പണിതിട്ടും പണിതിട്ടും പണി തീരാതെ കുതിരാന്‍ തുരങ്കം: പണി നിര്‍ത്തിവെച്ചത് ശമ്പള കുടിശ്ശിക കാരണം!!
തൃശൂര്‍: കുതിരാനില്‍ തുരങ്കനിര്‍മാണം തടസപ്പെട്ടിട്ട് രണ്ടരമാസം പിന്നിട്ടു. ഇനിയും അനിശ്ചിതാവസ്ഥ നീളാനാണ് സാധ്യത. ഫെബ്രുവരി 24 ന് ശമ്പള കുടിശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കരാറേറ്റെടുത്ത പ്രഗതി കമ്പനി തുരങ്കത്തിനകത്തെ ജോലികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ശമ്പള കുടിശിക നല്‍കാതെ പണിക്കിറങ്ങില്ലെന്ന നിലപാടായിരുന്നു പ്രഗതിയുടെ തൊഴിലാളികളും ജീവനക്കാരും സ്വീകരിച്ചത്.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ ആരുംതന്നെ ഇതുവരെ ഒത്തുതീര്‍പ്പിന് മുന്‍കൈ എടുത്തിട്ടില്ല. നിലവില്‍ പ്രഗതിയുടെ മാത്രമല്ല തുരങ്കനിര്‍മാണം കരാറേറ്റെടുത്ത കെഎംസിയുടെയും നിര്‍മാണ ജോലികളും നിലച്ചിരിക്കുകയാണ്. നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നില്ല. പ്രഗതി കമ്പനിയും പണികള്‍ തുടങ്ങുന്നതിനെ കുറിച്ച് അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിര്‍മാണ പ്രവൃത്തികളുടെ മൊത്തം കരാര്‍ ഏറ്റെടുത്തിട്ടുള്ള കെഎംസി, നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ബാങ്കുകള്‍ ഫണ്ട് നല്‍കാതിരുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയത്. കോടികളുടെ കുടിശികയാണ് പ്രഗതിക്ക് ലഭിക്കാനുള്ളതെന്നാണ് വിവരം. ഇതിനിടെ കമ്പനി ഹിമാചലില്‍ തുരങ്കനിര്‍മാണ തിരക്കിലാണെന്നും പറയുന്നു.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഗതാഗതത്തിന് വിട്ടുനല്‍കാനിരുന്ന ഇരട്ടക്കുഴല്‍ തുരങ്കപാത നിര്‍മാണം അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. തുരങ്കങ്ങളുടെ ഇരുഭാഗത്തെയും പ്രവേശന വഴികളുടെ പണികള്‍, തുരങ്കത്തിനകത്ത് ലൈനിങ്, അഴുക്കുചാല്‍ നിര്‍മാണം, കോണ്‍ക്രീറ്റ് ജോലികള്‍ എന്നിവ പൂര്‍ത്തിയാക്കിയിട്ടില്ല. ഒന്നാം തുരങ്കം ഏകദേശം ഉപയോഗ യോഗ്യമായപ്പോഴും രണ്ടാമത്തെ തുരങ്കം പകുതിയോളം പണികള്‍ ബാക്കി കിടക്കുകയാണ്. സര്‍ക്കാരില്‍നിന്നു കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നതിനായി കരാര്‍, നിര്‍മാണ കമ്പനികള്‍ ഒത്തുകളിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications