എല്‍ഡിഎഫ് തൂത്തുവാരുമെന്ന് വിഎസ്
ആലപ്പുഴ: ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പതിവ് പോലെ മകനും കുടുംബവും ഒപ്പമാണ് വിഎസ് വോട്ട് രേഖപ്പെടുത്താനെത്തിയത്. ആലപ്പുഴയിലെ സൗത്ത് പറവൂരിലെ സ്‌കൂളില്‍ ആയിരുന്നു വിഎസിന്റെ വോട്ട്. രാവിലെ 11 മണിയോടെ എത്തിയ വിഎസ് വോട്ട് രേഖപ്പെടുത്തി മടങ്ങി.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു വിഎസിന്റെ പ്രതികരണം. സംസ്ഥാനത്തെ 15 മണ്ഡലങ്ങളില്‍ താന്‍ പ്രചാരണത്തിന് പോയിട്ടുണ്ട് എന്നും അവിടെ നിന്നും ലഭിക്കുന്ന ജനപിന്തുണ വ്യക്തമാക്കുന്നത് ഇടതുപക്ഷം മികച്ച വിജയം സ്വന്തമാക്കും എന്നാണെന്നും വിഎസ് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ ഏറ്റവും അധികം അതിക്രമങ്ങള്‍ നടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഏറ്റവും അധികം അഴിമതി നടന്നതും കോണ്‍ഗ്രസിന്റെ ഭരണത്തിലാണ്. ജനങ്ങള്‍ ഇതിനോട് പ്രതികരിക്കും - വിഎസ് പറഞ്ഞു.
വോട്ട് ചെയ്ത് പുറത്തേക്ക് വന്ന വിഎസിനെ ചാനല്‍ സംഘങ്ങള്‍ വളഞ്ഞു. ഇത് വിഎസിനോടൊപ്പം ഉണ്ടായിരുന്നവരെ ചെറിയ രീതിയില്‍ ചൊടിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications