കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; ഇനി കാത്തിരിക്കാനാകില്ലെന്ന് കെ സുധാകരൻ
കൊച്ചി; മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ വി തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. കെ പി സി സി അധ്യക്ഷൻ കെ സുധാകരനാണ് പാർട്ടി തീരുമാനം അറിയിച്ചത്. കെ ഇനി കാത്തിരിക്കാനാകില്ലെന്നും കെ പി സി സി അംഗീകാരത്തോടെയാണ് തിരുമാനമെന്നും സുധാകരൻ പറഞ്ഞു. ഇന്ന് തൃക്കാക്കരയിൽ എൽ ഡി എഫ് കൺവെൻഷനിൽ കെവി തോമസ് പങ്കെടുത്തിരുന്നു. പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് നേതൃത്വം കടന്നത്.
പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു നടപടി. ഇതിന് ശേഷവും നേതൃത്വത്തിനെതിരെ കടുത്ത വിമർശനമായിരുന്നു കെവി തോമസ് ഉന്നയിച്ചത്.

ഇതിനിടയിൽ തൃക്കാക്കരയിൽ താൻ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുമെന്ന് കഴിഞ്ഞ ദിവസം കെ വി തോമസ് പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നായിരുന്നു വെല്ലുവിളി. നേതൃത്വത്തിനെ വെല്ലുവിളിച്ച് കെ വി തോമസ് രംഗത്തെത്തിയതോടെ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന സൂചന നൽകി കെ സുധാകരൻ രംഗത്തെത്തുകയായിരുന്നു.
കെ വി തോമസ് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കോൺഗ്രസിന്റെ മനസിൽ ഇല്ലെന്നും കെ സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാർട്ടിയുടെ മനസിൽ നേതൃത്വം ഇല്ലാത്തതിനാൽ ഇനി പുറത്താക്കലിന് പ്രധാന്യം ഇല്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. അതേസമയം കെ വി തോമസിനെതിരെ കെ പി സി സി നേതൃത്വത്തിന് തന്നെ നടപടിയെടുക്കാമെന്ന് വ്യക്തമാക്കി പിന്നീട് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചിരുന്നു.
ഇന്ന് എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുത്ത കെവി തോമസ് കോൺഗ്രസ് നേതൃത്വത്തിനെ കടന്നാക്രമിക്കുന്ന നിലപാട് ആവർത്തിക്കുകയായിരുന്നു. വികസന വിരോധികളാണ് കോൺഗ്രസ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.












Click it and Unblock the Notifications