കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ പോരാളികള്‍ മൃതദേഹങ്ങളെ പോലും അപമാനിക്കുന്നു; ഇങ്ങനെ തരംതാഴരുത്- കെയുഡബ്ല്യുജെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം:കോട്ടയത്ത് മാതൃഭൂമി വാര്‍ത്ത സംഘം സഞ്ചരിച്ച വള്ളം അപടകത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമ വിമര്‍ശനത്തിന്‍റെ പേരില്‍ മൃതദേഹത്തെ പോലും അമപാനിക്കുന്ന രീതിയിലേക്ക് സോഷ്യല്‍ മീഡിയയിലെ പോരാട്ടക്കാര്‍ തരം താഴരുതെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്‍റ് കമാല്‍ വരദൂരും ജനറല്‍ സെക്രട്ടറി സി നാരായണനും പറഞ്ഞു.

മരണപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള സംഘം സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത തയ്യാറാക്കാന്‍ പോയവരല്ല. മുണ്ടാറിലെ ദുരിതങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ദുരിതങ്ങളുടെ നേര്‍ ചിത്രങ്ങള്‍ പുറംലോകത്തെ അറിയിക്കുക എന്നത് മാധ്യമ ധര്‍മമാണ് എന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്.

KUWJ

ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ തങ്ങള്‍ക്കൊപ്പം കേരള സമൂഹവും അണിചേരണം എന്നും പത്രക്കുറിപ്പില്‍ കെയുഡബ്ല്യുജെ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിന്‍റെ പൂര്‍ണരൂപം

മാധ്യമങ്ങളെ വിമര്‍ശിക്കുന്നു എന്ന പേരും പറഞ്ഞ്‌ മൃതദേഹത്തെ പോലും അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന മനുഷ്യവിരുദ്ധമായ മാനസികാവസ്ഥയിലേക്ക്‌ സോഷ്യല്‍ മീഡിയയിലെ പോരാട്ടക്കാരായ മാധ്യമവിമര്‍ശകര്‍ തരംതാഴരുതെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട്‌ കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

കോട്ടയം ജില്ലയിലെ മുണ്ടാറില്‍ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ പ്രകൃതിക്ഷോഭത്തില്‍പ്പെട്ട്‌ മുങ്ങിമരിച്ചു പോയവരെ പരിഹസിക്കാനാണ്‌ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ശ്രമം നടന്നത്‌. ആഴ്‌ചകളായി ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ ദുരിതങ്ങള്‍ പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സ്വന്തം സുരക്ഷ പോലും അവഗണിച്ച്‌ പ്രവര്‍ത്തിച്ചവര്‍ക്കാണ്‌ അവിശ്വസനീയമായ ദുരന്തമുണ്ടായത്‌. ജീവന്‍ വക വെക്കാതെ നടത്തിയ യാത്രയുടെ അന്ത്യം. ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന സംഭവമാണിത്‌. പക്ഷേ ആ ഹതഭാഗ്യരായ മാധ്യമപ്രവര്‍ത്തകരുടെ സേവനമനോഭാവത്തെ പരിഹസിക്കാനും മരിച്ചതില്‍ ആഹ്ലാദിക്കാനുമാണ്‌ ചിലര്‍ തയ്യാറായത്‌. " സര്‍ക്കാര്‍ വിരുദ്ധവാര്‍ത്ത എഴുതാന്‍ പോയവരുടെ ഡെഡ്‌ബോഡി കിട്ടിയിട്ടുണ്ട്‌ " എന്ന നിലയിലുള്ള പരിഹാസമാണ്‌ ഉണ്ടായത്‌. ഇത്രയധികം അധമമനസ്സുള്ളവരായിത്തീര്‍ന്നോ സോഷ്യല്‍മീഡിയയിലെ പ്രതികരണക്കാര്‍.

മരണപ്പെട്ടവരുള്‍പ്പെടെ, തിങ്കളാഴ്‌ച അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ആരും സര്‍ക്കാര്‍ വിരുദ്ധവാര്‍ത്ത തയ്യാറാക്കാന്‍ പോയതല്ല. സര്‍ക്കാറിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍ വിഷയങ്ങള്‍ കൊണ്ടുവരികയായിരുന്നു ഉദ്ദേശം. വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും സര്‍ക്കാര്‍ സൃഷ്ടിയാണെന്ന്‌ ഞങ്ങളാരും പറഞ്ഞിട്ടില്ല. പ്രകൃതിക്ഷോഭദുരിതങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക്‌ ആശ്വാസം എത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നിരീക്ഷണവിധേയമാക്കാനുള്ള ജനകീയമായ ഉത്തരവാദിത്തം മാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്‌. മാത്രമല്ല, ദുരിതങ്ങളുടെ നേര്‍ച്ചിത്രം പുറംലോകത്തെ അറിയിക്കാനുള്ള ബാധ്യതയും മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഇത്‌ മാധ്യമ ധര്‍മ്മമാണ്‌. സര്‍ക്കാരിന്‌ അനിഷ്ടം തോന്നുന്ന വാര്‍ത്തളെല്ലാം ഒഴിവാക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പ്രവര്‍ത്തിക്കാനാകില്ല. മാധ്യമങ്ങള്‍ പരസ്‌പരം മല്‍സരത്തിലാണ്‌ എന്നൊക്കെ വിമര്‍ശിച്ചാലും മാധ്യമപ്രവര്‍ത്തനം സമൂഹത്തിനു വേണ്ടിയുള്ളതാണ്‌. പ്രകൃതിദുരന്ത റിപ്പോര്‍ട്ടിങുകള്‍ ആത്യന്തികമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടിയാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്‌ മാധ്യമപ്രവര്‍ത്തകരുടെ പേനയും ക്യാമറയും.

