ഉടന്‍ ഇന്ത്യ വിടണം: കൊയിലാണ്ടിക്കാരന്‍ ഹംസ ഉള്‍പ്പെടെ കോഴിക്കോട് 3 പേർക്ക് നോട്ടീസ്
കോഴിക്കോട്: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് താമസിക്കുന്ന പാകിസ്താന്‍ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ നിർദേശിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച നടപടികള്‍ കർശനമാക്കാന്‍ ആഭ്യന്തര മന്ത്രി സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തില്‍ താമസിക്കുന്ന പാകിസ്താന്‍ പൗരന്മാർക്കും പൊലീസ് നോട്ടീസ് അയച്ചു തുടങ്ങി.
കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാകിസ്താൻ പൗരത്വമുള്ള മൂന്ന് വ്യക്തികൾക്കാണ് ഇന്ത്യ വിടണമെന്ന് വ്യക്താക്കിക്കൊണ്ട് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. കൊയിലാണ്ടി സ്വദേശി ഹംസ, വടകരയിൽ താമസിക്കുന്ന ഖമറുന്നിസ, അവരുടെ സഹോദരി അസ്മ എന്നിവർക്കാണ് ഏപ്രിൽ 27-നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്.

നോട്ടീസ് ലഭിച്ചവർ വിവാഹം, ബിസിനസ് തുടങ്ങിയ കാരണങ്ങളാൽ പാകിസ്താൻ പൗരത്വം സ്വീകരിച്ചവരാണ്. ഖമറുന്നിസയുടെ കുടുംബം 1993-ൽ കറാച്ചിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി, പിന്നീട് 2022-ൽ വടകരയിലേക്ക് താമസം മാറ്റി. അസ്മ ചൊക്ലിയിലാണ് താമസം. 2024-ല്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.
കൊയിലാണ്ടി സ്വദേശിയായ ഹംസ ജനിച്ചത് കേരളത്തിലാണെങ്കില്‍ 1965 ല്‍ ജോലി തേടിപ്പോയ യാത്ര എത്തി നിന്നത് അന്ന് കിഴക്കന്‍ പാകിസ്താനായിരുന്ന ഇന്നത്തെ ബംഗ്ലാദേശിലാണ്. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ല്‍ നാട്ടിലേക്ക് വരാന്‍ പാസ്‌പോര്‍ട്ട് ആവശ്യമായി വന്നപ്പോള്‍ ഹംസ പാക് പൗരത്വം സ്വീകരിച്ചു.2007ല്‍ കച്ചവടം അവസാനിപ്പിച്ച് കേരളത്തില്‍ എത്തിയ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്നുള്ള മറുപടി ലഭിച്ചത് അല്ലാതെ വേറെ നടപടിക്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഹംസ ഇപ്പോള്‍ മക്കള്‍ക്കും കുടുംബത്തിനും ഒപ്പമാണ് ഇപ്പോള്‍ കൊയിലാണ്ടിയില്‍ താമസിക്കുന്നത്. പിറന്ന മണ്ണിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹംസ പറയുന്നു. ഹൃദ്രോഗിയായതിനാൽ വീടിന് പുറത്തേക്ക് പോലും ഒറ്റക്ക് പോകാൻ കഴിയില്ല. പിന്നെങ്ങനെ പാകിസ്താനിലേക്ക് പോകുമെന്നുമാണ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ അഭിപ്രായം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ഹംസ ചോദിക്കുന്നത്. നിലവില്‍ 2 വർഷം താമസിക്കാനുളള അനുമതി ലഭിച്ച രേഖകളാണ് ഹംസയുടെ കൈവശമുള്ളത്.
ഇന്ത്യയിൽ തുടരാൻ ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ പോലീസ് നോട്ടീസ് നൽകുകയായിരുന്നു. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേരളത്തിൽ ആകെ 104 പാകിസ്താൻ പൗരന്മാർ താമസിക്കുന്നുവെന്നാണ് പോലീസ് രേഖകൾ. ഇതിൽ 45 പേർക്ക് ദീർഘകാല വിസയുണ്ട്, 55 പേർ വിനോദസഞ്ചാര വിസയിലും മൂന്ന് പേർ മെഡിക്കൽ വിസയിലുമാണ്. ദീർഘകാല വിസയുള്ളവർക്ക്, പ്രധാനമായും കേരളീയരെ വിവാഹം ചെയ്തവർക്ക്, ഈ ഉത്തരവ് ബാധകമായിരിക്കില്ല.
26 പേരെ ക്രുരമായി കൊലപ്പെടുത്തിയ പഹല്‍ഗ്രാം തീവ്രവാദി ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, ഏപ്രിൽ 27-നകം എല്ലാ പാകിസ്താൻ പൗരന്മാരും രാജ്യം വിടണം. മെഡിക്കൽ വിസയിൽ എത്തിയവർക്ക് ഏപ്രിൽ 29 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം റെസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ്) എന്ന സംഘടന ഏറ്റെടുത്തിരുന്നു. ഇന്ത്യയുടെ നടപടികൾക്കെതിരെ പാകിസ്താൻ വ്യോമപാത അടയ്ക്കുക, വ്യാപാരം നിർത്തിവയ്ക്കുക, വാഗാ അതിർത്തി അടയ്ക്കുക, ഷിംല കരാറില്‍ നിന്നും പിന്മാറുക തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications