ലക്ഷ്മി നായര്‍ പറയാത്തതാണോ പ്രശ്‌നം? കോടതിയെ സമീപിക്കില്ല.... ലക്ഷ്മി നായരുടെ ഉറപ്പ്
മാനേജ്‌മെന്റ് തീരുമാനം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. തീരുമാനത്തിന് വിപരീതമായി താന്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്ക് വരില്ലെന്ന് ലക്ഷ്മി നായരുടെ ഉറപ്പ്. ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. സമരം പിന്‍വലിക്കുന്നതിന് എസ്എഫ്‌ഐയ്ക്ക് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകള്‍ താന്‍കൂടി അറിഞ്ഞാണെന്നും ലക്ഷ്മി നായര്‍ പ്രചികരിച്ചു.
മാനേജ്‌മെന്റ് തീരുമാനം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. തീരുമാനത്തിന് വിപരീതമായി താന്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നും അവര്‍ പറഞ്ഞു. എല്ലാം കരാറില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ പ്രവര്‍ത്തിക്കും. താന്‍കൂടി അറിഞ്ഞാണ് കരാര്‍ ഉണ്ടാക്കിയത്. അറിയാതെ ഉണ്ടാക്കാന്‍ പറ്റില്ലല്ലോ എന്നും അവര്‍ വ്യക്തമാക്കി. അതേസമയം ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ നിന്ന് എസ്എഫ്‌ഐ പിന്മാറിയെങ്കില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരുകയാണ്.

എഐഎസ്എഫ്
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയും വിദ്യാഭ്യാസ മന്ത്രിയും ഒത്തുകളിക്കുകയാണ്. സര്‍വകലാശാല സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയതിലൂടെ ഒളിച്ചുകളി വ്യക്തമാണ്. ലക്ഷ്മി നായരുടെ അറസ്റ്റിനായി പ്രക്ഷോഭം ശക്തമാക്കുമെന്ന് എഐഎസ്എഫ് വ്യക്തമാക്കി.

അറസ്റ്റ് ചെയ്യണം
വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന ലക്ഷ്മിനായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഐവൈഎഫ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസില്‍ എന്തുകൊണ്ടാണ് ഇതുവരെ സര്‍ക്കാര്‍ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യാത്തതെന്നും എഐവൈഎഫ് ചോദിച്ചു.

കുട്ടികളുടെ ഭാവി തനിക്കു പ്രധാനമാണ്
അച്ഛന്‍ പറഞ്ഞു, അതുകൊണ്ട് മാത്രമാണ് താന്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. അന്നും ഇന്നും തനിക്ക് ഒരു വാക്കേയുള്ളൂ. അത് അച്ഛന്റെ വാക്കാണ്. സമരം ചെയ്ത കുട്ടികള്‍ക്കു തന്നെ വേണ്ടെങ്കിലും കോളജിലെ എല്ലാ കുട്ടികളുടെയും ഭാവി തനിക്കു പ്രധാനമാണ്. അതുകൂടി കണക്കിലെടുത്താണ് മാറി നില്‍ക്കുന്നതെന്നുമായിരുന്നു അവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.

നല്ലതിനുള്ള നിയമം വേണ്ടെങ്കില്‍ വേണ്ട
1200 കുട്ടികളില്‍ 200 പേരുടെ ആവശ്യം കണക്കിലെടുത്താണു ഞാന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. നല്ലതിനു വേണ്ടിയുള്ള നിയമങ്ങള്‍ ക്യാംപസില്‍ വേണ്ടെങ്കില്‍ വേണ്ട. ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ 80% സുതാര്യതയുണ്ടായിരുന്നു.

മൂന്ന് മാസം കൂടുമ്പോള്‍ പ്രസിദ്ധീകരിച്ചു
മാസംതോറും ഹാജര്‍ പ്രസിദ്ധീകരിച്ചില്ലെന്നതു ശരിതന്നെ. എന്നാല്‍ മൂന്നുമാസം കൂടുമ്പോള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം ലക്ഷ്മി നായര്‍ പറഞ്ഞിരുന്നു.

ഇനി മക്കള്‍ക്കൊപ്പം വിദേശത്ത്
സര്‍ക്കാര്‍ ഭൂമിയിലല്ല ആ സ്ഥാപനം പണിതത്. ലോ അക്കാദമിയുടെ ഭരണസമിതി അംഗമായി തുടരും. ഇനി വിദേശത്തുള്ള മകള്‍ക്കൊപ്പം കുറെ ദിവസം ചെലവിടണം. സമരം ചെയ്ത കുട്ടികളോട് ഒരു വാക്ക്, എന്റെ സാന്നിധ്യമാണു നിങ്ങള്‍ക്ക് ഏറ്റവും വലിയ പ്രശ്‌നമെങ്കില്‍ ഇനി അതുണ്ടാകില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞിരുന്നു.

മാനേജ്മെന്‍റിന്‍റെ ഉറപ്പ്
മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകളെ തുടര്‍ന്നായിരുന്നു ലോ അക്കാദമിയില്‍ നടത്തിവന്ന സമരം എസ്എഫ്‌ഐ പിന്‍വലിച്ചത്. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന എസ്എഫ്‌ഐ ഒടുവില്‍ ആവശ്യത്തില്‍ നിന്ന പിന്‍മാറുകയായിരുന്നു.

കോടതിയെ സമീപിക്കില്ല
എന്നാല്‍ എസ്എഫ്‌ഐയുടെ നിലപാടിനെതിരെ ശക്തമായ വിര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതില്‍ പ്രധാനപ്പെട്ടത് മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ ലക്ഷ്മി നായര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അവിടെ നിന്ന് അനുകൂല വിധി സമ്പാദിച്ച് തിരികെ എത്താമെന്നുമായിരുന്നു. എന്നാല്‍ ലക്ഷ്മി നായര്‍ കോടതിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഇത്തരം ആരോപണത്തിന്‍റെ മുനയൊടിയുകയാണ്.

മാനേജ്മെന്റ്
ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താം. ഇക്കാലയളവില്‍ ലക്ഷ്മി നായര്‍ അധ്യാപന ജോലിയിലും പ്രവേശിക്കില്ല. കുട്ടികളുടെ ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രീവന്‍സ് സെല്‍ രൂപീകരിക്കാം തുടങ്ങിയ ഉറപ്പുകളാണ് മാനേജ്‌മെന്റ് എസ്എഫ്‌ഐ യ്ക്ക് നല്‍കിയത്.

സമരവുമായി മുന്നോട്ട്...
എന്നാല്‍ ഉറപ്പുകള്‍ നല്‍കിയിരിക്കുന്നത് എസ്എഫ്‌ഐയ്ക്ക് മാത്രമാണെന്നും അതിനാല്‍ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നുമുള്ള നിലപാടാണ് മറ്റ് വിദ്യാര്‍ത്ഥി സംഘനടകള്‍ കൈക്കൊണ്ടിരിക്കുന്നത്. കെഎസ് യു, എഐഎസ്എഫ്, എബിവിപി എംഎസ്എഫ് എന്നീ സംഘടനകള്‍ സമരവുമായി മുന്നോട്ട് പോകുകയാണ്.












Click it and Unblock the Notifications