• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒറ്റ ദിവസത്തിന് 30 ലക്ഷം!!! ലാവലിന്‍ പിണറായിയേക്കാള്‍ അറിയും ഹരീഷ് സാല്‍വെയ്ക്ക്... ആളൂരിനെ വെല്ലും

  • By നരേന്ദ്രൻ

തിരുവനന്തപുരം/ദില്ലി: രാജ്യത്ത് ഏറ്റവും അധികം ഫീസ് വാങ്ങുന്ന വക്കീല്‍ ആരെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഒറ്റവാക്കില്‍ ഉത്തരം കിട്ടും... ഹരീഷ് സാല്‍വെ! രാം ജത് മലാനിയെ പോലും വെല്ലുന്ന ഫീസ് ആണ് സാല്‍വേ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജത് മലാനിയും സാല്‍വെയും കോടതിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സാല്‍വേയ്‌ക്കൊപ്പം ആയിരുന്നു.

ആ ഹരീഷ് സാല്‍വെ ആണ് ഇപ്പോള്‍ ലാവലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി ഹാജരാകാന്‍ പോകുന്നത്. ഇത്രയും കാലം എംകെ ദാമോദരന്‍ ഹാജരായിരുന്ന കേസില്‍ ഹൈക്കോടതിയില്‍ ഹരീഷ് സാല്‍വെയെ പോലെ ഒരാളെ കൊണ്ടുവരണമെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും കാരണം കാണില്ലേ എന്നാണ് ഉയരുന്ന ചോദ്യം.

ലാവലിന്‍ കേസില്‍ മുമ്പൊരിക്കല്‍ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കൂടിയാണ് ഹരീഷ് സാല്‍വെ എന്ന് കൂടി അറിയുമ്പോഴാണ് സംഭവത്തിന്റെ ഗൗരവും വര്‍ദ്ധിക്കുന്നത്.

ഒരു ദിവസത്തിന് 30 ലക്ഷം!!!

ഒരു ദിവസത്തിന് 30 ലക്ഷം രൂപ ഫീസ് വാങ്ങുന്ന അഭിഭാഷകന്‍ ആണ് ഹരീഷ് സാല്‍വെ എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഫലത്തുക പ്രസിദ്ധീകരിക്കുന്ന പതിവ് വക്കീലന്‍മാര്‍ക്കില്ലെങ്കിലും ഹരീഷ് സാല്‍വെ ചെലവേറിയ അഭിഭാഷകനാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

വമ്പന്‍ കേസുകളുടെ വാദക്കാരന്‍

വമ്പന്‍ കേസുകളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച അഭിഭാഷകനാണ് സാല്‍വെ. മുലായം സിങ് യാദവ്, പ്രകാശ് സിങ് ബാദല്‍, ലളിത് മോദി കേസുകളൊക്കെ ചെറിയ ഉദാഹരണങ്ങള്‍.

മുകേഷ് അംബാനിയും അനില്‍ അംബാനിയും

കൃഷ്ണ ഗോദാവരി തടത്തിലെ പ്രകൃതിവാതക നിക്ഷേപത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മിലുള്ള തര്‍ക്കം കോടതിയില്‍ എത്തിയപ്പോള്‍ മുകേഷിന്റെ അഭിഭാഷകനായിരുന്നു ഹരീഷ് സാല്‍വെ. ഇതോടെയാണ് സാല്‍വെയുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാം ജത് മലാനിയെ തറപറ്റിച്ചു

അനില്‍ അംബാനിക്ക് വേണ്ടി അന്ന് ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത് മലാനി ആയിരുന്നു. പക്ഷേ ആ കേസില്‍ ജത് മലാനിയെ തറപറ്റിച്ച് മുകേഷിന് വിജയം നേടിക്കൊടുത്തി ഹരീഷ് സാല്‍വെ. ഇതോടെ പ്രതിഫലം കുതിച്ചുയര്‍ന്നു.

