ജനങ്ങളെ ഇരുട്ടിലാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം എൽഡിഎഫിനാണ്'; വിമർശിച്ച് സന്ദീപ് വാര്യർ
വൈദ്യുതി പ്രതിസന്ധിയിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ സന്ദീപ് വാര്യർ എംഎൽഎ. കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ച പിണറായി വിജയൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് ഈ ഇരുട്ടിന് യഥാർത്ഥ കാരണമെന്ന് സന്ദീപ് കുറ്റപ്പെടുത്തി. വർദ്ധിച്ചുവരുന്ന ഈ ആവശ്യകത മുൻകൂട്ടി കണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നതിൽ കഴിഞ്ഞ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ സോളാർ പദ്ധതികളും, സ്വകാര്യ കമ്പനികളുടെ നിക്ഷേപങ്ങളും, ജനങ്ങൾ സ്വന്തം പണം മുടക്കി മേൽക്കൂരകളിൽ സ്ഥാപിച്ച സോളാറുകളും മാറ്റിനിർത്തിയാൽ, കെ.എസ്.ഇ.ബി സ്വന്തം നിലയ്ക്ക് കഴിഞ്ഞ 10 വർഷം കൊണ്ട് നേരിട്ട് ഉത്പാദിപ്പിച്ചത് വെറും 204 മെഗാവാട്ട് വൈദ്യുതി മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.
'കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം, കേവലം 100 ദിവസം മുൻപ് മാത്രം അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ചിലർ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യമെന്താണ്?
കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ച പിണറായി വിജയൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് ഈ ഇരുട്ടിന് യഥാർത്ഥ കാരണം. വസ്തുതകളും കണക്കുകളും പരിശോധിച്ചാൽ ഇത് ആർക്കും വ്യക്തമാകും.

പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ ഭീമമായ വർദ്ധനവാണ് ഉണ്ടായത്. പീക്ക് ടൈം ഡിമാൻഡ് 3800 മെഗാവാട്ടിൽ നിന്ന് കുത്തനെ ഉയർന്ന് 5836 മെഗാവാട്ടിലെത്തി. അതായത് ഏകദേശം 2000 മെഗാവാട്ടിന്റെ അധിക ആവശ്യം. എന്നാൽ വർദ്ധിച്ചുവരുന്ന ഈ ആവശ്യകത മുൻകൂട്ടി കണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നതിൽ കഴിഞ്ഞ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ സോളാർ പദ്ധതികളും, സ്വകാര്യ കമ്പനികളുടെ നിക്ഷേപങ്ങളും, ജനങ്ങൾ സ്വന്തം പണം മുടക്കി മേൽക്കൂരകളിൽ സ്ഥാപിച്ച സോളാറുകളും മാറ്റിനിർത്തിയാൽ, കെ.എസ്.ഇ.ബി സ്വന്തം നിലയ്ക്ക് കഴിഞ്ഞ 10 വർഷം കൊണ്ട് നേരിട്ട് ഉത്പാദിപ്പിച്ചത് വെറും 204 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. ഉത്പാദന മേഖലയിൽ കഴിഞ്ഞ 10 വർഷം നടന്നത് വൻ മരവിപ്പായിരുന്നു.
ഉത്പാദനം കൂട്ടിയില്ല എന്നത് മാത്രമല്ല പിണറായി സർക്കാരിന്റെ വീഴ്ച. സംസ്ഥാനത്തിന് ഭാവിയിൽ കുറഞ്ഞ നിരക്കിൽ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനായി മുൻ ഉമ്മൻചാണ്ടി സർക്കാർ ദീർഘവീക്ഷണത്തോടെ ഒപ്പുവെച്ചിരുന്ന ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ (PPA) അനാവശ്യമായ സാങ്കേതിക കാരണങ്ങൾ നിരത്തി റദ്ദാക്കിയ നടപടിയാണ് ഇന്നത്തെ ഈ വലിയ പ്രതിസന്ധിക്ക് പ്രധാന കാരണം. തുച്ഛമായ വിലയ്ക്ക് കിട്ടുമായിരുന്ന ആ വൈദ്യുതി വേണ്ടെന്നുവെച്ചതോടെ, പവർ എക്സ്ചേഞ്ചുകളിൽ നിന്ന് കൊള്ളവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട ഗതികേടിലേക്ക് കെ.എസ്.ഇ.ബിയെയും കേരളത്തെയും അവർ തള്ളിവിട്ടു.
പത്ത് വർഷക്കാലം വൈദ്യുതി ഉത്പാദന മേഖലയിൽ ഒരു ചെറുവിരൽ പോലും അനക്കാതെ, ഉണ്ടായിരുന്ന ലാഭകരമായ കരാറുകൾ കൂടി റദ്ദാക്കി ഊർജ്ജ മേഖലയെ തകർത്തവർ ഇപ്പോൾ വെറും 100 ദിവസം മാത്രം പ്രായമുള്ള സർക്കാരിനെ പഴിചാരുന്നത് അപഹാസ്യമാണ്. നൂറു ദിവസത്തിനുള്ളിൽ ലോകത്തിലെ ഒരു സർക്കാരിനും പുതുതായി ഒരു വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കാനോ പുതുതായി ഒരു വൈദ്യുതി പദ്ധതി സൃഷ്ടിക്കാനോ സാധിക്കില്ല എന്നത് വ്യക്തമല്ലേ ?
ഒരു പതിറ്റാണ്ടിന്റെ ഭരണ പരാജയത്തിന്റെയും പിടിപ്പുകേടിന്റെയും ഫലമാണ് നാമിപ്പോൾ അനുഭവിക്കുന്നത്. ജനങ്ങളെ ഇരുട്ടിലാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം കഴിഞ്ഞ പത്തു വർഷം ഭരിച്ച ഇടത് സർക്കാരിന് മാത്രമാണ്. ഈ പ്രതിസന്ധികളെയും കടബാധ്യതകളെയും മറികടന്ന് കേരളത്തിന്റെ ഊർജ്ജ മേഖലയെ വീണ്ടും കാര്യക്ഷമമാക്കാൻ നിലവിലെ സർക്കാരിന് സാധിക്കുക തന്നെ ചെയ്യും', ഫേസ്ബുക്കിൽ സന്ദീപ് കുറിച്ചു.


Click it and Unblock the Notifications
