ഇനി അല്‍പം മ്യൂസിക്കും കോമഡിയുമാകാം; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ എല്‍ഇഡി ടിവികള്‍
കൊച്ചി: കെഎസ്ആര്‍ടിസി ബസുകൡലെ മുഷിഞ്ഞ യാത്ര പഴങ്കഥയാകുകയാണോ? കാലഘട്ടത്തിന് അനുസരിച്ച് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി സ്വിഫ്റ്റ് ബസുകളില്‍ എല്‍ഇഡി ടിവികള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. കോമഡി ക്ലിപ്പുകളും പാട്ടുകളുമാണ് യാത്രക്കാര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നത്. ഒരു വിനോദ സഞ്ചാരം പോലെ ദീര്‍ഘദൂര യാത്രകള്‍ ആസ്വദിക്കാനാകും വിധമാണ് ക്രമീകരണം. വരുമാന വര്‍ധനയ്ക്കും ഈ നീക്കം ഉപകരിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, പ്രീമിയം എസി സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ ഉയര്‍ന്ന ക്ലാസ് ബസുകളിലാണ് ടിവി ഘടിപ്പിക്കുന്നത്. രണ്ട് എല്‍ഇഡി ടിവികളാണ് സ്ഥാപിക്കുന്നത്. അതുവഴി എല്ലാ യാത്രക്കാര്‍ക്കും തടസമില്ലാതെ ടിവി കാണാന്‍ കഴിയും. ടിവിയിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി കൂടുതല്‍ വരുമാനവും നേടാം. ഇതുകൂടാതെ യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈയും നല്‍കും. ഇങ്ങനെ നഷ്ടത്തില്‍ കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യം.

'തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളില്‍ എല്‍ഇഡി ടിവികള്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പരസ്യ ദാതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റിലും ഉയര്‍ന്ന വിഭാഗത്തിലുള്ള ബസുകളിലും എല്‍ഇഡി ടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന എല്ലാ പുതിയ സ്വിഫ്റ്റ് ബസുകളിലും ഈ സൗകര്യം ഉണ്ടായിരിക്കും' - കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
386 സ്വിഫ്റ്റ് ബസുകളിലാണ് ടിവികള്‍ ഘടിപ്പിച്ചിരിക്കാനൊരുങ്ങുന്നത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ലിമിറ്റഡ് ക്ഷണിച്ചുകഴിഞ്ഞു. സൗജന്യ വൈഫൈ സേവനങ്ങള്‍ ആദ്യം 13 പ്രീമിയം എസി സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് അവതരിപ്പിക്കുക, തുടര്‍ന്ന് മറ്റ് ഉയര്‍ന്ന ക്ലാസ് ബസുകളിലേക്ക് വ്യാപിപ്പിക്കും. ഇങ്ങനെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതു വഴി പൊതു ഗതാഗതം പ്രോല്‍സാഹിപ്പിക്കാനും ഈ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.












Click it and Unblock the Notifications