എൽഡിഎഫിന് മറുപണിയുമായി കോൺഗ്രസ്; കൺവീനർ കോൺഗ്രസിലേക്ക്.. ഒപ്പം ആയിരത്തോളം പേരും
തിരുവനന്തപുരം; എൽ ഡി എഫിന് തിരിച്ചടി നൽകി മുതിർന്ന എൻ സി പി നേതാവും ആലുവ എൽ ഡി എഫ് കൺവീനറുമായ കെ എം കുഞ്ഞുമോന്‍ പാർട്ടി വിട്ടു. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് വിളിച്ച് ചേർന്ന പത്രസമ്മേളനത്തിലാണ് പാർട്ടി വിടുന്ന കാര്യം കുഞ്ഞുമോൻ വ്യക്തമാക്കിയത്. എൻ സി പി അധ്യക്ഷനായി പി സി ചാക്കോ വന്നത് മുതൽ പാർട്ടിയിൽ അതൃപ്തികൾ ഉയരുന്നുണ്ട്. അതിനിടയിലാണ് ഇപ്പോഴത്തെ രാജി.

എന്‍ സി പിയിലെ എല്ലാ സ്ഥാനങ്ങളും എൽ ഡി എഫ് കണ്‍വീനര്‍ സ്ഥാനവും രാജിവെക്കുകയാണെന്ന് പത്രസമ്മേളനത്തിൽ കുഞ്ഞുമോൻ അറിയിച്ചു.
ഞായറാഴ്ച കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ സാന്നിധ്യത്തിൽ താൻ കോൺഗ്രസിൽ ചേരുമെന്ന് കുഞ്ഞുമോൻ വ്യക്തമാക്കി. തനിക്കൊപ്പം എൻ സി പിയുടെ ജില്ലാ ഭാരവാഹികളും പോഷകസംഘടനാ നേതാക്കളും ഉള്‍പ്പെടെ ആയിരത്തോളം പേരും കോൺഗ്രസിൽ ചേരുമെന്ന് കുഞ്ഞുമോൻ പറഞ്ഞു.

എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് കുഞ്ഞുമോൻ പറഞ്ഞു. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെ ചാക്കോ നിരന്തരം വേട്ടയാടുകയാണ്. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചുകൊണ്ട് ഇന്ന് 35 വര്‍ഷത്തെ ഇടതുപക്ഷത്തെ സേവനം അവസാനിപ്പിക്കുകയാണെന്നും കുഞ്ഞുമോൻ അറിയിച്ചു.

പുതിയ കെ പി സി സി നേതൃത്വത്തേയും കുഞ്ഞുമോൻ പുകഴ്ത്തി. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ കെ സുധാകരനും വി ഡി സതീശനും എത്തിയതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് കുഞ്ഞുമോൻ പറഞ്ഞു. പുതിയ കെ പി സി സി പട്ടിക ഇതിന്റെ തെളിവാണ്. കെ. പി സി സി പ്രസിഡന്റുമായി താൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം തങ്ങളെ സ്വാഗതം ചെയ്തുവെന്നും കുഞ്ഞുമോൻ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

നിലവില്‍ എൻ സി പി സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് കെ എം കുഞ്ഞുമോന്‍. എറണാകുളം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, എന്‍ സി പി. ജില്ലാ പ്രസിഡന്റ്, ഐ എൻ എൽ സി ട്രേഡ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്.

അതേസമയം വരും ദിവസങ്ങളിൽ സി പി എമ്മിൽ നിന്നും എൽ ഡി എഫിൽ നിന്നും ബി ജെ പിയിൽ നിന്നും കൂടുതൽ നേതാക്കളെ എത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുനഃസംഘടന നടപടികൾക്ക് ശേഷം കോൺഗ്രസിൽ നിന്നും പ്രമുഖർ ഉൾപ്പെടെ ഏഴ് നേതാക്കൾ പാർട്ടി വിട്ടിരുന്നു. ഇതിൽ മൂന്ന് പേർ എൻസിപിയിലും മൂന്ന് പേർ എൽഡിഎഫിലും ചേർന്നിരുന്നു.

ഇതിന് മറുപടി നൽകാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. മധ്യകേരളത്തിൽ നിന്നുള്ള മുൻ സി പി എം എംഎൽഎയുമായി കെ സുധാകരൻ ഇതിനോടകം ചർച്ച പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ ഉണ്ട്. കോണ‍്ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎ്മിലെത്തിയ ചെറിയാൻ ഫിലിപ്പിനെ മടക്കി കൊണ്ടുവരുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം. കെ സുരേന്ദ്രനെതിരെ അതൃപ്തിയുള്ള ചില ബിജെപി നേതാക്കളേയും മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ട്.












Click it and Unblock the Notifications