എഴുതാനും വായിക്കാനും അറിഞ്ഞാല്‍ പോര, ഡിഗ്രിയും പറ്റില്ല; ലാസ്റ്റ് ഗ്രേഡിന് 7-ാം ക്ലാസ് നിര്‍ബന്ധം
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്ക് നിശ്ചയിച്ച യോഗ്യതയും പ്രവൃത്തി പരിചയവും സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. സാക്ഷരത മാത്രമായിരുന്നു ലാസ്റ്റ് ഗ്രേഡിന് അപേക്ഷിക്കാന്‍ വേണ്ടിയിരുന്ന യോഗ്യത. 48 ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്ക് നിശ്ചയിച്ച യോഗ്യതയും പ്രവൃത്തി പരിചയവുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
പുതിയ വിജ്ഞാപന പ്രകാരം കുറഞ്ഞ യോഗ്യത എഴാംക്ലാസ് വിജയമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനായ് കേരള ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസിലെ പ്രത്യേക നിയമനം ഭേദഗതി ചെയ്തു. ഇതുവരെ മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ എഴുതാനും വായിക്കാനും അറിയുന്നവര്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് അപേക്ഷിക്കാമായിരുന്നു.

എന്നാല്‍ പുതിയ വിജ്ഞാപനത്തില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ബിരുദ യോഗ്യതയുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള ലക്ഷകണക്കിന് പേര്‍ തൊഴില്‍ തേടുന്ന അവസരത്തിലാണ് ലാസ്റ്റ് ഗ്രേഡ് സംബന്ധിച്ച് പുതിയ മാനദണ്ഡവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ചില തസ്തികകള്‍ വിമുക്ത ഭടന്മാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുമുണ്ട്. ചില തസ്തികകളിലേക്കുള്ള ഉദ്യോഗ കയറ്റം പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക.
ഗാലറി അസിസ്റ്റന്റ് തസ്തികയ്ക്ക് ഏഴാം ക്ലാസിനു പുറമെ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും സെക്രട്ടറിയേറ്റിലേയും പൊതുമരാമത്ത് വകുപ്പിലേയും ഹെഡ് ഗാര്‍ഡനര്‍ തസ്തികയ്ക്ക് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. സര്‍ക്കാര്‍ അച്ചടി ശാലകളിലെ പായ്ക്കര്‍ തസ്തികയ്ക്ക് ഏഴാം ക്ലാസും ഉദ്യോഗകയറ്റത്തിനായി അഞ്ച് വര്‍ഷം പ്രവൃത്തി പരിചയവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications