'കേരളത്തിന് വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം മുളയിലേ നുള്ളിക്കളഞ്ഞ് സിപിഎം', വിമർശിച്ച് ലതിക സുഭാഷ്
കോട്ടയം: കക്ഷി രാഷ്ട്രീയ ഭേദമന്യേ കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിന് എതിരെ സംസ്ഥാനത്ത് വിമർശനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിതാ മന്ത്രിമാർ എന്ന നേട്ടത്തിന്റെ ശോഭ കെടുത്തി കെകെ ശൈലജയെ മാറ്റി നിർത്തിയതിന് സിപിഎം പഴി കേൾക്കുകയാണ്.
കേരളത്തിന് ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെ ലഭിക്കും പ്രതീക്ഷിച്ചിരുന്നവരെ തീർത്തും നിരാശപ്പെടുത്തുന്നതായി സിപിഎം തീരുമാനം. സിപിഎമ്മിനെ വിമർശിച്ച് ലതികാ സുഭാഷ് രംഗത്ത് എത്തി. ഫേസ്ബുക്കിലാണ് പ്രതികരണം.

സിപിഎമ്മിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല
ലതിക സുഭാഷിന്റെ കുറിപ്പ്: ഷൈലജ ടീച്ചർ മന്ത്രിസഭയിലില്ലെന്ന് ഇപ്പോൾ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം. മന്ത്രിസഭയിൽ സ്വന്തം പാർട്ടിയുടെ മന്ത്രിമാരെ നിശ്ചയിക്കാനുള്ള സി.പി.എമ്മിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പുതുമുഖങ്ങളെയും ചെറുപ്പക്കാരെയുമൊക്കെ മന്ത്രിമാരാക്കുന്നത് നല്ല കാര്യമാണ്. മൂന്ന് വനിതകൾ മന്ത്രിമാരാകുന്നു എന്ന സന്തോഷത്തെപ്പോലും നിഷ്പ്രഭമാക്കുന്ന നീക്കമാണ് ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലൂടെയുണ്ടായത്.

പ്രശ്നം സ്ത്രീയായതു തന്നെയാണെന്ന്
1987-ലെ തെരഞ്ഞെടുപ്പ് കാലത്ത് "കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചിടും" എന്ന മുദ്രാവാക്യം കൊണ്ട് ഒരു ജന സമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിച്ചിട്ട്, ഇടതു മന്ത്രിസഭ വന്നപ്പോൾ ശ്രീമതി ഗൗരിയമ്മയല്ല, ശ്രി.ഇ.കെ നായനാർ മുഖ്യമന്ത്രിയായി. അന്ന് സമുദായമാണ് തടസ്സമായതെന്ന് വളരെ വ്യക്തമായി ഗൗരിയമ്മയുൾപ്പെടെ പറഞ്ഞതാണ്.
സമുദായമൊന്നുമല്ല, പ്രശ്നം സ്ത്രീയായതു തന്നെയാണെന്ന് അന്നും ഇന്നും വ്യക്തമാണ്.

ശ്രദ്ധേയവും മികച്ചതും
ആരോഗ്യമന്ത്രി എന്ന നിലയിലുള്ള ഷൈലജ ടീച്ചറിന്റെ പ്രകടനം ശ്രദ്ധേയവും മികച്ചതുമായിരുന്നു. മറ്റ് പല മന്ത്രിമാരിൽ നിന്നും വിഭിന്നമായി കഴിഞ്ഞ അഞ്ച് വർഷവും യാതൊരു വിധ ആക്ഷേപങ്ങളും കേൾപ്പിക്കാതെയാണ് ടീച്ചർ ആരോഗ്യവകുപ്പിനെ നയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ എല്ലാ മേഖലയിലുള്ളവരെയും ആരോഗ്യ പ്രവർത്തകരെയും ഏകോപിപ്പിച്ചു കൊണ്ടുപോകന്നതിൽ ടീച്ചർ വിജയം വരിച്ചിരുന്നു.

വനിതാ മുഖ്യമന്ത്രി എന്ന പേരുടെ സ്വപ്നം
ഇക്കുറി കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ നിയമസഭാ സ്ഥാനാര്ത്ഥി എന്ന ഖ്യാതിയും അവർ സ്വന്തമാക്കി. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന സ്ഥാനത്തേയ്ക്ക് ഷൈലജ ടീച്ചറെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ആഗ്രഹിച്ചിരുന്നതുമാണ്. എന്നാൽ ഈ കോവിഡ് കാലത്ത് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പ് പൂർവാധികം ഭംഗിയായി കൊണ്ടു പോകുന്നത് ഒഴിവാക്കുക വഴി, കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരു പാട് പേരുടെ സ്വപ്നം മുളയിലേ നുള്ളിക്കളയാൻ ഇതിലൂടെ സി.പി.എമ്മിനു കഴിഞ്ഞു.

സ്ത്രീ വിരുദ്ധത
പത്ത് വനിതകളെ ഇക്കുറി സഭയിലെത്തിച്ച ഇടതു മുന്നണിയെ മനസ്സുകൊണ്ട് ഞാനും അഭിനന്ദിച്ചിരുന്നു. ഏറിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നു എന്ന വ്യത്യാസമുണ്ടെങ്കിലും സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ രാഷ്ട്രീയ നേതാക്കളായ പുരുഷന്മാരിൽ ഏറിയ പങ്കും മോശമല്ലെന്ന സത്യം ഇവിടെ വെളിവാകുന്നു'.












Click it and Unblock the Notifications