കെവി തോമസ് ഇനി ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി; കാബിനറ്റ് റാങ്കോടെ നിയമനം
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം. നേരത്തെ എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്.

ദേശീയ നേതൃത്വത്തിന്റെ നിർദേശം തള്ളി കെവി തോമസ് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് പിന്നാലെ തന്നെ സി പി എം കെവി തോമസിന് പ്രത്യേക പദവികൾ നൽകിയേക്കുമെന്നുള്ള ചർച്ചകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമനം. കെവി തോമസിന്റെ ദീർഘകാലത്തെ ദില്ലി ബന്ധങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായുള്ള വ്യക്തി ബന്ധങ്ങളും ഉപയോഗപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് സി പി എം.
നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും സീറ്റ് ലഭിക്കാതിരുന്നതോടെയാണ് കെ വി തോമസ് കോൺഗ്രസ് നേതൃത്വവുമായി അകലുന്നത്. പിന്നീട് സി പി എമ്മുമായി തോമസ് അടുക്കുകയായിരുന്നു. കണ്ണൂരിൽ സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കരുതെന്ന ഹൈക്കമാന്റ് നിർദ്ദേശം തള്ളി കെ വി തോമസ് പരിപാടിയിൽ പങ്കെടുത്തു. മാത്രമല്ല യു ഡി എഫ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലും കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതോടെ അദ്ദേഹത്തെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസ് പുറത്താക്കുകയായിരുന്നു.
ഇടതുപക്ഷത്തും അദ്ദേഹം അപ്രസക്തനായെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഇപ്പോൾ അദ്ദേഹത്തിന് സംസ്ഥാന സർക്കാർ പുതിയ പദവി നൽകിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. നിലവിൽ ഇതേ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കേരളത്തിൽ രണ്ട് പ്രതിനിധികൾ ഉണ്ട്. മുതിർന്ന ഐ എസ് എസ് ഉദ്യോഗസ്ഥനെ കൂടാതെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജാമണിയും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്.












Click it and Unblock the Notifications