'ഇവരുടെ പ്രശ്നം തീര്‍ക്കാനേ സമയമുള്ളൂ'; ലക്ഷ്മി പ്രിയയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ചോദ്യം
നടിമാര്‍ തുടര്‍ച്ചയായി ഹര്‍ജിയുമായി സമീപിക്കുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. അമ്മ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യല്‍ കോടതി വേണ്ടി വരുമല്ലോ, പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോള്‍ ഇവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനേ സമയമുള്ളൂ എന്നിങ്ങനെയായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.
ജൂണില്‍ താരസംഘടനയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് നടിമാര്‍ തമ്മില്‍ തുടര്‍ച്ചയായി നിയമ നടപടികള്‍ ആരംഭിച്ചതും കോടതിയെ സമീപിക്കുന്നതും. തനിക്കെതിരെ വര്‍ഗീയ പരാമര്‍ശമുണ്ടായി എന്ന് നടി അന്‍സിബ ഹസന് ആരോപിക്കുകയും ചില നടിമാര്‍ ഇത് ശരിവെക്കുകയും ചെയ്തു. നടന് ടിനി ടോമിനെതിരെ അന്‍സിബ കോടതിയെ സമീപിക്കുകയും ചെയ്തു.

അന്‍സിബയുടെ വാട്സാപ്പ് സന്ദേശം കുടുംബ കലഹത്തിലേക്ക് നയിച്ചു എന്ന് കാണിച്ച് ലക്ഷ്മിപ്രിയ പോലീസിനെ സമീപിച്ചു. പോലീസ് സ്റ്റേഷനില്‍ മാനസികമായി പീഡനത്തിന് ഇരയായി എന്ന് ആരോപിച്ച അന്‍സിബ കോടതിയിലെത്തി. പോലീസില്‍ നല്കിയ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് അന്‍സിബ കോടതിയില്‍ എത്തിയത്.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ലക്ഷ്മി പ്രിയക്കെതിരെ പോലീസ് കേസെടുത്തു. ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മി പ്രിയ ഹൈക്കോടതിയെ സമീപിച്ചതും കോടതി പരിഹസിച്ചതും. മൂന്നാഴ്ച കഴിഞ്ഞ് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയ കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടുകയും ചെയ്തിരിക്കുകയാണ്. അതിനിടെ, ലക്ഷ്മി പ്രിയക്കെതിരെ മറ്റൊരു കേസ് കൂടി നല്കി അന്‍സിബ.
യുട്യൂബ് ചാനല്‍ വഴി മോശമാക്കി ചിത്രീകരിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയാണ് പരാതി. പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ച ശേഷം കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുകയാണ്. അതിനിടെ അമ്മയുടെ യഥാര്‍ഥ ഭാരവാഹികള്‍ ആര് എന്ന വിഷയത്തില്‍ ശ്വേത മേനോനും കോടതിയിലെത്തിയിരുന്നു.
തുടര്‍ച്ചയായി കോടതിയും കേസുമായി താരങ്ങള്‍ വരാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഹൈക്കോടതിയുടെ വാക്കുകള്‍. മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ട് അമ്മയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല എന്ന ആക്ഷേപം ചില താരങ്ങള്‍ക്കുണ്ട്. എന്നാല്‍ അമ്മയില്‍ വര്‍ഗീയ സ്വരം വര്‍ധിച്ചുവരുന്നു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നാല് നടിമാര്‍ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications
