'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'
മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പുതുമുഖക്കാർക്ക് പാഠമാണെന്ന് ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. അത്തരമൊരു പദവിയിലെത്തുന്ന ആൾ എങ്ങനെ ആകരുതെന്നുള്ളതിൻ്റെ പാഠമാണ് ആര്യയെന്നും കേവല രാഷ്ട്രീയവും സജീവ രാഷ്ട്രീയവും എന്താണെന്ന് വേർതിരിച്ചറിയാൻ കഴിയാഞ്ഞതടക്കമുള്ള ഘടകങ്ങൾ ആര്യയ്ക്ക് വിനയായെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'ആര്യ രാജേന്ദ്രൻ സജീവ രാഷ്ട്രീയത്തിലെ പുതുമുഖക്കാർക്ക് ഒരു പാഠമാണ്. അത്തരം ഭരണ സ്ഥാനങ്ങളിൽ എത്തുന്നവർ എങ്ങനെ ആകരുത് എന്നതിന്റെ പാഠം !ഇപ്പോൾ ഇത് എഴുതാൻ കാരണം നിയമസഭ തെരഞ്ഞെടുപ്പിലും ആര്യയ്ക്ക് പാർട്ടി വലിയ റോൾ നൽകിയില്ല എന്ന വാർത്തയാണ് . ഇന്നലെ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പാർട്ടി പൊതുയോഗത്തിൽ കേവലം ഒരു കാഴ്ചക്കാരിയുടെ റോളിൽ ആര്യ ഒതുങ്ങുകയായിരുന്നു എന്നാണ് വാർത്ത.ഒരു കസേരയിൽ പോലും ഇരിക്കാതെ ഒരു ഭാഗത്ത് ഒതുങ്ങി നിന്ന ആര്യ, ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മടങ്ങുകയും ചെയ്തു എന്നും വാർത്തയിലുണ്ട്.

കേവല രാഷ്ട്രീയവും സജീവരാഷ്ട്രീയവും രണ്ടാണ് .പാർട്ടിയുടെ സ്ഥാനമാനങ്ങൾ വഹിക്കുമ്പോഴും പാർട്ടിയിലൂടെ അധികാരസ്ഥാനങ്ങളിൽ എത്തുമ്പോഴും മുഴുനീള രാഷ്ട്രീയ പ്രവർത്തകനായി നിൽക്കുമ്പോഴും നിങ്ങൾ സജീവ രാഷ്ട്രീയത്തിൻ്റെ പ്രതിനിധികളായി മാറുന്നു.അല്ലാത്ത പക്ഷം നിങ്ങൾ കേവല രാഷ്ട്രീയത്തിൻ്റെ പ്രതിനിധി മാത്രമാണ് . വിദ്യാർത്ഥി രാഷ്ട്രീയത്തെ ഒരിക്കലും സജീവ രാഷ്ട്രീയമായി കണക്കാക്കാൻ കഴിയില്ല.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും മേയർസ്ഥാനത്തേക്ക് പൊടുന്നനേ എത്തുമ്പോൾ
അത് സജീവ രാഷ്ട്രീയത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റമാണ്.അവിടെ പാർട്ടിക്ക് വിധേയയായി നിൽക്കുമ്പോഴും സജീവ രാഷ്ട്രീയം ആവശ്യപ്പെടുന്ന മറ്റുചില ഗുണഗണങ്ങൾ ആർജ്ജിക്കേണ്ടതുണ്ട്.
അതിൽ പ്രധാനമാണ് പാർട്ടിക്കാർ അല്ലാത്ത ജനങ്ങളോടും ഉള്ള പെരുമാറ്റരീതി. പിന്നെ നമ്മുടെ മാനറിസങ്ങൾ. മാനറിസം എന്നത് മികച്ചവസ്ത്രധാരണവും അംഗചലനങ്ങളും മാത്രമാണ് എന്ന് തെറ്റിദ്ധരിക്കണ്ട.അതിൽ വിനയത്തിന്റെയും എളിമയുടെയും ഭാവത്തിന് വലിയ പ്രാധാന്യമുണ്ട്.ശബ്ദത്തിന്റെ ടോണിന് വലിയ പ്രാധാന്യമുണ്ട്.അത് ആർജ്ജിക്കാതെ പോയതും പാർട്ടിയുടെ വിധേയത്വം എന്നത് സമ്പൂർണ്ണ അടിമത്തമായതും ആര്യയ്ക്ക് വിനയായി.
മേയർസ്ഥാനത്ത് ഇരിക്കുമ്പോഴുള്ള ആര്യയുടെ പാർട്ടി വിധേയത്വം എന്നത് ശരിക്കും പറഞ്ഞാൽ ജില്ലാ നേതൃത്വത്തോടുള്ള വിധേയത്വം ആയിരുന്നു എന്ന് മനസ്സിലാക്കാൻ നിരവധി ഉദാഹരണങ്ങൾ ഉണ്ട്.
