എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ മിന്നല്‍ വേഗത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മുന്നേറ്റത്തിലാണ് ഇടതുപക്ഷം. യുഡിഎഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷത്തിന്റെ പ്രചരണം. വികസനത്തുടര്‍ച്ചയ്ക്കായി തുടര്‍ഭരണം ലഭിക്കും എന്നുളള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുളള വിഷയങ്ങളാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കളത്തില്‍ സജീവമാക്കാന്‍ ശ്രമിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം കോണ്‍ഗ്രസിനും ബിജെപിക്കുമുണ്ട്. ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളെല്ലാം ഇത്തവണ അതിശക്തമായ മത്സരമാണ് സംസ്ഥാനത്ത് ഉണ്ടാവുക എന്നാണ് പ്രവചിച്ചിരിക്കുന്നത്. 140 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത്. 100 പ്ലസ് എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫും യുഡിഎഫും മുന്നോട്ട് പോകുന്നത്.

അതിനിടെ മാട്രിസ്-ഐഎഎന്‍സ് അഭിപ്രായ സര്‍വ്വേ ഫലം പുറത്ത് വന്നിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളം കാണാനിരിക്കുന്നത് എന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. മാട്രിസ്-ഐഎഎന്‍സ് സര്‍വ്വേ പ്രകാരം ഭരണകക്ഷിയായ ഇടതുപക്ഷത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചേക്കും. 61 മുതല്‍ 71 സീറ്റുകള്‍ വരെ ഇടതുപക്ഷത്തിന് ലഭിച്ചേക്കാം എന്നാണ് സര്‍വ്വേ പറയുന്നത്.
കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സീറ്റുയര്‍ത്തും. 58 മുതല്‍ 69 വരെ സീറ്റുകള്‍ യുഡിഎഫിന് ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന് മാട്രിസ്-ഐഎഎന്‍സ് സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 2 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു.
നിലവില്‍ സിറ്റിംഗ് എംഎല്‍എമാര്‍ അടക്കം പാര്‍ട്ടികള്‍ മാറുന്ന സാഹചര്യത്തില്‍ ഈ നിലയിലൊരു ഫലം വന്നാല്‍ ഭരണം ആരുടെ കയ്യിലേക്ക് വേണമെങ്കിലും മറിയാം എന്ന സ്ഥിതിയാണ്. ഇടതുപക്ഷത്തിന് 71 സീറ്റാണ് ലഭിക്കുന്നതെങ്കില്‍ അതൊരു സുരക്ഷിത സ്ഥാനമല്ല. ഘടകകക്ഷികളായ പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാര്‍ ആരെങ്കിലും കൂറുമാറിയാല്‍ സര്‍ക്കാര്‍ വീഴും. അതുകൊണ്ട് തന്നെ സുരക്ഷതമായ അത്രയും സീറ്റുകളില്‍ വിജയം ഉറപ്പിക്കുക എന്നത് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.












Click it and Unblock the Notifications