യുഡിഎഫ് അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു; അയിരൂരില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി
കോഴഞ്ചേരി: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടെ അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ബിജെപിയുടെ 4 അംഗങ്ങളില്‍ 3 പേര് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് സിപിഎമ്മിലെ തോമസ് തമ്പിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
യുഡിഎഫ് 6, എല്‍ഡിഎഫ് 6, ബിജെപി 4 എന്നിങ്ങനെയായിരുന്നു അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ കക്ഷിനില. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ നറുക്കെടുപ്പിലെ ഭരണം ലഭിച്ച സിപിഎം തോമസ് തമ്പിയെ പ്രസിഡന്റാക്കുകയായിരുന്നു. ഭരണ പരാജയം അരോപിച്ചാണ് യുഡിഎഫ് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
യുഡിഎഫ് അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങളായ പ്രദീപ് അയിരൂര്‍, ആനന്ദക്കുട്ടന്, സുലേഖ ചന്ദ്രശേഖരന് എന്നിവര്‍ അനുകൂലിക്കുകയായിരുന്നു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെകെ ഗോപിനാഥന് നായര്‍ ബാലറ്റ് പേപ്പര്‍ ഒപ്പിട്ട് വങ്ങിയെങ്കിലും ആര്‍ക്കും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ബിജെപി അംഗങ്ങള്‍ വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിരുന്നതായി പാര്‍ട്ടി ജില്ലാ നേതൃത്വം പറയുന്നുണ്ടെങ്കിലും വിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്.