'വട്ടിയൂർക്കാവിൽ പേര് വെട്ടിയതാരെന്ന് അന്വേഷിക്കൂ...' പ്രശാന്തിന് വടി കൊടുത്ത് അടി വാങ്ങി കുമ്മനം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരന് ചുട്ട മറുപടിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്. കഴക്കൂട്ടത്തെ ശല്യമൊഴിവാക്കുന്നതിന് വേണ്ടി മന്ത്രി കടകംപളളി സുരേന്ദ്രന്‍ കോര്‍പ്പറേഷന്‍ മേയറായ വികെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ട് ചതിച്ചതാണ് എന്നാണ് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.
വട്ടിയൂര്‍ക്കാവില്‍ പേര് വെട്ടിയത് ആരാണ് എന്ന് അന്വേഷിക്കൂ എന്നാണ് കുമ്മനത്തിന് വികെ പ്രശാന്തിന്റെ മറുപടി. കുമ്മനത്തിന്റെ ആരോപണത്തോട് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ അട്ടിമറി ജയം ലക്ഷ്യമിട്ടാണ് ജനപ്രിയനായ മേയറെ ഇക്കുറി എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ വോട്ടുകള്‍ പ്രശാന്തിന് ലഭിക്കുമെന്നാണ് ഇടത് മുന്നണിയുടെ കണക്ക് കൂട്ടല്‍.

അതേസമയം കുമ്മനം രാജശേഖരനെ അവസാന നിമിഷം വെട്ടി എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തീരുമാനത്തിന് എതിരെ ബിജെപി അണികളില്‍ അമര്‍ഷമുണ്ട്. കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ തയ്യാറായിട്ടും പാര്‍ട്ടിയിലെ ഗ്രൂപ്പ കളികളുടെ ഭാഗമായി ഒതുക്കപ്പെട്ടു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം വട്ടിയൂര്‍ക്കാവില്‍ നിന്ന് തന്നെ വെട്ടിയെന്നത് നുണ പ്രചരണമാണ് എന്നാണ് കുമ്മനത്തിന്റെ പ്രതികരണം.
എല്‍ഡിഎഫും യുഡിഎഫും നുണബോംബകളാണ് എന്നും കുമ്മനം പറഞ്ഞു. താന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് പിന്തിരിഞ്ഞ് പോകില്ലെന്നും മണ്ഡലത്തില്‍ തന്നെ സജീവമായി ഉണ്ടാകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇക്കുറി ബിജെപിക്ക് വിജയ പ്രതീക്ഷയുളള മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. മുന്‍ എംഎല്‍എ കൂടിയായ കെ മോഹന്‍ കുമാര്‍ ആണ് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications