അർജുന് വേണ്ടിയുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു; കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അങ്കോലയിൽ എത്തി
ബെംഗളൂരു: കർണാടയിലെ ഷിരൂരിൽ ദേശിയപാതിയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയാണ് ഇപ്പോൾ തുടരുന്നത്. റഡാർ തിരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ടുകൾ.
കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രി എച്ച് ഡി കുമാര സ്വാമി അങ്കോലയിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരമായ്യയും ഇവിടേക്ക് എത്തിയേക്കും. നേരത്തെ മൂന്നിടത്ത് റഡാറിൽ സിന്ധനൽ ലഭിച്ചിരുന്നു. എന്നാൽ അർജുൻ ഓടിച്ചിരുന്ന ലോറിുടേതാണ് എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മണ്ണിനടിയിൽ നാല് മീറ്റർ താഴ്ച വരെ പരിശോധന നടത്താൻ ശേഷിയുള്ള റഡാറാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ അങ്കോലയിലെ സാഹചര്യത്തിൽ ഇത് രണ്ടര മീറ്റർ വരെ മാത്രമെ സാധ്യമാവുന്നുള്ളൂ. ഇതിന് തന്നെ നിരപ്പായ സ്ഥലം ആവശ്യമാണ്.

എട്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഒരേസമയം പ്രവർത്തിക്കുന്നുണ്ട്. അർജുൻ അടക്കം മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. അങ്കോലയിൽ റെഡ് മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മഴ പെയ്യുന്നത് രക്ഷാപ്രവർത്തനകത്തിന് തിരിച്ചടിയാവുന്നുണ്ട്. എഴുപതിലധികം പേരാണ് രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് ഇപ്പോഴും വെള്ളംകുത്തിയാെലിച്ച് വരുന്നുണ്ട്.
ഇന്ന് രാവിലെ 6. 30 ഓടെയാണ് അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചത്. മണ്ണിടിഞ്ഞതിനെ തുടർന്ന് വൻ പാറക്കല്ലുകളും ഇതിനൊപ്പമുണ്ട്.
അതിനാൽ സിഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായാണ് ദൗത്യ സംഘം പറയുന്നത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തിരച്ചിൽ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥർ ഇന്ന് രാവിലെ തന്നെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലോറി കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം
റഡാർ ഉപയോഗിച്ച് കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്താനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം. പുഴയിലും റഡാർ ഉപയോഗിച്ച് പരിശോധന നടത്താനും തീരുമാനമുണ്ടെന്നാണ് വിവരം. റഡാർ പരിശോധന ഗുണകരമാണെന്നാണ് കുരുതുന്നതെന്നും കൂടുതൽ പേർ കൂടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ പുഴയിലും പരിശോധന നടത്തുമെന്ന് ഉത്തര കന്നഡ എസ് പി നാരായണ പറഞ്ഞു.
ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് 50 അടി ഉയരത്തിൽ മണ്ണ് ഉണ്ട്. അത് മാറ്റണം. മഴ വെള്ളം കുടിച്ച മണ്ണിന്റെ അവസ്ഥ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോറി പുഴയിൽ പോയിരിക്കാനുള്ള സാധ്യത ഇപ്പോഴും തള്ളുന്നില്ലെന്നാണ് അധികൃതരുടെ പ്രതികരണം












Click it and Unblock the Notifications