ലക്ഷ്മി പ്രിയക്കും പണി വരുന്നു; കേസെടുക്കാന്‍ കോടതി നിര്‍ദേശം, പോലീസ് ഓഫീസറും പെട്ടു
കൊച്ചി: നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അന്‍സബിക്കെതിരെ വ്യാജ പരാതി നല്‍കി പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് മൂന്ന് മണിക്കൂര്‍ ഹറാസ് ചെയ്തു എന്ന പരാതിയിലാണ് നടപടി. പോലീസ് ഓഫീസര്‍ക്കെതിരെയും അന്വേഷണത്തിന് നിര്‍ദേശമുണ്ട്.
ലക്ഷ്മി പ്രിയക്കെതിരെ നേരത്തെ അന്‍സിബ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തൃക്കാക്കര എസിപി വിഷയത്തില്‍ അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ല എന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. തുടര്‍ന്നാണ് അന്‍സിബ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്.

ലക്ഷ്മി പ്രിയയുടെ ദുബായ് യാത്രയ്ക്ക് ശേഷം അന്‍സിബ വാട്‌സാപില്‍ ഒരു സന്ദേശം ലക്ഷ്മിപ്രിയക്ക് അയച്ചിരുന്നു. ഇത് ഭര്‍ത്താവ് കണ്ടു എന്നും കുടുംബത്തില്‍ പ്രശ്‌നമായി എന്നുമാണ് ലക്ഷ്മി പ്രിയ ആരോപിച്ചത്. തുടര്‍ന്ന് ലക്ഷ്മി പ്രിയ തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ അന്‍സിബക്കെതിരെ പരാതി നല്‍കുകയും അന്‍സിബയെ പോലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു.
അന്‍സിബയെ മൂന്ന് മണിക്കൂര്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ചോദ്യം ചെയ്ത് ഹറാസ് ചെയ്തു എന്നാണ് ആരോപണം. ഒടുവില്‍ മാപ്പ് എഴുതി നല്‍കി വിട്ടയച്ചു എന്നും പറയുന്നു. ചെയ്യാത്ത തെറ്റിന് എന്തിന് മാപ്പ് നല്‍കി ഒപ്പുവയ്പ്പിച്ചു എന്നാണ് അന്‍സിബയുടെ ചോദ്യം. കഴമ്പില്ലാത്ത പരാതി ആണെങ്കില്‍ എന്തിന് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നും അവര്‍ വിശദീകരണം തേടുന്നു.
ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ എസ്‌ഐ രേഷ്മ എന്നിവരാണ് തന്നെ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തത് എന്ന് അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അന്‍സിബ പരാതി നല്‍കിയതും പോലീസ് മുഖവിലക്കെടുക്കാതിരുന്നതും. എന്നാല്‍ കോടതിയിലെത്തി അന്‍സിബ അനുകൂല വിധി നേടി. ലക്ഷ്മി പ്രിയ, വനിതാ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാണ് കോടതി നിര്‍ദേശം.
നേരത്തെ, അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ടിനി ടോമിനെതിരെ ഇതുവരെ പോലീസ് ശക്തമായ നടപടി എടുത്തിട്ടില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. മതപരമായി അധിക്ഷേപിച്ചു എന്നാണ് ടിനി ടോമിനെതിരായ കേസ്. താര സംഘടനയായ അമ്മയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കപ്പെടുന്നു എന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം നാല് താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയത്. അതിനിടെയാണ് രണ്ട് താരങ്ങള്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം അന്വേഷണം വരുന്നത്.














Click it and Unblock the Notifications