കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് അമ്മൂമ്മയ്ക്ക് ഒപ്പം ശബരിമലയിൽ പോയി, ഇന്ന് മകൾക്കൊപ്പം മല ചവിട്ടാൻ ലക്ഷ്മി അനീഷ്

Google Oneindia Malayalam News

ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി വിധി പറഞ്ഞപ്പോൾ വിശ്വാസികളായ സ്ത്രീകളാരും ആചാരം തെറ്റിക്കില്ല എന്നാണ് പൊതുവേ ഉയർന്ന പ്രതികരണം. പോകാൻ തയ്യാറാകുന്ന സ്ത്രീകൾ യഥാർത്ഥ വിശ്വാസികൾ അല്ലെന്ന് വരെ ആളുകൾ പറഞ്ഞ് കളഞ്ഞു. എന്നാൽ പിന്നീടങ്ങോട്ട് നിരവധി സ്ത്രീകളാണ് മാലയിട്ട് ശബരിമലയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു എന്ന് വെളിപ്പെടുത്തി മുന്നോട്ട് വന്നത്.

8 വയസ്സുപ്പോൾ അമ്മൂമ്മയ്ക്ക് ഒപ്പം ശബരിമലയിൽ പോയതാണ് ലക്ഷ്മി. കടുത്ത അയ്യപ്പഭക്തയായ ലക്ഷ്മി വിവാഹം കഴിഞ്ഞ ശേഷം ഭർത്താവ് മലയ്ക്ക് പോകുന്നത് നോക്കി നിരാശയോടെ നിന്നിട്ടുണ്ട്. സുപ്രീം കോടതി വിധി ലക്ഷ്മിക്ക് പ്രിയപ്പെട്ട ദേവനെ കാണാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. മകൾക്കൊപ്പം മല ചവിട്ടാൻ തന്നെയാണ് ലക്ഷ്മിയുടെ തീരുമാനം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ആദ്യത്തെ മല കയറ്റം

ആദ്യത്തെ മല കയറ്റം

എന്റെ മകളെയും കൂട്ടി എനിക്ക് മല ചവിട്ടണം. എനിക്ക് 8 വയസുള്ളപ്പോഴാണെന്നു തോന്നുന്നു ഞാൻ ആദ്യമായി ശബരിമലയിൽ പോയത്. അത് എന്റെ എത്രയും പ്രിയപ്പെട്ട അമ്മുമ്മയുടെ കൈ പിടിച്ചാണ്. കലിയുഗ വരദനായ അയ്യപ്പന്റെ ഐതീഹ്യവും കഥകളും ആദ്യമായി എനിക്ക് പറഞ്ഞു തരുന്നതും അമ്മുമ്മ തന്നെ ആയിരുന്നു. ധർമ്മം സ്ഥാപിച്ചും, ശത്രുക്കളെ നിഗ്രഹിച്ചും , പന്തളം രാജകുമാരന്റെ ജൈത്രയാത്ര, കണ്ണും കാതും കൂർപ്പിച്ചിരുന്നാണ് ഞാൻ കേൾക്കാറുണ്ടായിരുന്നത്.

പുരാണ കഥകളിൽ 'ശത്രുവിനെ നിഗ്രഹിക്കുക' എന്നാൽ മാനവ കുലത്തിന്റെ രക്ഷ, ധർമ്മ പരിപാലനം, എല്ലാത്തിനുമുപരി നന്മയെ, സമൂഹത്തിൽ നിലനിറുത്തുക എന്നതാണെന്ന് , ഒരു അധ്യാപിക കൂടിയായ അമ്മുമ്മ വിശദീകരിച്ചു തരാറുണ്ടായിരുന്നു

അയ്യപ്പ സ്വാമി ഒരു ഹീറോ

അയ്യപ്പ സ്വാമി ഒരു ഹീറോ

അയ്യപ്പ സ്വാമി ഒരു ഹീറോ ആയി മാറാൻ കൂടുതൽ എന്തെങ്കിലും വേണമോ? ദൈവീക സങ്കല്പത്തോടൊപ്പം, ആരാധനാ മൂർത്തി ആയി അപ്പോഴേക്കും മാറിയ അയ്യപ്പനെ കാണാനുള്ള എന്റെ ആഗ്രഹം ഒട്ടും തടസം പറയാതെ തന്നെ അച്ഛനും അമ്മയും അനുവദിച്ചു. അമ്മുമ്മയുടെ ആ വർഷത്തെ ശബരിമല തീർത്ഥാടനത്തിൽ അങ്ങനെയാണ് ഞാൻ ഭാഗമായത്. എന്നാൽ സങ്കല്പിച്ചത്ര എളുപ്പം ആയിരുന്നില്ല യാത്ര . അത്രയും ദൂരം ഞാൻ ആദ്യമായാണ് നടക്കുന്നത് . എങ്കിലും മല കയറ്റം എനിക്ക് ഒത്തിരി ഇഷ്ടമായി . പക്ഷേ അന്നെനിക്ക് ദേഷ്യം വന്ന ഒരു കാര്യം , അമ്മുമ്മ എന്നെ മല ഓടിക്കയറാൻ അനുവദിച്ചിരുന്നില്ല എന്നതാണ്.

