ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇടതുമുന്നണിയുടെ പച്ചക്കൊടി! തീരുമാനം ഉടൻ, മിനിമം ചാർജ് ഇനി എട്ട് രൂപ...
ദിനംപ്രതി വർദ്ധിക്കുന്ന ഇന്ധനവിലയും, മറ്റ് ചെലവുകളും ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ചാർജ് വർദ്ധന ആവശ്യപ്പെട്ടിരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇടതുമുന്നണി അനുമതി നൽകി. നിലവിലുള്ള ഏഴ് രൂപയിൽ നിന്ന് മിനിമം ചാർജ് എട്ട് രൂപയാക്കാനാണ് ഇടതുമുന്നണി യോഗത്തിൽ അനുമതി നൽകിയത്. ഇതോടെ ചാർജ് വർദ്ധന സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.
ദിനംപ്രതി വർദ്ധിക്കുന്ന ഇന്ധനവിലയും, മറ്റ് ചെലവുകളും ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ചാർജ് വർദ്ധന ആവശ്യപ്പെട്ടിരുന്നത്. ബസ് ചാർജ് വർദ്ധിപ്പിക്കാനായി ബസുടമകൾ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ഇടതുമുന്നണിയെ ചുമതലപ്പെടുത്തിയത്.

ജനങ്ങൾക്ക് അമിതഭാരമാകാത്ത രീതിയിൽ ബസ് ചാർജ് വർദ്ധിപ്പിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ നിർദേശം. ഇക്കാര്യം ഗതാഗത മന്ത്രിയടക്കമുള്ളവരെ അറിയിക്കുകയും ചെയ്തു.
ബസ് ചാർജ് വർദ്ധനയ്ക്ക് ഇടതുമുന്നണി അനുമതി നൽകിയതോടെ ഇതുസംബന്ധിച്ച് ഉടൻ അന്തിമതീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ചാർജ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും പരിശോധിച്ചതിന് ശേഷമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications