നിലപാടില്‍ ഉറച്ച് വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും;ചര്‍ച്ച പരാജയം,ലോ അക്കാദമിയില്‍ സമരം തുടരും...
ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായും, അക്കാദമി മാനേജ്‌മെന്റുമായുമാണ് തിരുവനന്തപുരം സബ് കളക്ടര്‍ ചര്‍ച്ച നടത്തിയത്.
തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം വിളിച്ച ചര്‍ച്ചയും പരാജയപ്പെട്ടു. ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായും, അക്കാദമി മാനേജ്‌മെന്റുമായുമാണ് തിരുവനന്തപുരം സബ്കളക്ടര്‍ ചര്‍ച്ച നടത്തിയത്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടത്.
പേരൂര്‍ക്കട ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന സമരം അക്രമാസക്തമായതോടെയാണ് ജില്ലാ ഭരണകൂടം പ്രശ്‌ന പരിഹാരത്തിന് യോഗം വിളിച്ചത്. ലോ അക്കാദമിയില്‍ നിന്ന് ലക്ഷ്മി നായര്‍ മാറിനില്‍ക്കാമെന്ന് ഉറപ്പുനല്‍കിയ ചര്‍ച്ചയുടെ മിനിട്‌സ് ഹാജരാക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. അക്കാദമി ഭരണസമിതിയിലെ 21 പേരും ഒപ്പിട്ട മിനിട്‌സ് വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ ലോ അക്കാദമി മാനേജ്‌മെന്റും അവരുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകാതെ യോഗം പിരിഞ്ഞു.

അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാനും സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. വിദ്യാഭ്യാസ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ നാല് വിസിമാര്‍ അടങ്ങുന്നതാണ് സമിതി. സ്വാശ്രയ കോളേജുകളിലെ അക്കാദമിക് നിലവാരവും സമിതി പരിശോധിക്കും.












Click it and Unblock the Notifications