കുവൈറ്റ് ദുരന്തം; കേന്ദ്രത്തിൽ നിന്നും ഉണ്ടായത് ശരിയല്ലാത്ത നടപടി,ഇപ്പോൾ വിവാദത്തിന് ഇല്ല; മുഖ്യമന്ത്രി
കൊച്ചി; കുവൈത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ കുവൈത്തുമായി ആവശ്യമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ ഇപ്പോൾ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് തുടർന്നും ഉണ്ടാവണം', അദ്ദേഹം പറഞ്ഞു.
മന്ത്രി വീണ ജോർജിന് കുവൈത്തിലേക്ക് പോകാൻ അനുമതി നിഷേധിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ശരിയല്ലാത്ത കാര്യങ്ങൾ ഉണ്ടായി. വീണാ ജോർജ് ഇവിടെ വിമാനത്താവളം വരെ വന്ന ശേഷമാണ് തിരികെ പോയത്. ഇപ്പോൾ അത് വിവാദമാക്കുന്നില്ലെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

'കേരളത്തിന്റെ ജീവനാഡിയായാണ് പ്രവാസികളെ കാണുന്നത്. പ്രവാസ ജീവിതത്തിനിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിൽ സംഭവിച്ചത്. മരണപ്പെട്ടവരിൽ 31 പേരുടെ മൃതദേഹമാണ് ഇവിടെ എത്തിയത്. അതിൽ 23 പേർ മലയാളികളും ഏഴു പേർ തമിഴ്നാട്ടുകാരും ഒരാൾ കർണാടക സ്വദേശിയുമാണ്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചത്. ദുരന്തം ഉണ്ടായപ്പോൾ തന്നെ കുവൈത്ത് സർക്കാർ ഫലപ്രദവും ശക്തമായ നടപടികളാണ് സ്വീകരിച്ചത്. കുവൈത്ത് സർക്കാരിന്റെ തുടർ നടപടികൾ കുറ്റമറ്റതായ രീതിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരന്ത വാർത്ത അറിഞ്ഞപ്പോൾ കേന്ദ്ര സർക്കാരും ശരിയായ രീതിയിൽ ഇടപെട്ടു.നമ വിദേശകാര്യ സഹമന്ത്രി അവിടെ പോവുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സ്വീകരിച്ച രീതികൾ ഫലപ്രദമാണ്. അതേരീതിയിൽ കുറ്റമറ്റ നടപടി കുവൈത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈത്ത് സർക്കാർ തന്നെ നേതൃത്വം കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലപ്രദമായ ഇടപെടൽ കുവൈത്തുമായി ബന്ധപ്പെട്ട് കൊണ്ട് കേന്ദ്രസർക്കാരും നടത്തേണ്ടതുണ്ട്. സംസ്ഥാനത്തുണ്ടായ വലിയ ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനം നാടാകെ രേഖപ്പെടുത്തുന്ന ഘട്ടമാണിത്. ഞെട്ടലോടെയാണ് നാടാകെ ഈ വാർത്ത കേട്ടത്. ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് കാര്യങ്ങൾ പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടമുണ്ട്.
എന്റെ അഭിപ്രായത്തിൽ ശരിയല്ലാത്ത കാര്യങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ പോകുന്നില്ല. മന്ത്രി വീണ ജോർജ് അവിടെ പോകാൻ നിശ്ചയിച്ചതാണ്. മന്ത്രി വീണാ ജോർജ് വിമാനത്താവളം വരെ എത്തി. എന്നിട്ടും പൊട്ടീഷ്യൽ ക്ലിയറൻസ് ലഭിച്ചില്ല.ഇപ്പോൾ ഇത് വിവാദമാക്കുന്നില്ല. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ഏകോപിതമായ മനസോടെ തന്നെ ഈ കുടംബങ്ങളെ സഹായിക്കുകയാണ് വേണ്ടത്. അതിന് കുവൈത്തുമായുള്ള ബന്ധം കേന്ദ്രസർക്കാർ നിരന്തരം പുലർത്തണം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications