ലക്ഷ്മി പ്രിയക്ക് ആശ്വസിക്കാന്‍ വകയില്ല, അന്‍സിബ ഹസനും; ഹൈക്കോടതി ഇടപെടല്‍ ഇങ്ങനെ
കൊച്ചി: ലക്ഷ്മി പ്രിയക്കെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി വീണ്ടും മജിസ്‌ട്രേറ്റിന് മുന്നിലേക്ക്. അന്‍സിബ നല്‍കിയ തെളിവുകള്‍ പരിശോധിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ അന്‍സിബയുടെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍ വീണ്ടും ഹര്‍ജി മജിസ്‌ട്രേറ്റിന് മുന്നിലേക്ക് വരികയാണ്.
ലക്ഷ്മി പ്രിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയും യുട്യൂബ് ചാനല്‍ വഴിയും അപമാനിച്ചു എന്നും തന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു എന്നുമാണ് അന്‍സിബയുടെ ഹര്‍ജി. ലക്ഷ്മി പ്രിയക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണം എന്നും അവര്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം പോലീസിലാണ് അന്‍സിബ ആദ്യം പരാതി നല്‍കിയത്. ക്രിമിനല്‍ കേസെടുക്കാന്‍ ആകില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.

തുടര്‍ന്ന് അന്‍സിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. പോലീസിന്റെ നിലപാട് അംഗീകരിക്കുകയായിരുന്നു മജിസ്‌ട്രേറ്റ് കോടതി. കോടതിയെ സമീപിച്ച് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാമെന്നാണ് പോലീസിന്റെ അഭിപ്രായം. മജിസ്‌ട്രേറ്റ് കോടതി അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അന്‍സിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അന്‍സിബയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവമുള്ളതാണ് എന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. ഇന്ന് ഹര്‍ജിയില്‍ തീരുമാനമെടുത്തു. അന്‍സിബ നല്‍കിയ തെളിവുകള്‍ പരിശോധിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കുകയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നിലനില്‍ക്കുമോ എന്ന് പരിശോധിക്കണം. തെളിവ് ശേഖരണത്തിന് പോലീസ് അന്വേഷണം വേണമോ എന്നും പരിശോധിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഫലത്തില്‍ അന്‍സിബ ഹസന് നേരിയ ആശ്വാസമാണ് ഹൈക്കോടതിയുടെ നടപടി. അന്‍സിബയെ സംബന്ധിച്ചിടത്തോളം അവരുടെ ഹര്‍ജി ഹൈക്കോടതി തള്ളാതിരുന്നത് ആശ്വാസമാണ്. ഗുരുതരമായ വിഷയമാണ് എന്ന് കോടതി നിരീക്ഷിച്ചതും അവര്‍ക്ക് അനുകൂലമാണ്.
അതേസമയം, കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചില്ല എന്നത് ലക്ഷ്മി പ്രിയക്കും ആശ്വാസമാണ്. എന്നാല്‍ ഏത് സമയവും ശക്തമായ നടപടിക്ക് സാധ്യതയുണ്ട് എന്ന സൂചന ബാക്കിയാണ്. മജിസ്‌ട്രേറ്റ് കോടതി നേരത്തെ സ്വീകരിച്ച നിലപാട് ആവര്‍ത്തിച്ചാല്‍ ലക്ഷ്മി പ്രിയക്ക് കൂടുതല്‍ ആശ്വാസമാകും. ഇങ്ങനെ സംഭവിച്ചാല്‍ അന്‍സിബയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം.





Click it and Unblock the Notifications
