'കെവി തോമസ് ഒരു വർഷമായി സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ;രാഷ്ട്രീയ അജണ്ട ഉണ്ടെന്നും സുധാകരൻ
തിരുവനന്തപുരം; കെവി തോമസിന് രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ആ അജണ്ടയുടെ ഭാഗമായിട്ടാണ് അദ്ദേഹം സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്.ഇതു വഴി അദ്ദേഹം കോൺഗ്രസ് പാർട്ടിയെ ഒറ്റുക്കൊടുത്തിരിക്കുകയാണ്.
കെ വി തോമസ് ഒരു വർഷമായി സി പി എമ്മുമായി ബന്ധം പുലർത്തുന്നുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു.

സി പി എമ്മുമായി കെ വി തോമസ് ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ദില്ലിയിൽ പോകുമ്പൊഴെല്ലാം സി പി എമ്മിന്റെ ഓഫീസിലെത്തുകയും സീതാറാം യെച്ചൂരിയെ അദ്ദേഹം കാണുകയും ചെയ്യാറുണ്ട്. ഇത് പല തവണ വിലക്കിയിരുന്നു. യെച്ചൂരിയുമായി വ്യക്തിബന്ധം സൂക്ഷിക്കാം. എന്നാൽ കെവി തോമസിനെ പോലൊരാൾ സിപിഎം ഓഫീസിൽ കയറി ഇറങ്ങുന്നത് ശരിയായ നടപടിയല്ല. ഇവിടെ അദ്ദേഹത്തിന്റെ റിസോർട്ട് സെന്ററിൽ സി പി എം നേതാക്കളെ കൊണ്ടുവന്ന് ആതിഥ്യം കൊടുത്തിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിച്ച കെ വി തോമസിനെ പോലൊരാളുടെ ഇത്തരം നടപടികൾ പാർട്ടിയെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കെവി തോമസിനെ പുറത്താക്കുമോയെന്നതൊക്കെ ഹൈക്കമാന്റ് ആണ് തിരുമാനിക്കേണ്ടത്. ദേശീയ നേതൃത്വം എന്ത് തിരുമാനം കൈക്കൊണ്ടാലും ഞങ്ങൾ അത് അംഗീകരിക്കും. തന്നെ പുറത്താക്കുകയെന്ന അജണ്ട നടപ്പാക്കുകയാണ് സുധാകരൻ എന്ന കെവി തോമസിന്റെ പ്രതികരണം സംബന്ധിച്ച് മറുപടി ഇങ്ങനെ-കെ വി തോമസ് തന്നെ സംബന്ധിച്ച് ഒരു ഭീഷണിയല്ല. പിന്നെ എന്തിന് താൻ അദ്ദേഹത്തിനെതിരെ അജണ്ട നടപ്പാക്കുന്നതെന്ന് സുധാകരൻ ചോദിച്ചു. അദ്ദേഹത്തിനാണ് രാഷ്ട്രീയ അജണ്ട ഉള്ളത്. അത് അദ്ദേഹത്തിന് വേണ്ടിയാണോ അതോ മാറ്റാർക്കെങ്കിലും വേണ്ടിയാണോ എന്ന് തനിക്ക് അറിയില്ല.

കേരളത്തിൽ പ്രവർത്തകരുടെ വികാരം മാനിക്കാൻ ബാധ്യതപ്പെട്ടവരാണ് നേതാക്കൾ.
പാർട്ടിയെ ഒറ്റുകൊടുത്ത വ്യക്തിയായി മാത്രമേ ഇപ്പോൾ കെവി തോമസിനെ കാണാൻ സാധിക്കുകയുളളൂ. കെവി തോമസിനെതിരായി സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ പ്രവൃത്തികൊണ്ടാണ്. അതിൽ കോൺഗ്രസിന് ഒരു പങ്കും ഇല്ല. കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന് തെളിയിച്ചാൽ അക്കാര്യത്തിൽ കുമ്പസരിക്കാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. സൈബർ ആക്രമണത്തെ പാർട്ടി പ്രോത്സാഹിപ്പിക്കില്ല. നേതാക്കളുടെ പ്രവൃത്തികളിൽ ചിലർ വിമർശനം ഉയർത്താറുണ്ട്. അത്തരം കാര്യങ്ങളഅ നിയന്ത്രിച്ച് വരികയാണ്. തോമസ് മാഷിന് പരാതി ഉണ്ടായിരുന്നുവെങ്കിൽ പാർട്ടി നേതൃത്വത്തോട് പറയുകയാണ് വേണ്ടത്. അല്ലാതെ സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുകയല്ലെന്നും കെ സുധാകരൻ പറഞ്ഞു.
Recommended Video

തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുകയെന്ന അജണ്ടയാണ് കെ സുധാകരൻ നടപ്പാക്കുന്നതെന്നായിരുന്നു കെ വി തോമസ് ആരോപിച്ചത്. കെവി തോമസ് പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സുധാകരനല്ല കോൺഗ്രസ്. തനിക്ക് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പിന്തുണ ഉണ്ട്. എന്ത് നടപടി അധ്യക്ഷ സ്വീകരിച്ചാലും താൻ കോൺഗ്രസുകാരനായി തന്നെ തുടരും. തന്നോട് പാർട്ടിയിൽ ചേരാൻ സി പി എം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു. പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ് കെ പി സി സി. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. താക്കീതോ സസ്പെപെൻഷനോ വേണമെന്ന നിർദ്ദേശവും ഉണ്ട്. എ കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിലപാട് കൂടി തേടിയ ശേഷമാകും അന്തിമ തീരുമാനം.












Click it and Unblock the Notifications