അംബാനിയില്‍ നിന്ന് വാങ്ങിയത് 15 കോടി?

ആ ഒരൊറ്റ കേസില്‍ മാത്രം ഹരീഷ് സാല്‍വെ ഫീസ് ആയി വാങ്ങിയത് 15 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

സല്‍മാന്‍ ഖാനെ രക്ഷിച്ചതും

റോഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക് മേല്‍ കാറോടിച്ച് കയറ്റിയ കേസില്‍ സല്‍മാന്‍ ഖാന് രക്ഷകനായെത്തിയതും ഇതേ ഹരീഷ് സാല്‍വെ തന്നെ ആയിരുന്നു. കേസിൽ സൽമാന് നിർണായക ജാമ്യം ലഭിക്കാൻ സഹായിച്ചത് സാൽവെ ആയിരുന്നു

കോണ്‍ഗ്രസ്സുകാരന്റെ മകന്‍, മുന്‍ സോളിസിറ്റര്‍ ജനറല്‍

കോണ്‍ഗ്രസ്സുകാരനായ എന്‍കെപി സാല്‍വെയുടെ മകനാണ് ഹരീഷ് സാല്‍വെ. എന്നാല്‍ പ്രത്യേക രാഷ്ട്രീയ ചായ് വുകളൊന്നും അദ്ദേഹം പ്രകടമാക്കിയിട്ടില്ല. സോളിസിറ്റര്‍ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗുജറാത്ത് കലാപക്കേസില്‍ അമിക്കസ് ക്യൂറി

ഗുജറാത്ത് കലാപ കേസില്‍ അമിക്കസ് ക്യൂറിയായിരുന്നു ഹരീഷ് സാല്‍വെ. എന്നാല്‍ ഇതേ കാലയളവില്‍ ഹരീഷ് സാല്‍വേയ്‌ക്കെതിരെ ഗുരുതരമായ ഒരുപാട് ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

ലാവലിന്‍ കേസില്‍ ആദ്യല്ല

ഇപ്പോള്‍ പിണറായി വിജയന് വേണ്ടി ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഒരുങ്ങുകയാണ് സാല്‍വെ. എന്നാല്‍ ആദ്യമായിട്ടല്ല ലാവലിന്‍ കേസില്‍ സാല്‍വെ ഹാജരാകുന്നത്. പക്ഷേ വലിയ വ്യത്യാസം ഉണ്ട് എന്ന് മാത്രം.

മുമ്പ് സര്‍ക്കാരിന് വേണ്ടി, ഇപ്പോള്‍ പ്രതിക്ക് വേണ്ടി

2009 ല്‍ ലാവലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെ ആയിരുന്നു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിയെ ചോദ്യം ചെയ്തുകൊണ്ട് പിണറായി വിജയന്‍ ആയിരുന്നു അന്ന് ഹര്‍ജി നല്‍കിയത്.

ഫാലി എസ് നരിമാനും സാല്‍വെയും

അന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ആയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ അന്ന് പിണറായിക്ക് എതിരായ നിലപാടുകള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല എന്നതാണ് സത്യം.

ഇതെങ്ങനെ ശരിയാവും?

ഒരിക്കല്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അതേ കേസില്‍ മറ്റൊരു കോടതിയില്‍ പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

സംഗതി ഗുരുതരം തന്നെ

ലാവലിന്‍ കേസില്‍ ഹരീഷ് സാല്‍വെയെ പോലെ ഒരാളെ അഭിഭാഷകനാക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ പിണറായിക്ക് അനുകൂലമല്ലെന്ന് കരുതേണ്ടി വരും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എംകെ ദാമോദരന്‍ ആയിരുന്നു ലാവലിന്‍ കേസ് കൈകാര്യം ചെയ്തിരുന്നത്.

