'മഴ ഇനിയും പെയ്യില്ലേ, എന്തെങ്കിലും കാണിച്ച് കൂട്ടി പോകാനാകുമോ?'; രൂക്ഷവിമർശനവുമായി അടൂർ പ്രകാശ്
കൂരിയാട് ദേശീയപാത തകർന്നതിൽ രൂക്ഷവിമർശനവുമായി യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്. ദേശീയ പാത അതോറിറ്റി ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ പ്രവർത്തിക്കുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗതാഗത മന്ത്രി പലയിടങ്ങളിലും പോയി ഫോട്ടോഷൂട്ട് നടത്തുന്നുണ്ട്. ദേശീയപാത വികസനം സംസ്ഥാന സർക്കാരിൻറെ നേട്ടമായി അവതരിപ്പിക്കുന്നുണ്ട്. ഇത് നേട്ടമായി എങ്ങനെ അവതരിപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.
മഴയെ കുറ്റപ്പെടുത്തി രക്ഷപ്പെടുത്താനാകില്ല. നാളെ മഴ പെയ്യില്ലേ? മഴയെ പ്രതിരോധച്ച് മുന്നോട്ട് പോകേണ്ട നിർമ്മാണമല്ലേ നടത്തേണ്ടത്? ജനങ്ങൾ കടുത്ത ആശങ്കയിലാണ്. മഴ കാരണമാണ് ദേശീയ പാത ഇടിഞ്ഞതെന്നാണ് വാദം. മഴ ഇനിയും പെയ്യില്ലേ? ശാസ്ത്രീയ പരിഹാരം കാണേണ്ടതിന് പകരം എന്തെങ്കിലുമൊക്കെ കാണിച്ച് കൂട്ടി പോകുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്. എത്രയും പെട്ടെന്ന് വിഷയത്തിൽ പരിഹാരം കാണണം', അടൂർ പ്രകാശ് പറഞ്ഞു.

'ഇന്നലെ റോഡ് ഇടിഞ്ഞപ്പോൾ കഷ്ടിച്ചാ ആള് രക്ഷപ്പെട്ടത്... ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്'; കുഞ്ഞാലിക്കുട്ടി
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അടിയന്തരമായി വിഷയത്തിൽ പരിഹാരം കണ്ടെത്തണമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്രസർക്കാർ മാനദണ്ഡം അനുസരിച്ചാണ് റോഡ് നിർമ്മാണമെങ്കിലും സംസ്ഥാന സർക്കാരിന് പല നിലയ്ക്കും അധികാരം ഉണ്ട്. സംസ്ഥാന സർക്കാരാണ് ആദ്യം വിഷയത്തിൽ ഇടപെട്ട് നടപടി കൈക്കൊള്ളേണ്ടത്.
റോഡ് ഒന്നാകെ അങ്ങ് ഇരുന്നിരിക്കുന്നു. നിർമ്മാണം അശാസ്ത്രീയമാണെന്നും ഇവിടെ പാലം വേണമെന്നും ഞങ്ങൾ തുടക്കം മുതൽ ആവശ്യപ്പെട്ടതാണ്. കളക്ട്രേറ്റിൽ ഇന്ന് ചേർന്ന യോഗത്തിൽ കളക്ടർ ഉൾപ്പെടെയുള്ള അധികൃതർ പങ്കെടുത്തിരുന്നു. ഇത് പോലുള്ള മേഖലകളിൽ ഇത്തരം നിർമ്മാണങ്ങൾ അല്ല പാലം തന്നെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറത്ത് മാത്രമല്ല കേരളത്തിൽ പലയിടങ്ങളിലും ദേശീയ പാതകളിൽ വിള്ളൽ വന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ ഒന്നും തന്നെ പരിഗണിക്കാതെ നിർമ്മാണം നടത്തി പോകുന്ന സമീപനമാണ് ദേശീയ പാത അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്. നാളെ സാങ്കേതിക വിദഗ്ധർ വന്ന് പരിശോധിച്ച് കൃത്യമായ മറുപടി നൽകണം. കഴിഞ്ഞ ദിവസം ആളപായം ഉണ്ടാകേണ്ടതാണ്. എന്നാൽ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇപ്പോഴും മുന്നറിയിപ്പ് നൽകുകയാണ്. ഇതും ചെവികൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകും, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.












Click it and Unblock the Notifications