ഇടുക്കിയില്‍ വീണ്ടും ഹര്‍ത്താല്‍
തൊടുപുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി ഏറെ ഹര്‍ത്താലുകള്‍ക്ക് സാക്ഷ്യം വഹിച്ച ഇടുക്കി ജില്ല വീണ്ടും ഒരു ഹാര്‍ത്താലിലേക്ക്. ഇടുമുന്നണിയാണ് ഏപ്രില്‍ 23 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അവസാന നിമിഷം ഇത് ഏപ്രില്‍ 24 ലേക്ക് മാറ്റിവച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെ ബാധിക്കാതിരിക്കാനാണ് ഹര്‍ത്താല്‍ ഒരു ദിവസം മാറ്റിവച്ചത്. ഇതിനിടെ കരട് ഭൂപടം തയ്യാറാക്കാനുള്ള സമയപരിധി ഏപ്രില്‍ 29 വരെ നീട്ടിയിട്ടുണ്ട്.

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ നിര്‍മിച്ചതില്‍ വലിയ അപാകമാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. ഭൂപടം തയ്യാറാക്കുന്നതില്‍ കര്‍ഷകരുടേയും സംഘടനകളുടേയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ലെന്നും ഇടതുമുന്നണി ആരോപിക്കുന്നു.
ഏപ്രില്‍ 23 നാണ് പരിസ്ഥിതി ലോല പ്രദേശങ്ങളും കൃഷി ഭൂമിയും വനഭൂമിയും ഒക്കെ തരം തിരിച്ചുള്ള ഭൂപടം സര്‍ക്കാരിന് കൈ മാറേണ്ടിയിരുന്നത്. കര്‍ഷകരുടെ പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായില്ലന്നാണ് ആരോപണം. ആരോടും ചര്‍ച്ച ചെയ്യാതെ ഭൂപടം തയ്യാറാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എല്‍ഡിഎഫ് ആരോപിക്കുന്നുണ്ട്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കത്തി നില്‍ക്കുന്ന സമയത്ത് ഇടുക്കിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എന്നതുപോലെ ഹര്‍ത്താലായിരുന്നു. ഒരു ദിവസം ഹൈറേഞ്ച് സംരക്ഷണ സമിതി ഹര്‍ത്താല്‍ നടത്തിയാല്‍ അടുത്ത ദിവസം ഇടതുമുന്നണിയുടെ നേതൃത്വത്തിലാകും ഹര്‍ത്താല്‍. അടുത്ത ദിവസം കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ മറ്റൊരു ഹര്‍ത്താല്‍...
ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തിയാല്‍, തയ്യാറാക്കിയ ഭൂപടം മാറ്റി നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകുമോ...ഇനിയിപ്പോഴിതാ ഭൂപടം തയ്യാറാക്കാന്‍ കൂടതല്‍ സമയവും അനുവദിച്ചിരിക്കുന്നു... ഇതോടെ ഹര്‍ത്താല്‍ ഉപേക്ഷിക്കാന്‍ സമരക്കാര്‍ തയ്യാറാകുമോ?












Click it and Unblock the Notifications