സമീപനങ്ങളെ വിമര്‍ശിക്കുമ്പോഴും വസ്‌തുതകള്‍ അംഗീകരിക്കപ്പെടേണ്ടതായിട്ടുണ്ട്‌. എന്തു സംഭവമുണ്ടാകുമ്പോഴും ജനം അതറിയാന്‍ ആകാംക്ഷയുള്ളവരാണ്‌. രാവും പകലും ഭേദമില്ലാതെ ആ വാര്‍ത്തകളും ചിത്രങ്ങളും എന്തു റിസ്‌കും സഹിച്ച്‌ ശേഖരിച്ച്‌ എത്തിക്കുന്നത്‌ മാധ്യമപ്രവര്‍ത്തകരാണ്‌. അവര്‍ നിര്‍വ്വഹിക്കുന്ന സാമൂഹ്യധര്‍മത്തെ, ഒറ്റപ്പെട്ട അനഭിലഷണീയ സമീപനം പെരുപ്പിച്ചു കാട്ടി തമസ്‌കരിക്കാനും പരിഹസിക്കാനും ശ്രമിക്കുന്നത്‌ ശരിയല്ല. സമൂഹത്തിനു മുന്നില്‍ തുറന്നു വെച്ച ജനാധിപത്യത്തിന്റെ വലിയ കണ്ണാടിയാണ്‌ മാധ്യമങ്ങള്‍.

തിങ്കളാഴ്‌ച അപകടത്തില്‍പ്പെട്ട്‌ മരണമടഞ്ഞ രണ്ടു പേരും ഉയര്‍ന്ന ശമ്പളമോ സൗകര്യങ്ങളോ ഒന്നും അനുഭവിച്ച്‌ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരല്ല. വളരെ സാധാരണക്കാരായ, വളരെ ചെറിയ വേതനം മാത്രം കൈപ്പറ്റുന്നവര്‍. ഇവരുടെ തിരോധാനത്തോടെ അനാഥമാകുന്ന കുടുംബങ്ങള്‍. ഇത്തരം ധാരാളം മാധ്യമജീവനക്കാര്‍ ഈ സമൂഹത്തിലുണ്ട്‌. ഇവരുടെ നിസ്വാര്‍ഥമായ അധ്വാനത്തിന്റെ ഫലമാണ്‌ നാം സുരക്ഷിതരായി ഇരുന്ന്‌ കാണുകയും വായിക്കുകയും ചെയ്യുന്ന വാര്‍ത്തകളും ചിത്രങ്ങളും പിന്നീട്‌ അതു മൂലം സമൂഹത്തിലാകെയും ജനങ്ങള്‍ക്കും ലഭ്യമാകുന്ന നേട്ടങ്ങളും.

മാധ്യമങ്ങളെ വിമര്‍ശിക്കുന്നതിനപ്പുറം, എല്ലാറ്റിലും അസഹിഷ്‌ണുതയോടെ കൂട്ടമായി ആക്രമിക്കുന്ന പ്രവണതയുടെ അനന്തരഫലമാണ്‌ സമൂഹത്തിനായി ജീവന്‍ നല്‍കിയ രണ്ടുപേരുടെ മരണത്തിനെ പോലും പരിഹസിക്കാനുള്ള ഒരു കൂട്ടം ആളുകളുടെ വ്യഗ്രത. ഇതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

ദുരന്തത്തിനിരയായവരുടെ നിസ്സഹായരായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കലാണ്‌ ഇപ്പോള്‍ ഈ സമൂഹത്തിന്‌ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കര്‍ത്തവ്യം. അതിന്‌ ഞങ്ങള്‍ക്കൊപ്പം ചേരണമെന്ന്‌ കേരളീയ സമൂഹത്തോട്‌ അഭ്യര്‍ഥിക്കുന്നു. അകാലത്തില്‍ മറഞ്ഞുപോയ രണ്ടു സഹജീവികളുടെ ദീപ്‌തമായ ഓര്‍മയ്‌ക്കു മുന്നില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകസമൂഹം കണ്ണീരോടെ തലകുനിക്കുന്നു.

സി.നാരായണന്‍ (ജനറല്‍ സെക്രട്ടറി)

കമാല്‍ വരദൂര്‍ (പ്രസിഡണ്ട്‌)

English summary
KUWJ criticse the celebration of Social Media on the death two media persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X