വോട്ടെടുപ്പിന് മുന്നെ വിജയം: കണ്ണൂരില്‍ ആറിടത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥികള്‍ക്ക് എതിരില്ലാതെ വിജയം
കണ്ണൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ ആറ് വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. ആന്തൂർ നഗരസഭയിൽ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ടിടത്തും കണ്ണപുരം ഗ്രാമപഞ്ചായത്തിൽ രണ്ടിടത്തുമാണ് എൽ ഡി എഫ് എതിരില്ലാതെ വിജയിച്ചത് ഈ നേട്ടം. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ നിശ്ചയിച്ച നാമനിർദേശ സമർപ്പണത്തിന്റെ അവസാന സമയം കഴിഞ്ഞിട്ടും ഈ വാർഡുകളിൽ മറ്റൊരു സ്ഥാനാർഥിയും പത്രിക നൽകാതിരുന്നതോടെയാണ് എതിരില്ലാത്ത ജയം സ്ഥിരീകരിച്ചത്.
നിലവിൽ എൽഡിഎഫിന് പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ മോറാഴ വാർഡിൽ കെ. രജിതയും പൊടിക്കുണ്ട് വാർഡിൽ കെ. പ്രേമരാജനും, മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്ത് വാർഡിൽ ഐ.വി. ഒതേനനും അടുവാപ്പുറം സൗത്ത് വാർഡിൽ സി.കെ. ശ്രേയയും, കണ്ണപുരം പഞ്ചായത്തിൽ 13-ാം വാർഡിൽ രീതി പി.യും 14-ാം വാർഡിൽ രേഷ്മ പി.വിയുമാണ് വിജയിച്ച സ്ഥാനാർത്ഥികള്‍.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിയുന്നതോടെ (നവംബർ 24) ഇവരെ ഔദ്യോഗികമായി വിജയികളായി പ്രഖ്യാപിക്കും. എൽ ഡി എഫിന്റെ സംഘടനാശേഷിയും പ്രാദേശിക പിന്തുണയും ഇപ്പോഴും ശക്തമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ആറ് എതിരില്ലാ വിജയങ്ങളെന്ന് നേതൃത്വം അവകാശപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷക ചുമതലയേറ്റു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള കണ്ണൂർ ജില്ലയിലെ പൊതുനിരീക്ഷകയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച ഐ എഫ് എസ് ഉദ്യോഗസ്ഥ ആർ കീർത്തി കണ്ണൂരിലെത്തി ചുമതലയേറ്റു. കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്ററുടെ പൂർണ ചുമതല വഹിക്കുന്നു. കലക്ടറേറ്റിലെത്തിയ പൊതുനിരീക്ഷക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച നടത്തി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ പൊതുനിരീക്ഷകയെ ഫോണിൽ അറിയിക്കാവുന്നതാണ്. ഫോൺ: 9447979150. ആവശ്യമെങ്കിൽ കണ്ണൂർ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിൽ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ ഒമ്പത് മണി വരെയും രാത്രി ഏഴ് മുതൽ എട്ട് മണി വരെയും മുൻകൂട്ടി അറിയിച്ച് കൂടിക്കാഴ്ച നടത്താവുന്നതാണെന്നും അറിയിച്ചു.
കണ്ണൂർ സർവകലാശാല ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ. ടി.കെ പ്രിയ പൊതുനിരീക്ഷകയുടെ ലെയ്‌സൺ ഓഫീസറാണ്. ഫോൺ: 9446668080












Click it and Unblock the Notifications