അമ്മൂമ്മയ്ക്ക് ഒപ്പം

അമ്മൂമ്മയ്ക്ക് ഒപ്പം

അതിനുള്ള അമ്മുമ്മയുടെ ന്യായം, ഓടുന്ന കുട്ടികളെ വനത്തിനുള്ളിൽ നിന്ന് പുലി നോക്കുമെന്നായിരുന്നു. അമ്മുമ്മക്ക് എന്റെ കൂടെ ഓടാൻ കഴിയാത്തതു കൊണ്ടാണാ പുളു അടി എന്ന് , അന്നെനിക്ക് മനസിലായിരുന്നില്ല. അമ്മുമ്മയ്ക്ക് ക്ഷീണം മാറ്റാൻ ഇടക്കിടക്കുള്ള ഇടത്താവളങ്ങളിൽ ഞങ്ങൾ കുറേ നേരം ഇരുന്നു . അന്ന് മല കയറുന്ന എല്ലാ അയ്യപ്പന്മാരെക്കാളും ഏറ്റവും കൂടുതൽ സമയം എടുത്തു മല കയറിയതു ഞങ്ങളാണെന്നു ഞാൻ തിരികെ എത്തി അമ്മയോട് പരാതി പറഞ്ഞത് ഓർക്കുന്നുണ്ട് . മാത്രമല്ല പമ്പ മുതൽ സന്നിധാനം വരെയുള്ള എല്ലാ വിശ്രമ കേന്ദ്രങ്ങളിലും കയറി ഹാജർ വെച്ചതും ഞങ്ങൾ ആണെന്ന് ഇന്നെനിക്കു നന്നായി ഓർത്തെടുക്കാം.

അമ്മൂമ്മയുടെ കഷ്ടപ്പാട്

അമ്മൂമ്മയുടെ കഷ്ടപ്പാട്

ഞാൻ കടുത്ത ഉത്സാഹത്തിലായിരുന്നു. പക്ഷേ ആ യാത്രയിൽ ഏറ്റവും കഷ്ടപെട്ടത് അമ്മുമ്മയാണ് . കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഇരുമുടി ചുമക്കണ്ട ജോലിയും പ്രായമായ അമ്മുമ്മയ്ക്കായി . കഥകൾ പറഞ്ഞു തരുമ്പോൾ കാണിക്കുന്ന അയ്യപ്പ ഭക്തിയൊന്നുമല്ല അപ്പോൾ ഞാൻ അമ്മുമ്മയുടെ മുഖത്തു കണ്ടത് . ചെറുമകളുടെ കുസൃതിയും നിയന്ത്രിച്ചു , അവളുടെ ഇരുമുടിയും ചുമന്നു കഷ്ടപ്പെടുന്ന ഒരു സാധാരണ സ്ത്രീ . കടുത്ത ക്ഷീണവും അസ്വസ്ഥതയും എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും അമ്മുമ്മയുടെ മുഖത്ത് വളരെ പ്രകടമായിരുന്നു. പാവം, പക്ഷേ ഒന്നും പുറത്തു കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

നന്നായി പ്രാർത്ഥിക്കണം

നന്നായി പ്രാർത്ഥിക്കണം

എന്നാൽ സന്നിധാനത്ത് എത്തിയപ്പോഴേക്കും അമ്മുമ്മയുടെ ക്ഷീണം കലശലായി. അവിടെ കുറെ നേരം ഇരുന്നിട്ടാണ് പതിനെട്ടാം പടി ചവിട്ടാൻ കയറിയത്. കുറേ നേരം ക്യൂവിൽ നിൽക്കേണ്ടി വന്നു. എന്നെ പറ്റിമാത്രമായിരുന്നു അമ്മുമ്മയുടെ ചിന്ത. കൂട്ടം തെറ്റിപ്പോയാൽ എവിടെ പോയി അനൗൺസ്‌മെന്റ് ചെയ്യിക്കണം എന്നൊക്കെ അമ്മുമ്മ പറഞ്ഞു മനസിലാക്കി തന്നു . ആ ക്ഷീണത്തിനിടയിൽ, ആ ആൾക്കൂട്ടത്തിനിടയിൽ വെച്ച് അമ്മുമ്മ എന്നോട് പറഞ്ഞു, എത്ര കഷ്ടപെട്ടിടാണെങ്കിലും നീ അയ്യനെ കാണുമ്പോൾ നന്നായി പ്രാർത്ഥിക്കണം.

