ലോ അക്കാദമി സമരം അവസാനിച്ചു....വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും തമ്മില്‍ പുതിയ ധാരണ
പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥികള്‍.
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ന്നു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും തമ്മില്‍ പുതിയ ധാരണയിലെത്തി. പുതിയ പ്രിന്‍സിപ്പലിനെ ഉടന്‍ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കി.

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും പൂര്‍ണ്ണമായി മാറ്റിനിര്‍ത്താമെന്നും, പുതിയ പ്രിന്‍സിപ്പലിനെ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് അനുസൃതമായി ഉടന്‍ നിയമിക്കാമെന്നുമുള്ള കരാറില്‍ മാനേജ്മെന്‍റ് ഒപ്പിട്ടു നല്‍കി.
29 ദിവസത്തിന് ശേഷമാണ് ലോ അക്കാദമിയിലെ സമരം ഒത്തുതീര്‍ന്നത്. വിദ്യാഭ്യാസ മന്ത്രി ബുധനാഴ്ച വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മന്ത്രി വിഎസ് സുനില്‍കുമാറും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്തിരുന്നു. നേരത്തെ സമരം അവസാനിപ്പിച്ച എസ്എഫ്ഐ പ്രതിനിധികളെയും ചര്‍ച്ചയിലേക്ക് വിളിച്ചിരുന്നു.
സമരം അവസാനിച്ച പശ്ചാത്തലത്തില്‍ പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തി. തിങ്കളാഴ്ച മുതല്‍ ലോ അക്കാദമിയില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചു.












Click it and Unblock the Notifications