'ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വലിയ അക്രമം നടത്തുന്നു', കോൺഗ്രസിനെതിരെ ഇപി ജയരാജൻ
കണ്ണൂർ: രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിക്കപ്പെട്ടതിന്റെ തുടർച്ചയായി കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ച് വിടുന്നതിനെതിരെ ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. വയനാട്ടിലെ സംഭവം മുഖ്യമന്ത്രി അടക്കം അപലപിച്ചിട്ടുളളതാണ്. ആ സംഭവം മറയാക്കി കോൺഗ്രസും യൂത്ത് കോൺഗ്രസും കെ.എസ്.യുവും തങ്ങളുടെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വലിയ അക്രമം നടത്തുകയാണെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിൽ ദേശാഭിമാനി ലേഖകനെ ഭീഷണിപ്പെടുത്തിയതിനേയും കല്പറ്റയിലെ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം നടത്തിയതിനേയും ഇപി ജയരാജൻ വിമർശിച്ചു.
ഇപി ജയരാജന്റെ പ്രതികരണം: ' വയനാട്ടിൽ കോൺഗ്രസ് എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചും തുടർന്നുണ്ടായ സംഭവങ്ങളും സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും മുഖ്യമന്ത്രിയും എല്ലാം ശക്തമായി അപലപിച്ചിട്ടുള്ളതാണ്. വിദ്യാർത്ഥി സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് നടന്നത്. അവർക്കെതിരെ പോലീസും ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. എന്നാൽ ഈ സംഭവത്തെ മറയാക്കിക്കൊണ്ട് കേരളത്തിലുടനീളം കോൺഗ്രസും യൂത്ത് കോൺഗ്രസും കെ.എസ്.യുവും തങ്ങളുടെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വലിയ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനജീവിതം ദുസഹമാക്കിക്കൊണ്ടാണ് ഈ ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നത്. പല സ്ഥലങ്ങളിലും വിദ്യാർത്ഥി സഖാക്കൾക്ക് നേരെയും അക്രമം ഉണ്ടാകുന്നു.
സംസ്ഥാനത്തിന്റെ ക്രമസമാധാനം ഇല്ലാതാക്കാൻ സംസ്ഥാനത്താകെ അക്രമങ്ങൾ നടത്തുകയാണ് കോൺഗ്രസ്. ക്രമസമാധാന പാലകരായ പോലീസിനേയും ഇക്കൂട്ടർ അക്രമിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രോത്സാഹനത്തോടെയാണ് യൂത്ത് കോൺഗ്രസ് ഈ അഴിഞ്ഞാട്ടം. നടത്തുന്നത് എന്നത് ദൗർഭാഗ്യകരമാണ്. കല്പറ്റയിൽ പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിൽ ദേശാഭിമാനിയുടെ ലേഖകൻ ഒരു ചോദ്യം ചോദിച്ചതിന്റെ ഭാഗമായി ആ ലേഖകനെ ഭീഷണിപ്പെടുത്തി. മാധ്യമ പ്രവർത്തകർ പ്രതികരിച്ചപ്പോൾ അവർക്ക് നേരേയും ഭീഷണി മുഴക്കി. ഈ പത്രസമ്മേളനത്തിന് ശേഷം കല്പറ്റയിലെ ദേശാഭിമാനി ഓഫീസിന് നേരെ കോൺഗ്രസിന്റേയും യൂത്ത്കോൺഗ്രസിന്റേയും അക്രമം നടന്നു. ചോദ്യം ചോദിച്ചതിന്റെ പേരിൽ പത്ര ഓഫീസിന് നേരേയും അക്രമം അഴിച്ചുവിടുന്നതാണ് കാണാനാകുന്നത്.

കണ്ണൂരിൽ ആയുധങ്ങളുമായാണ് കോൺഗ്രസ് വലിയതോതിലുള്ള അക്രമങ്ങൾ നടത്തുന്നത്. യാത്രക്കാരെ ഉൾപ്പടെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഗതാഗതം തടസ്സപ്പെടുത്തി, വഴിയോരങ്ങളിലുള്ള സി.പി.ഐ.എമ്മിന്റെ കൊടിമരങ്ങളും ഫ്ലക്സുകളുമെല്ലാം തകർത്തു. ഇത്തരത്തിൽ പ്രകോപനം സൃഷ്ടിച്ച് വലിയ കലാപമുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവിന്റേയും കെ.പി.സി.സി പ്രസിഡന്റിന്റേയും നേതൃത്വത്തിൽ കോൻഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഗുണ്ടാസംഘങ്ങൾ ശ്രമിക്കുന്നത്.