അനിർവചനീയമായ ആ അനുഭവം

അനിർവചനീയമായ ആ അനുഭവം

ഇനി നിനക്ക് എപ്പോൾ ഇവിടെ വരാൻ പറ്റുമെന്ന് അറിയില്ല. പെൺകുട്ടികൾ പത്തു കഴിഞ്ഞാൽ പിന്നെ 50 വയസ്സായാലേ പോകാൻ പറ്റു എന്ന് ഞാൻ മുൻപേ കേട്ടിട്ടുണ്ടായിരുന്നു. മനസ്സിൽ പ്രതിഷ്ഠിച്ച ദേവനെ നേരിട്ടു കണ്ട സന്തോഷം , പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു . ആ ദൈവ സന്നിധിയിൽ നിന്നപ്പോൾ കിട്ടിയ ആത്മീയ നിർവൃതി , അത് വിശദീകരിക്കാനൊന്നും എനിക്കന്നു അറിയിലായിരുന്നു. സത്യം പറയാല്ലോ, ഇപ്പോഴും അറിയില്ല. പക്ഷേ അനിർവചനീയമായ ആ അനുഭവം മനസിൽ ഇപ്പോഴും മായാതെ ഉണ്ട് . ഏതൊരു അയ്യപ്പന്മാരെയും പോലെ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് തിരികെ എത്തണമെന്നു തന്നെയായിരുന്നു മല ഇറങ്ങുമ്പോൾ എന്റെയും ആഗ്രഹം. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം

മകൾക്ക് കഥ പറഞ്ഞ് കൊടുക്കുന്നു

മകൾക്ക് കഥ പറഞ്ഞ് കൊടുക്കുന്നു

അമ്മുമ്മ ഇന്ന് ഞങ്ങളുടെ കൂടെയില്ല. തികഞ്ഞ അയ്യപ്പ ഭക്തയായി ഇപ്പോഴും ഞാൻ തുടരുന്നു .അമ്മുമ്മ പറഞ്ഞു തന്ന അയ്യപ്പ കഥകൾ ഇപ്പോൾ ഞാൻ എന്റെ മകൾക്ക് പറഞ്ഞു കൊടുക്കുന്നു. ഭർത്താവ് മലക്ക് പോകുവാൻ തയ്യാറെടുക്കുമ്പോൾ എല്ലാ വർഷവും ഞാനും വൃതം എടുക്കും . ശരണം വിളിച്ചു ഭർത്താവ് യാത്ര പുറപ്പെടുമ്പോൾ , ഒരു രീതിയിൽ സന്തോഷം തോന്നുമെങ്കിലും , നന്നേ ചെറുപ്പകാലത്തു മാത്രം കണ്ട ഇഷ്ട ദേവനെ വീണ്ടും കാണാൻ എനിക്ക് കഴിയുന്നില്ലലോ എന്ന തോന്നൽ ചെറുതൊന്നുമല്ല എന്നെ അലട്ടിയതു.

ഇത് വലിയ അനീതി

ഇത് വലിയ അനീതി

ഇനി കാണണമെങ്കിൽ ഞാൻ വർഷങ്ങളോളം കാത്തിരിക്കണമെന്നുള്ളത് വലിയ അനീതിയായി തന്നെയാണ് മനസ്സിൽ തോന്നിയതും . കൃഷ്ണനെ കാണാൻ ഗുരുവായൂരിലും, മുരുകനെ കാണാൻ പഴനിയിലും പോകാൻ കഴിയുന്ന അവരവരുടെ ഭക്തകളോട് ചെറുതല്ലാത്ത അസൂയ എനിക്ക് തോന്നുമായിരുന്നു. എന്തു കാരണം പറഞ്ഞായിരുന്നാലും എന്നെ ശബരിമല ധർമ്മ ശാസ്താവിൽ നിന്ന് അകറ്റുന്നതിനോട് എന്നിലെ ഭക്തക്കു ഒരു കാലത്തും യോജിക്കാനാകുമായിരുന്നില്ല .

