ലീഗ് യുഡിഎഫില്‍ തന്നെ; കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രമില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗിന്റെ മുന്നണി മാറ്റ ആഭ്യൂഹങ്ങള്‍ക്കിടെ യു ഡി എഫില്‍ ഉറച്ച് നില്‍ക്കുമെന്ന് വ്യക്തമാക്കി പികെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം മുസ്ലീം ലീഗിനില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. മുസ്ലീം ലീഗ് യു ഡി എഫ് മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. പ്രശംസകള്‍ വിഷയാടിസ്ഥാനത്തിലാണ് പാര്‍ട്ടി കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിനെ പ്രശംസിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലീഗ് നേതാവ്.
പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് മുസ്ലീം ലീഗാണ്. മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്. എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ട്.അനുകൂലിക്കേണ്ടപ്പോൾ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാറും ഗവർണ്ണറും തമ്മിലുള്ള വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. വിഷയത്തിന്റെ മെറിറ്റിന് അനുസരിച്ചുള്ള നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. അതിൽ മുന്നണി പ്രശ്നം ഇല്ല. വഹാബ് വിശദീകരണം നല്‍കിയതോടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുൽ വഹാബിന്റെ പരാമർശം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും. ഇടക്കാലത്തെ അലംഭാവമാണ് വിഷയം സങ്കീര്‍ണമാക്കിയത്. സര്‍ക്കാര്‍ വരുത്തിയ ഈ വീഴ്ചകള്‍ക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്. ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന ഈ നിർദേശത്തിനെതിരെ ഇനിയെങ്കിലും സമയബന്ധിതമായി പ്രവര്‍ത്തിക്കണം. പ്രസ്താവനകള്‍ കൊണ്ടുമാത്രം ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ബഫർ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മുസ്ലീം ലീഗിനെ പ്രശംസിച്ചുകൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയത്. യു ഡി എഫിന്റെ കരുത്ത് മുസ്ലിം ലീഗ് ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. യു ഡി എഫിന്റെ കരുത്തായി ലീഗ് നില്‍ക്കുമ്പോള്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയെങ്കില്‍ അതില്‍ പരാമര്‍ശങ്ങളുണ്ടാകും. അതാണ് എല്‍ഡിഎഫ് നടത്തിയത്. ആ പരാമര്‍ശത്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.












Click it and Unblock the Notifications