സി.പി.ഐ.എമ്മിന്റെ എല്ലാ ഘടകങ്ങളും ഇന്നലെ നടന്ന സംഭവത്തെ അപലപിച്ചതാണ്. വയനാട് ജില്ലാകമ്മിറ്റി, സംസ്ഥാന കമ്മിറ്റി, കേന്ദ്ര നേതൃത്വം, ഇടതുപകഷ ജനാധിപത്യ മുന്നണി തുടങ്ങി എല്ലാവരും വിദ്യാർത്ഥി സഖാക്കളിൽ നിന്നുണ്ടായ ശ്രദ്ധക്കുറവിനെതിരെ ശക്തമായി പ്രതികരിക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്തു. പോലീസും നടപടി സ്വീകരിച്ചു. നിരവധി പേർ കസ്റ്റഡിയിലാണ്. എന്നാൽ, അതീവ സുരക്ഷാ മേഖലയായ വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം ആസൂത്രിതമായി അയച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ക്രിമിനലുകളോട് കോൺഗ്രസ് സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും സ്വീകരിച്ച നിലപാട് എന്താണ്?
ബ്യൂട്ടി ക്യൂന്‍; വേദികയുടെ പുതുപുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
ഈ ക്രിമിനലുകൾ റിമാന്റ് കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ പൂമാലയും ബൊക്കയും കൊടുത്ത് സ്വീകരിച്ച് അക്രമികൾക്ക് വലിയ പ്രോത്സാഹനം നൽകുകയല്ലെ ചെയ്തത്. ഇടുക്കിയിൽ എഞ്ചിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനായ വിദ്യാർത്ഥി സഖാവ് ധീരജിനെ കലാലയത്തിൽ കയറി യൂത്ത്കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊന്നപ്പോൾ കോൺഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ പ്രതികരണങ്ങൾ കേരളം മറന്നിട്ടില്ല. സി.പി.ഐ.എം തെറ്റിനെ തറ്റായി കണ്ടുകൊണ്ട് അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണത്. തെറ്റിനെ തെറ്റായും ശരിയെ ശരിയായും കാണുകയും സമാധാനപൂർണ്ണമായ ജനജീവിതം ലക്ഷ്യമാക്കി പ്രവർത്തിക്കുകയുമാണ് സി.പി.ഐ.എം.
വയനാട്ടിലെ സംഭവത്തെ സുവർണ്ണാവസരമായി കണ്ട് ഇടതുപക്ഷത്തേയും വിശിഷ്യാ സി.പി.ഐ.എമ്മിനേയും ആക്രമിക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇത് കേരള ജനത മനസ്സിലാക്കി കഴിഞ്ഞു. ഇതിന്റെ പേരിൽ സംസ്ഥാനത്താകെ ആക്രമണങ്ങൾ അഴിച്ചുവിട്ട് എസ്.എഫ്.ഐയേയും വിദ്യാർത്ഥി സഖാക്കളേയും ഇല്ലാതാക്കി കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന് കോൺഗ്രസ് നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നു.
സഖാവ് ധീരജിനെയും മഹാരാജാസിൽ, എസ്.ഡി.പി.ഐ തീവ്രവാദികൾ സഖാവ് അഭിമന്യുവിനേയും ഉൾപ്പടെ നിരവധി വിദ്യാർത്ഥി സഖാക്കളെ ഇല്ലാതാക്കിയപ്പോഴും എസ്.എഫ്.ഐ യും സി.പി.ഐഎമ്മും സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്.
വയനാട്ടിലെ സംഭവത്തെ പൊക്കിപ്പിടിച്ച് നാട്ടിലാകെ അക്രമങ്ങൾ അഴിച്ചുവിട്ട് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളി കോൺഗ്രസിന് തന്നെ ആപത്തായിരിക്കുമെന്നത് മനസ്സിലാക്കിയാൽ നല്ലത്. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം. ഗുണ്ടായിസം അവസാനിപ്പിച്ച് അക്രമങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. സമാധാനം ഉറപ്പുവരുത്താൻ ജനങ്ങളുടെ സർക്കാരും പൊതുസമൂഹവും നിർബന്ധിതരാകും''.












Click it and Unblock the Notifications