ജില്ലാ നേതൃത്വത്തിന് ഒരു എതിർപക്ഷം പലപ്പോഴും ഉള്ളതും അതിൽ ഏതു പക്ഷമാണ് സംസ്ഥാന നേതൃത്വത്തിന് കൂടുതൽ സ്വീകാര്യം എന്നുമൊക്കെ മനസ്സിലാക്കി വിധേയത്വത്തിന് ശരിയായ നിർവചനം നൽകാൻ ആര്യയ്ക്ക് കഴിഞ്ഞുമില്ല.അത് മറ്റൊരു രാഷ്ട്രീയമാണ്. അതിനു കാരണം സജീവ രാഷ്ട്രീയം ആവശ്യപ്പെടുന്ന പക്വതയുടെയും രാഷ്ട്രീയ അനുഭവത്തിന്റയും അഭാവം തന്നെയാണ്. അത് രണ്ടും ഉള്ള ഒരാൾക്ക് വിനയം എന്നതും
പ്രായോഗിക ബുദ്ധി എന്നതും തനിയേ വന്നു ചേരുന്നതാണ്.
വീഴ്ചകളിൽ ആര്യയെ പിന്തുണയ്ക്കേണ്ടത് പാർട്ടിയുടെ ആവശ്യമായിരുന്നു.പക്ഷേ ആ പിന്തുണ തനിക്കുള്ള സമ്പൂർണ്ണ പിന്തുണയാണെന്നും, അതു താൻ മേയർ സ്ഥാനത്തു നിന്ന് പോയാലും, അടുത്ത തെരഞ്ഞെടുപ്പിൽ നഗരസഭയിൽ പാർട്ടി തോറ്റാലും തനിക്കുണ്ടായിരിക്കും എന്ന പക്വത ഇല്ലായ്മയിൽ നിന്നുള്ള തെറ്റായ ബോധ്യമാണ് ആര്യയ്ക്ക് വിനയായ മറ്റൊരു ഘടകം .എംഎൽഎ കൂടിയായ ഭർത്താവിന് കൊടുക്കുന്ന പിന്തുണ എന്തു തെറ്റ് ചെയ്താലും തനിക്കും കിട്ടുമെന്ന തെറ്റിദ്ധാരണ അതിന് ആക്കം കൂട്ടുകയും ചെയ്തു. ഒടുവിൽ നഗരസഭയിൽ ഭരണം പോയപ്പോൾ എല്ലാ കുറ്റവും ആര്യയുടെ തലയ്ക്കായി .ആ ഭരണ മാറ്റത്തിന് ഒരു പ്രധാന കാരണം ആര്യയാണ് എന്നല്ലാതെ ആര്യ മാത്രമാണ് എന്നത് ഒരിക്കലും ശരിയല്ല.അവിടെ പ്രവർത്തിച്ച നിരവധി ഘടകങ്ങൾ വേറെയുമുണ്ട് എന്ന് എല്ലാവർക്കും അറിയാം.
ഇത് എഴുതുമ്പോഴും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ധാരാളം പുതുമുഖങ്ങൾ എല്ലാ പാർട്ടികളിലും ഉണ്ട് എന്ന് മാത്രമല്ല ഭരണ സ്ഥാനത്തുമുണ്ട്.അവർക്ക് മുന്നിൽ ആര്യ ഒരു പാഠം തന്നെയായിരിക്കണം.നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്ന പുതുമുഖങ്ങൾക്കും ആര്യ പാഠമാണ്.പാഠങ്ങൾ പഠിക്കാൻ അവർക്കൊക്കെ കഴിയട്ടെ.വീഴ്ചകളും അനുഭവങ്ങളും പാഠങ്ങൾ ആക്കി, അതിൽ നിന്ന് പുതിയ ഊർജ്ജം ഉൾക്കൊണ്ട്,
സ്വയം നല്ല മാറ്റങ്ങൾക്ക് വിധേയയായി,കൂടുതൽ മികച്ച പൊതുപ്രവർത്തകയും ഭരണാധികാരിയുമായി മാറാൻ ആര്യയ്ക്ക് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഇതോടെ രാഷ്ട്രീയ വനവാസത്തിന് വിധിക്കപ്പെടേണ്ട ആളല്ല ആ കുട്ടി. അത് ആ പാർട്ടിയും മനസ്സിലാക്കട്ടെ.
സ്വയം തിരുത്തപ്പെടാത്ത തെറ്റുകൾ ചിലരിലെങ്കിലും തിരുത്തിക്കാൻ പാർട്ടികൾക്ക്
ഉത്തരവാദിത്വം ഉണ്ട്.കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നവർ പൊള്ളുന്ന കയ്യിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കരുതല്ലോ !'












Click it and Unblock the Notifications