'കിംഗിന്റെ' ഏറ്റവും അടുത്ത ആളല്ലേ പ്രതിപക്ഷ നേതാവ്, ചോദിച്ച് മനസിലാക്കട്ടെ; ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍
തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രാജാവിനോട് ഉപമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളോടുള്ള മറുപടിയായിട്ടായിരുന്നു ഗവര്‍ണറുടെ പരിഹാസം.
പ്രതിപക്ഷ നേതാവ് കിംഗിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലറായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'അദ്ദേഹം (പ്രതിപക്ഷ നേതാവ്) സര്‍ക്കാരുമായി വളരെ അടുത്ത് നില്‍ക്കുന്ന വ്യക്തിയാണ്. രാജാവിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നയാള്‍ക്ക് അതെല്ലാം പരിശോധിക്കാം. രാജാവിനോട് നേരിട്ട് ചോദിച്ച് തന്നെ അത് മനസിലാക്കാം,' ഗവര്‍ണര്‍ പരിഹസിച്ചു.
രാജ്യത്തിന്റെ സല്‍പേരിനെ ബാധിക്കുന്നതൊന്നും താന്‍ പറയില്ലെന്നും തന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'മര്യാദ കാരണം ഒന്നും പറയുന്നില്ല. രാഷ്ട്രത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്,' ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
നേരത്തെ ചാന്‍സലര്‍ പദവിയൊഴിയുകയാണെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കണ്ണൂര്‍, കാലടി സര്‍വകാലശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഗവര്‍ണര്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു.
സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് തന്റെ ഓഫീസിന് നിര്‍ദേശം നല്‍കിയെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തത്.
അതേസമയം ഗവര്‍ണറുടെ നിലപാടിനെതിരെ ഇന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'നിയമവിരുദ്ധമെന്ന് പറഞ്ഞ കാര്യം നിയമവിധേയമാക്കില്ലെന്ന് പറഞ്ഞതിനാണ് ഗവര്‍ണറെ വിമര്‍ശിച്ചത്. വി.സി നിയമനം തെറ്റായ കീഴ്വഴക്കമാണെന്ന് പറഞ്ഞ ഗവര്‍ണര്‍, വി.സിയെ പുറത്താക്കാന്‍ തയ്യാറാകണമായിരുന്നു,' പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണറുടെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങളില്‍ ഗവര്‍ണര്‍ തന്നെ വെളിപ്പെടുത്തല്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിനാകെ അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിച്ചു എന്ന ഗവര്‍ണര്‍ ആരോപിക്കുമ്പോഴും മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
അപകടകരമായ മൗനമാണ് മുഖ്യമന്ത്രിയുടേത് എന്നാണ് ചെന്നിത്തല പറഞ്ഞത്.
അതേസമയം ഗവര്‍ണര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ സംസ്ഥാനത്തെ 13 സര്‍വകലാശാലകള്‍ക്ക് ചാന്‍സലര്‍ ഇല്ലാത്ത അവസ്ഥയാണ്. ചാന്‍സലര്‍ തീരുമാനമെടുക്കേണ്ട ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ് ഗവര്‍ണര്‍.












Click it and Unblock the Notifications