കടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനഃ ക്രമീകരിച്ച് ലേബർ കമ്മീഷണർ. വെയിലത്ത് ജോലി എടുക്കുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബർ കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ആണ് നടപടി.
ഫെബ്രുവരി 11 മുതൽ മേയ് 10 വരെയാണ് തൊഴിൽ സമയത്തിൽ ക്രമീകരണം. തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ വിശ്രമം അനുവദിച്ച് ജോലി സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി.

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുന ക്രമീകരിച്ചതായും ഉത്തരവിൽ പറയുന്നു.
സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. പുന ക്രമീകരിച്ച തൊഴിൽ സമയം അനുസരിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത് എന്ന് ഉറപ്പാത്താൻ പരിശോധന നടത്തുന്നതാണെന്നും ലേബർ കമ്മീഷണർ ഉത്തരവിൽ പറയുന്നു.












Click it and Unblock the Notifications