എങ്ങനെ തീറ്റിപ്പോറ്റും സാല്‍വേയെ

ഹരീഷ് സാല്‍വെ ഈ കേസ് കൈകാര്യം ചെയ്യുമ്പോള്‍ വന്‍തുക ഫീസ് ആയി നല്‍കേണ്ടി വരും. ഈ പണം ആര് നല്‍കും എന്നതാണ് ചോദ്യം. ഫീസ് മാത്രമല്ല സാല്‍വെയ്ക്കുള്ള ചെലവ്.....

ഫീസില്‍ നില്‍ക്കില്ല ചെലവുകള്‍...

കേസില്‍ ഹാജരാകാന്‍ എത്തുമ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തന്നെ താമസം ഒരുക്കണം ഹരീഷ് സാല്‍വെക്ക്. മാത്രമല്ല ഫസ്റ്റ് ക്ലാസ്സ് വിമാന ടിക്കറ്റും നല്‍കണം.

ഡിന്നറിന് തന്നെ രണ്ട് ലക്ഷം

താമസം മാത്രം പോരല്ലോ... ഹരീഷ് സാല്‍വെയ്ക്കും അഭിഭാഷക സംഘത്തിനും ഫൈവ് സ്റ്റാര്‍ ഡിന്നറും നല്‍കണം. ഇതിന് മാത്രം ഏതാണ്ട് രണ്ട് ലക്ഷം രൂപ ചെലവാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റയും ഐടിസിയും എല്ലാം

ടാറ്റ ഗ്രൂപ്പും ഐടിസിയും വോഡഫോണും എല്ലാം ഹരീഷ് സാല്‍വെയുടെ ക്ലൈന്റ്‌സ് ആണ്. നീര റാഡിയ കേസില്‍ ടാറ്റയ്ക്ക് വേണ്ടി ഹാജരായത് ഹരീഷ് സാല്‍വെ ആയിരുന്നു.

 ഏറ്റവും ശക്തരായ ഇന്ത്യക്കാരില്‍

2009 ല്‍ ഇന്ത്യ ടുഡേ രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. വെറും അഭിഭാഷകന്‍ മാത്രമായ സാല്‍വെ ആ പട്ടികയില്‍ 18-ാം സ്ഥാനത്തായിരുന്നു എന്ന് കൂടി ഓര്‍ക്കണം.

വസ്ത്രം വാങ്ങാന്‍ ലണ്ടനില്‍ പോകും

വസ്ത്രങ്ങള്‍ വാങ്ങാന്‍ ലണ്ടനില്‍ പോകുന്ന ആളാണ് സാല്‍വെ. ഇടയ്ക്കിടെ ഇങ്ങനെയുള്ള യാത്രകള്‍ ഉണ്ടാകും. അംബാനി കേസ് നടക്കുന്നതിനിടെ മുകേഷ് അംബാനി ലണ്ടനില്‍ നിന്ന് വന്‍ വസ്ത്രശേഖരം തന്നെ സാല്‍വെയ്ക്ക് എത്തിച്ചു നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആളൂരിനെ പോലെയല്ല സാല്‍വെ

ഗോവിന്ദച്ചാമി കേസിലാണ് അഡ്വ ആളൂരിന്റെ പേര് മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ദാവൂദ് ഇബ്രാഹിമിന്റെ ഇന്ത്യയിലെ കേസുകള്‍ കൈകാര്യം ചെയ്യുന്നത് പോലും ആളൂരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രശസ്തിക്ക് വേണ്ടി ഏതറ്റം വരേയും പോകുന്ന ആളാണ് ആളൂര്‍. അതിന് വേണ്ടി ഫീസില്ലാതെ പോലും കേസ് എടുക്കും. പക്ഷേ ഹരീഷ് സാല്‍വെയെ അതിന് കിട്ടില്ല.

English summary
The most expensive lawyer of India, Harish Salve, will appear for Pinarayi Vijayan in Lavalin Case. Salve once appeared for Kerala State Government in Lavalin case in 2009.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X