പൊമ്പിളൈ ഒരുമൈ ദേവികുളത്ത് മത്സരിക്കും; തമിഴ് വോട്ടുകള്‍ ചോരുമെന്ന് എൽഡിഎഫിന് ആശങ്ക!
തൊടുപുഴ: ഇരുമുന്നണികളേയും അങ്കലാപ്പിലാക്കി ദേവികുളം മണ്ഡലത്തില്‍ പൊമ്പിളൈ ഒരുമൈ മല്‍സര രംഗത്ത്. പൊമ്പിളൈ ഒരുമൈ തോട്ടം തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ജെ. രാജേശ്വരിയാണ് സ്ഥാനാര്‍ഥി. പത്ത് വര്‍ഷം സി.ഐ.ടി.യുവില്‍ പ്രവര്‍ത്തിച്ച ശേഷമാണ് രാജേശ്വരി പൊമ്പിളൈ ഒരുമൈ രൂപീകരണത്തിലെ മുന്‍ നിരക്കാരിയായത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് ഒറ്റപ്പാറ ഡിവിഷനില്‍ 25 വര്‍ഷമായി തേയില തോട്ടം തൊഴിലാളിയാണ് ഈ 45കാരി.
ആറു മാസം മുമ്പ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഞെട്ടിച്ച് മൂന്നാറില്‍ പിറവിയെടുത്ത പൊമ്പിളൈ ഒരുമൈക്ക് ഇപ്പോള്‍ പഴയ ശക്തിയില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തിന് മുന്നണി സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന ദേവികുളത്തെ ജനവിധി നിയന്ത്രിക്കാന്‍ ഇവര്‍ക്കാകും. ദ്ദേശ തെരഞ്ഞടുപ്പില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും രണ്ടു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും പൊമ്പിളൈ ഒരുമൈ നേടിയിരുന്നു.

ബ്ലോക്ക് പഞ്ചായത്തംഗം ഗോമതി പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നു. മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ഭരണം നേടിയതും പൊമ്പിളൈ ഒരുമൈയുടെ പിന്തുണയോടെയാണ്.ഫെബ്രുവരിയിലാണ് പൊമ്പിളൈ ഒരുമൈ തോട്ടം തൊഴിലാളി യൂണിയന്‍ രജിസ്റ്റര്‍ ചെയ്തത്. 3400 അംഗങ്ങള്‍ യൂണിയനില്‍ ഉണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്.
ട്രേഡ് യൂണിയന്‍ നേതാക്കളുടെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് മുന്നാറിലെ തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി 69 രൂപയായി ഉയര്‍ത്താന്‍ കഴിഞ്ഞത് പൊമ്പിളൈ ഒരുമൈയുടെ പോരാട്ടത്തിന്റെ ഫലമായാണെന്ന് പ്രസിഡന്റ് ലിസി സണ്ണിയും സ്ഥാനാര്‍ഥി ജെ.രാജേശ്വരിയും പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘടന മല്‍സരിക്കുന്നത് തടയുന്നതിനായി പല വിധ പ്രലോഭനങ്ങളുമായി മുന്നണികള്‍ രംഗത്തെത്തിയിരുന്നു.
മര്‍ദ്ദനത്തെയും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭീഷണിയും അതീജീവിച്ചാണ് സംഘടന വളര്‍ന്നത്. വനിതാ മുന്നേറ്റത്തെ പ്രബല രാഷ്ട്രീയ കക്ഷികള്‍ ശത്രുത മറന്ന് നേരിട്ടിട്ടും പൊമ്പിളൈ ഒരുമൈ തളര്‍ന്നില്ല. ദിവസക്കൂലി 500 രൂപയാക്കുക, തൊഴിലാളികള്‍ക്ക് അഞ്ചു സെന്റ് പട്ടയഭൂമിയും വീടും നല്‍കുക, മൂന്നാറിനെ ടൂറിസം സോണാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് മല്‍സര രംഗത്തിറങ്ങുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ശ്രീലത, ഇനിത, ബാസ്റ്റിന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പൊമ്പിളൈ ഒരുമൈയൂം എ.ഐ.എ.ഡി.എം.കെയും പിടിക്കുന്ന മൂന്നാറിലെ തോട്ടം മേഖലയിലെ വോട്ടുകള്‍ ദേവികുളത്തെ ഫലത്തെ ബാധിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാര്‍ ടൗണും തോട്ടം മേഖലയും അടങ്ങുന്ന തമിഴ് പ്രദേശത്തെ മേല്‍ക്കോയ്മയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്.രാജേന്ദ്രന് നേട്ടമുണ്ടാക്കിയത്. അതിനാല്‍ തന്നെ ഇത്തവണ പൊമ്പിളൈ ഒരുമൈ, എ.ഐ.എ.ഡി.എം.കെ സാന്നിധ്യം കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത് എല്‍.ഡി.എഫിനാണ്. 2006ല്‍ 5887 വോട്ടും 2011ല്‍ 4078 വോട്ടുമായിരുന്നു എസ്.രാജേന്ദ്രന്റെ ഭൂരിപക്ഷം.












Click it and Unblock the Notifications