'നീ ആരെയാടാ പേടിപ്പിക്കുന്നത് *****'! ചാനൽ ക്യാമറാമാന് പോലീസുകാരിയുടെ തെറിപ്പൂരം! വീഡിയോ വൈറൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ചാനല്‍ ക്യാമറാമാന് നേരെ വനിതാ പോലീസിന്റെ തെറിയഭിഷേകവും കയ്യേറ്റ ശ്രമവും. നിയമസഭയ്ക്ക് മുന്നില്‍ വെച്ചാണ് ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാന് നേര്‍ക്ക് പോലീസുകാരി അസഭ്യവര്‍ഷം നടത്തിയത്. നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോലീസുകാരി ക്യാമറാമാനായ വിപിനെ തെറി വിളിക്കുകയായിരുന്നു.
പോലീസുകാരി വിപിന്റെ മുഖത്ത് അടിക്കുകയും ചെയ്തു. പ്രകോപനമൊന്നും കൂടാതെയാണ് പോലീസുകാരി ആക്രമിച്ചത് എന്നാണ് ആരോപണം. താനാരെയാണ് പേടിപ്പിക്കുന്നത് എന്ന് ചോദിച്ച് കേട്ടാലറയ്ക്കുന്ന തെറിയാണ് പോലീസുകാരി വിളിക്കുന്നത്.

ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വിപിന്റെ ക്യാമറ നശിപ്പിക്കാനും പോലീസുകാരി ശ്രമം നടത്തി. ഒരു ഘട്ടത്തില്‍ സഹപ്രവര്‍ത്തകരായ പോലീസുകാരികള്‍ എത്തി ഇവരെ പിടിച്ച് മാറ്റിയെങ്കിലും വീണ്ടും അസഭ്യം തുടരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ ചരമവാര്‍ഷിക ദിനാചരണ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് വിപിന്‍ നിയമസഭയിലേക്ക് എത്തിയത്.
സംഭവത്തില്‍ പോലീസുകാരിക്കെതിരെ മുഖ്യമന്ത്രിക്കും സ്പീക്കറിനും പോലീസിനും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. വിപിനെ ആക്രമിച്ച വനിതാ പോലീസിന് മാനസിക പ്രശ്‌നങ്ങളുണ്ട് എന്നാണ് പോലീസ് ഉന്നതരുടെ വാദം. ഇവര്‍ ഏറെ നാളുകളായി മാനസിക രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. എന്നാല്‍ അസുഖം ഭേദമായതിനെ തുടര്‍ന്നാണ് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നും പോലീസ് വിശദീകരിക്കുന്നു. ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications