എൽഡിഎഫ് വോട്ട് 46% ആയി ഉയർന്നു, യുഡിഎഫിന്റേത് 40 %ത്തിലേക്ക് വീണു, കണക്കുകൾ നിരത്തി എംബി രാജേഷ്
ഭരണകക്ഷിയായ യുഡിഎഫിന് ക്ഷീണമുണ്ടാക്കുന്ന ഫലമാണ് കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിലുണ്ടായത്. ചരിത്ര ഭൂരിപക്ഷത്തോടെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിലെ തിരിച്ചടി സർക്കാരിനെതിരെയുളള ജനവികാരമാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം.
തിരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിൽ 22 എണ്ണത്തിൽ നിന്ന് യുഡിഎഫ് നേട്ടം 19 ആയി കുറഞ്ഞു. അതേസമയം ഇടതുപക്ഷം 15 സീറ്റ് ഉണ്ടായിരുന്നത് 18 ആയി ഉയർത്തി. ഇടതുപക്ഷം ഇത് വലിയ ആഘോഷമാക്കുമ്പോൾ ഭരണപക്ഷം ഉയർത്തുന്ന പരിഹാസത്തിന് കണക്കുകൾ നിരത്തി മറുപടി നൽകിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റം അംഗം എംബി രാജേഷ്.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' രണ്ടോ മൂന്നോ സീറ്റ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികം ജയിച്ചത് ഇത്ര വലിയ നേട്ടമാണോ എന്നൊക്കെ കോൺഗ്രസ്, ലീഗ്, സൈബർ സംഘങ്ങൾ പരിഹസിക്കുന്നുണ്ട് . പരിഹാസവും തെറിവിളിയും നടന്നോട്ടെ. അതൊക്കെ ആര് കണക്കിലെടുക്കുന്നു? യാഥാർത്ഥത്തിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം ഇത്ര വലിയ കാര്യമാണോ? നോക്കാം.

ഈ തിരഞ്ഞെടുപ്പിൽ ആകെ വോട്ട് ചെയ്തത് 1,81,862 പേർ മാത്രമാണ്. ഏതാണ്ട് രണ്ട് ലക്ഷത്തോളം. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ 38 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. സീറ്റിന്റെ എണ്ണം മാത്രം നോക്കണ്ട. 1.81 ലക്ഷം പേർ വോട്ട് ചെയ്തതിൽ എൽഡിഎഫിന്റെ വോട്ട് ഷെയർ 46.80% വും യുഡിഎഫിന്റെ 40.49% വും ബിജെപിയുടെ 12.16% വും ആണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം പ്രവചിച്ച ഒരൊറ്റ സർവ്വേയിൽ പോലും 1.81 ലക്ഷം സാമ്പിൾ സൈസ് ഉണ്ടായിരുന്നില്ല എന്നതിൽ ആർക്കും സംശയമുണ്ടാവില്ലല്ലോ. ഇപ്പോൾ കേരളത്തിൻ്റെ തെക്കുമുതൽ വടക്കു വരെയുള്ള 1.81 ലക്ഷം വോട്ടർമാരെ സാമ്പിൾ സൈസ് ആയി എടുത്താൽ നാലു മാസത്തിനുള്ളിൽ എൽഡിഎഫ് വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 11% വർധിച്ച് 46% ൽ എത്തിയിരിക്കുന്നു. നാലുമാസം കഴിയുമ്പോൾ യുഡിഎഫ് വോട്ട് ഷെയർ 40% ആയി ഇടിഞ്ഞിരിക്കുന്നു. യുഡിഎഫിനേക്കാൾ എൽഡിഎഫിന്റെ വോട്ട് ഷെയർ 6% വർധിച്ചിരിക്കുന്നു.
എൽഡിഎഫിൻ്റെ അവസാന വർഷം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് മുൻതൂക്കം ലഭിച്ചപ്പോൾ യുഡിഎഫ് നേതാക്കളുടെ അന്നത്തെ പ്രസ്താവനകൾ ഒന്ന് വീണ്ടുമെടുത്തു വായിച്ചാൽ മതി. ജനവികാരം തങ്ങൾക്ക് അനുകൂലമാണ് എന്നായിരുന്നു ആ പ്രസ്താവനകളുടെ മുഴുവൻ അവകാശ വാദം. ഈ ജനവിധി ഇപ്പോഴത്തെ ജനവികാരത്തിന്റെ സൂചനയായി യുഡിഎഫ് അംഗീകരിക്കണമെന്ന് ഒരു നിർബന്ധവുമില്ല.അംഗീകരിക്കാതിരിക്കുന്നതു തന്നെയാണ് എന്തുകൊണ്ടും നല്ലതും. അവർ അംഗീകരിക്കാത്തതുകൊണ്ട് ഈ കണക്കുകൾ വസ്തുതയല്ലാതാകുന്നുമില്ല. അത്രയേയുള്ളൂ'.


Click it and Unblock the Notifications