ആ ഭക്തി മുകളിലേ വരൂ

ആ ഭക്തി മുകളിലേ വരൂ

ചുറ്റും കാണുന്ന ഏതു അയ്യപ്പഭക്തനോളം , അല്ലെങ്കിൽ ചിലപ്പോൾ അതിനും മുകളിലേ നിൽക്കൂ അയ്യപ്പനോടുള്ള എന്റെ ഭക്തി .അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല . 'തത്വമസി' (അത് നീയാകുന്നു ) എഴുതി വെച്ചിരിക്കുന്ന സന്നിധാനത്തിൽ, ഒരു ഭക്തയായ എനിക്ക് സ്ത്രീ ആയതു കൊണ്ട് കയറാൻ കഴിയില്ല എന്ന് ഏത് ആചാരത്തിന്റെ പേരിൽ പറഞ്ഞാലും, അത് അംഗീകരിക്കാൻ ഒരിക്കലും സാധിക്കില്ല . എന്റെ അവകാശമല്ലേ എന്റെ ഇഷ്ടദേവനെ കാണുക എന്നത് ? എന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്റെ ദൈവ ദർശനമെങ്കിൽ , ആ അവകാശം ഞാൻ ഒരു സ്ത്രീ ആയതു കൊണ്ട് മാത്രം എനിക്കെങ്ങനെ നിഷിധമാക്കാനാകും?

ആ അവസ്ഥ ദുഖകരം

ആ അവസ്ഥ ദുഖകരം

ചെറിയ പ്രായത്തിലെ ആരോഗ്യം തന്നെ ആയിരിക്കില്ല അമ്പതു വയസു കഴിയുമ്പോഴും . പ്രായമായി പരസഹായത്തോടെ , ആളുകൾ ചുമന്നു കൊണ്ട് മാത്രമേ ഒരു സ്ത്രീക്ക് അയ്യപ്പ സന്നിധിയിൽ വരാൻ പറ്റൂ എന്ന അവസ്ഥ വന്നാൽ എന്തു മാത്രം ദുഖകരമാണത്? ഞാൻ എന്നോടു തന്നെ പലതവണ ചോദിച്ച ഇത്തരം ചോദ്യങ്ങൾക്കാണ് രാജ്യത്തിന്റെ ഉന്നത നീതി പീഠം ഇപ്പോൾ ഉത്തരം തന്നിരിക്കുന്നത്. അയ്യപ്പ ഭക്തിയിൽ, അത്യന്തം ആവേശത്തോടെ , അതിലുമധികം സന്തോഷത്തോടെ കേട്ട ഒരു വിധിയാണ് സുപ്രീം കോടതി ശബരിമല വിഷയത്തിൽ പുറപ്പെടുവിച്ചിരിക്കുന്നത്.

മകളേയും കൊണ്ട് മലയിലേക്ക്

മകളേയും കൊണ്ട് മലയിലേക്ക്

വിലക്കുകൾ എല്ലാം മാറി. ഇനി എനിക്ക് എന്റെ ഇഷ്ട ദേവനെ കാണാം. പണ്ട് ഞാൻ ചെറുതായിരുന്നപ്പോൾ അമ്മുമ്മയ്ക്കൊപ്പം മല ചവിട്ടിയതു പോലെ, എന്റെ മകളെയും കൊണ്ട് എന്നാൽ, എനിക്ക് ആരോഗ്യമുള്ള സമയത്തു തന്നെ ശബരിമലയിൽ പോകണം .പോകാൻ കഴിയുന്നിടത്തോളം കാലം പോകണം . സർക്കാരും സംവിധാനങ്ങളും അതിനുള്ള സഹായം ചെയ്തു തരും എന്ന് എനിക്ക് ഉറപ്പുണ്ട് . ഈ തോന്നലിൽ ഞാൻ ഒറ്റക്കല്ല എന്ന് എനിക്ക് നന്നായി അറിയാം . എന്നെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരായ സ്ത്രീകൾ ലോകം മുഴുവൻ ഉണ്ടെന്നാണ് എന്റെ വിശ്വാസം . അയ്യപ്പനാകും അത് കൂടുതൽ തിരിച്ചറിഞ്ഞിട്ടുണ്ടാകുക .അതു കൊണ്ടാണല്ലോ ഇപ്പോൾ ഇങ്ങനെ ഒരു വിധി വന്നതു തന്നെ ... സ്വാമിയേ ശരണമയ്യപ്പ

ഫേസ്ബുക്ക് പോസ്റ്റ്

ലക്ഷ്മി അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Lakshmi Anish's facebook post about visiting Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X