുംവലിയ സാംസ്‌കാരികകേന്ദ്രമാണ് കുഞ്ചന്‍ സ്മാരകമെന്നും മലയാളിയെ ചിരിക്കാന്‍ പഠിപ്പിച്ചത് നമ്പ്യാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്മാരകം അധ്യക്ഷന്‍ ഇ. രാമചന്ദ്രന്‍ സമ്മേളനത്തിലും അധ്യക്ഷനായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍, ഒറ്റപ്പാലം നഗരസഭാധ്യക്ഷന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി, ലക്കിടി-പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപ നാരായണന്‍, ജില്ലാ പഞ്ചായത്തംഗം യു. രാജഗോപാല്‍, സ്മാരകം സെക്രട്ടറി കെ. ചന്ദ്രന്‍കുട്ടി, ഭരണസമിതി അംഗങ്ങളായ പി.കെ.ജി. നമ്പ്യാര്‍, ഐ.എം. സതീശന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. രാമന്‍കുട്ടി നായര്‍ക്ക് (ആര്‍.എന്‍. പീറ്റക്കണ്ടി) സി. രാധാകൃഷ്ണന്‍ ഈ വര്‍ഷത്തെ കുഞ്ചന്‍ അവാര്‍ഡ് സമാനിച്ചു. പി.കെ. രാമന്‍കുട്ടിനായരുടെ മറുപടിപ്രസംഗവുമുണ്ടായി.

വി.എസ്. ശര്‍മ എന്‍ഡോവ്‌മെന്റ് വിതരണം, കുഞ്ചന്‍ സ്മാരക വായനശാലയുടെ തുള്ളല്‍ ആലാപനമത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം, യുവജനോത്സവ തുള്ളല്‍ വിജയികളെ അനുമോദിക്കല്‍ എന്നിവയും നടന്നു. സമാപനസമ്മേളനത്തിനുശേഷം അവാര്‍ഡ് ജേതാവിന്റെ തുള്ളല്‍ അവതരണവും തുടര്‍ന്ന് കലാപീഠം വിദ്യാര്‍ഥികളുടെ നൃത്തനൃത്യങ്ങളുമുണ്ടായി.












Click it and Unblock the Notifications